കൊല്ലപ്പെട്ടവരില്‍ 18 വിദേശികള്‍

Posted on: 30 Nov 2008

പി.സി. മാത്യു



മുംബൈ: ഭീകരാക്രമണത്തില്‍ 18 വിദേശികളാണ് കൊല്ലപ്പെട്ടതെന്നും അവരില്‍ 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പറഞ്ഞു. എന്നാല്‍ 22ലേറെ വിദേശികള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
മൂന്ന് ജര്‍മന്‍കാര്‍, മൂന്ന് ഇസ്രായേലുകാര്‍, രണ്ട് കാനഡക്കാര്‍, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇറ്റലി, ചൈന എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് ആക്രമണത്തില്‍ മരിച്ചതെന്ന് ദേശ്മുഖ് പറഞ്ഞു. എന്നാല്‍, അമേരിക്കയില്‍നിന്നുള്ള അച്ഛനും മകളുമടക്കം അഞ്ചുപേര്‍ മരിച്ചതായി യു.എസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫാഷന്‍ സ്ഥാപന ഉടമയും ഭര്‍ത്താവും മരിച്ചതായി ഫ്രഞ്ച് സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ വിര്‍ജീനിയയില്‍നിന്നുള്ള അലന്‍ ഷെര്‍ (58) മകള്‍ നവേമി ഷെര്‍ (13) എന്നിവര്‍ കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചു. ആത്മീയ സംഘടനയായ സിംക്രണൈസിറ്റി ഫൗണ്ടേഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ ട്രൈഡന്റ് ഹോട്ടലിലുണ്ടായ ആക്രമണത്തിലാണ് മരിച്ചത് . ഫ്രഞ്ച് അടിവസ്ത്ര ബ്രാന്‍ഡായ പ്രിന്‍സസ് ടാം ടാമിന്റെ ഉടമ ലൗമിയ ഹിറിദ്യീയും ഭര്‍ത്താവ് മൗരദ് അമാര്‍സിയും കൊല്ലപ്പെട്ടതായി ഫ്രഞ്ച് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയിലെ ജൂതര്‍ക്കിടയില്‍ പുരോഹിതനായിരുന്ന ഗവ്‌റിയേല്‍ നോവാക് ഹോറ്റ്‌സ്ബര്‍ഗിന്റെയും ഭാര്യ റിവ്കയുടെയും മരണവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സൈപ്രസ്-ബ്രിട്ടീഷ് പൗരന്‍ ആന്ദ്രെ ലിവാറെസ്, കാനഡയില്‍നിന്നുള്ള ഡോക്ടര്‍ മൈക്കല്‍ മോസ്, ഓസ്‌ട്രേലിയക്കാരായ ഡൗഗ് മാര്‍ക്കെല്‍, ബ്രെറ്റ് ടെയ്‌ലര്‍ എന്നിവര്‍ ആക്രമണത്തില്‍ മരിച്ചവരില്‍പ്പെടുന്നു.





MathrubhumiMatrimonial