കര്‍ക്കരെയെ വധിച്ചത് കാസര്‍

Posted on: 30 Nov 2008

സി.കെ. സന്തോഷ്‌



മുംബൈ: മുംബൈ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണെന്ന് ദൃക്‌സാക്ഷിയായ പോലീസുകാരന്‍ വെളിപ്പെടുത്തി. പിടിയിലായ ഏക ഭീകരന്‍ മുഹമ്മദ് അജ്മല്‍ കാസറാണ് കര്‍ക്കരെയെ വധിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

കര്‍ക്കരെയോടൊപ്പം സഞ്ചരിച്ചിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ അരുണ്‍ ജാദവിന്‍േറതാണ് വെളിപ്പെടുത്തല്‍. കര്‍ക്കരെ, മുംബൈ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനായി അറിയപ്പെട്ടിരുന്ന വിജയ് സലാസ്‌കര്‍, അഡീഷണല്‍ കമ്മീഷണര്‍ അശോക് കാംതെ എന്നിവരും ജാദവടക്കം നാലു കോണ്‍സ്റ്റബിള്‍മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ജാദവ് ഒഴികെ മറ്റുള്ളവരെല്ലാം വെടിവെപ്പില്‍ മരിച്ചു. വലതുകൈയില്‍ രണ്ടു വെടിയുണ്ടകളേറ്റ ജാദവ് ഇപ്പോള്‍ ബോംബെ ഹോസ്​പിറ്റലില്‍ ചികിത്സയിലാണ്. കര്‍ക്കരെയും മറ്റും സഞ്ചരിച്ച ഈ വാഹനമാണ് വെടിവെപ്പിനുശേഷം ഭീകരര്‍ റാഞ്ചിയത്.

സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാമ ഹോസ്​പിറ്റലിലേക്ക് കര്‍ക്കരെയെയും സംഘത്തെയും വഹിച്ചു നീങ്ങിയ 'ടയോട്ട ക്വാളിസ്' വാഹനമാണ് ഭീകരര്‍ റാഞ്ചിയതെന്ന് ജാദവ് പറഞ്ഞു. കാമ ഹോസ്​പിറ്റലിലെ ഏറ്റുമുട്ടലില്‍ ഒരു സഹപ്രവര്‍ത്തകനു പരിക്കേറ്റതറിഞ്ഞ് അങ്ങോട്ട് തിരിച്ചതായിരുന്നു സംഘം.

അഞ്ചു മിനിറ്റു സഞ്ചരിച്ചപ്പോള്‍ രണ്ടു ഭീകരര്‍ ഒരു മരത്തിനു പിന്നില്‍നിന്നു ചാടിവീണ് വാഹനത്തിനു നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പിന്നീട് കര്‍ക്കരെ, സലാസ്‌കര്‍, കാംതെ എന്നിവരുടെ മൃതദേഹങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം ഭീകരര്‍ പോലീസ് വാഹനത്തില്‍ക്കയറി മെട്രോ ജങ്ഷനിലേക്ക് പോയി. മൂന്നു പോലീസുകാരുടെ ജഡങ്ങളും വെടിയേറ്റ ജാദവും അപ്പോഴും വാഹനത്തിലുണ്ടായിരുന്നു. താനും ജഡമായെന്നാണ് ഭീകരര്‍ ധരിച്ചതെന്ന് ജാദവ് പറയുന്നു.മെട്രോ ജങ്ഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസ് വാനുകള്‍ക്കും നേരെ വെടിവെച്ചശേഷം ഭീകരര്‍ വിധാന്‍ ഭവനിലേക്ക് വാഹനമോടിച്ചു. വിധാന്‍ ഭവനു സമീപം വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഭീകരര്‍ ഇറങ്ങിയോടി മറ്റൊരു വാഹനത്തില്‍ക്കയറി. തുടര്‍ന്ന് ജാദവ് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയാണുണ്ടായത്. കര്‍ക്കരെയുടെയും മറ്റും മരണം പോലീസ് അറിയുന്നത് അങ്ങനെയാണ്.

അതേസമയം, മൂന്നു ദിവസത്തെ ആക്രമണങ്ങള്‍ നടത്തിയ ഭീകരരില്‍ സേനയ്ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിച്ച ഏക വ്യക്തി മുഹമ്മദ് അജ്മല്‍ അമീര്‍ കാസര്‍ ആണ് കര്‍ക്കരെയെയും സലാസ്‌കറെയും മറ്റും വെടിവെച്ചുകൊന്ന രണ്ട് പേരിലൊരാളെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാമനായ ഇസ്മായില്‍ഖാന്‍ പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഇവര്‍ പറഞ്ഞു. സി.എസ്.ടി.റെയില്‍വേ സ്റ്റേഷനില്‍ ആദ്യ വെടിവെപ്പ് നടത്തിയ അജ്മലും ഇസ്മായിലുമാണെന്നും പോലീസ്‌വൃത്തങ്ങള്‍ വെളിപ്പെടുത്തി.




MathrubhumiMatrimonial