
കണ്ണീരിലും കരവിരുതിന്റെ തിളക്കം
Posted on: 16 Mar 2012
എ.കെ. ജയപ്രകാശ്

കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ് ജെയിംസ്. വനം ജെയിംസിന് പ്രിയപ്പെട്ടതാണ്. ഒറ്റയ്ക്ക് വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന വള്ളിയും വേരുമെല്ലാമാണ് പിന്നീട് സര്‍ഗസൃഷ്ടികളായി പുറത്തുവരുന്നത്.
മുളയുടെ വേരുമുതല്‍ കൂമ്പ് വരെ ഉപയോഗിച്ച് വ്യത്യസ്ത കരകൗശല വസ്തുക്കളാണ് ഇയാള്‍ ഉണ്ടാക്കിയിട്ടുള്ളത്. തേങ്ങ, ചിരട്ട, മടല്‍, ഓല എന്നിവയെല്ലാം കരകൗശലത്തിന്റെ കലവറയാണെന്നാണ് ജെയിംസ് പറയുന്നത്.ഒരു ചൂരലിന്റെ രണ്ടരമീറ്റര്‍ നീളമുള്ള നാരുകൊണ്ടാണ് ചൊട്ടിന്റെ വലിപ്പമുള്ള കൊട്ട നെയ്‌തെടുത്തത്. തലമുടി നാരിന്റെ വലിപ്പമുള്ള നാര് ഉപയോഗിച്ച് വളരെ സൂക്ഷ്മമായി നെയ്‌തെടുക്കാന്‍ ആറുമാസത്തിലേറെ വേണ്ടിവന്നു.
കടുകുമണിയുടെ പകുതിയില്‍ താഴെ വലിപ്പമുള്ള ചിരട്ട മോതിരം മൂന്നുമാസം കൊണ്ടാണ് കൊത്തിയെടുത്തത്. സൂക്ഷ്മമായി നോക്കിയാലേ കാണാന്‍ പറ്റൂ. നിലത്തുവീണാല്‍ കണ്ടുകിട്ടുക അസാധ്യം. അതുകൊണ്ട് പഞ്ഞിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.

നിരവധി പുരസ്‌കാരങ്ങളും ജെയിംസിനെ തേടിയെത്തിയിട്ടുണ്ട്. 99ല്‍ നെഹ്‌റു യുവകേന്ദ്ര വഴി ലക്‌നൗവില്‍ നടന്ന ദേശീയ യുവജനോത്സവത്തില്‍ വേരുകൊണ്ടുള്ള സാധനങ്ങളുമായി പങ്കെടുത്തു. 2000ല്‍ ഗുജറാത്ത് നെഹ്‌റു യുവകേന്ദ്രയുടെ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് ലഭിച്ചു. 2001ലും 2003ലും മികച്ച സ്റ്റാളിന് ഡല്‍ഹിയില്‍ നിന്ന് അവാര്‍ഡ് കിട്ടി.
2002ല്‍ മധുരയില്‍ കേന്ദ്ര കരകൗശല വികസനമന്ത്രാലയം സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഏറ്റവും നല്ല കരകൗശല വസ്തു ഉണ്ടാക്കിയതിന് സ്വര്‍ണമെഡല്‍ ജെയിംസിനായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് മനോഹരമായ പഴക്കൂടാണ് നെയ്‌തെടുത്തത്. സമ്മാനമായികിട്ടിയ രണ്ട് ഗ്രാമിന്റെ സ്വര്‍ണമെഡല്‍ പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ വില്‍ക്കേണ്ടിവന്നു. പെരിയാര്‍വാലി കനാലിന്റെ പുറമ്പോക്കില്‍ കെട്ടിയ കൂരയിലാണ് ഈ കലാകാരന്റെ താമസം. ഭാര്യ മറിയക്കുട്ടിയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് ജെയിംസിന്റെ കുടുംബം.
