ഭീകരരുടെ വെടിയേറ്റ ഏറാമലയിലെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

Posted on: 29 Nov 2008

എം.പി. സൂര്യദാസ്‌



കോഴിക്കോട്: മുംബൈയില്‍ ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റ ഫ്രഞ്ച് കപ്പലിലെ ക്രൂയിസ് ഡയറക്ടര്‍ വടകര ഏറാമല സ്വദേശി രമേശ് ചെറുവത്ത് (40) അദ്ഭുതകരമായി രക്ഷപ്പെട്ടു.

താജ്‌ഹോട്ടലില്‍ തന്റെ മേലുദ്യോഗസ്ഥന്‍ ഗ്രീക്ക് സ്വദേശി ആന്‍ഡ്രൂ ലിവാറിസിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് രമേശിനും ആന്‍ഡ്രൂ ലിവാറിസിനും വെടിയേറ്റത്. വെടിയേറ്റ ആന്‍ഡ്രൂ സംഭവസ്ഥലത്തുതന്നെ മരിച്ചു. തോളിനും പുറത്തുമാണ് രമേശിന് വെടിയേറ്റത്. പുറത്തെ പരിക്ക് സാരമുള്ളതല്ല. രക്തം വാര്‍ന്നൊഴുകി നാലുമണിക്കൂര്‍ ഹോട്ടലില്‍ ഒളിച്ചു കഴിഞ്ഞശേഷം രക്ഷാപ്രവര്‍ത്തകരാണ് രമേശിനെ മോചിപ്പിച്ചത്. ആദ്യം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച രമേശ് ഇപ്പോള്‍ ബോംബെയില്‍ വിദഗ്ദ്ധ ചികിത്സയിലാണ്.

ഫ്രാന്‍സിലെ ലിവാറസ് യോട്‌സ് എന്ന കമ്പനിയുടെ ലക്ഷ്വറി കപ്പലില്‍ ക്രൂയിസ് ഡയറക്ടറാണ് രമേശന്‍. ഇംഗ്ലണ്ടില്‍നിന്ന് കപ്പല്‍ മുംബൈയില്‍ എത്തിയതായിരുന്നു. രമേശും കപ്പലിലെ ഏഴ് സഹപ്രവര്‍ത്തകരും ഭക്ഷണം കഴിക്കാന്‍ താജില്‍ എത്തിയപ്പോഴാണ് ഭീകരാക്രമണം തുടങ്ങുന്നത്. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്കി കാത്തിരിക്കുമ്പോള്‍ നിനച്ചിരിക്കാതെയാണ് ഭീകരര്‍ നിറയൊഴിച്ചത്. ദേഹത്ത് നാല് വെടിയുണ്ടകളേറ്റ് ആന്‍ഡ്രൂ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. വെടിയേറ്റ രമേശിനെയും മറ്റു സഹപ്രവര്‍ത്തകരെയും ഹോട്ടല്‍ ജീവനക്കാര്‍ അടുക്കളയിലേക്ക് കടത്തിവിട്ട് രക്ഷിക്കുകയായിരുന്നുവെന്ന് ഭാര്യ ജയശ്രീ പറഞ്ഞു. രമേശിന് വെടിയേറ്റ വിവരമറിഞ്ഞ് ബന്ധുക്കളോടൊപ്പം മുംബൈയിലെത്തിയതാണ് ഇരിങ്ങണ്ണൂരിലെ കിഴക്കേടത്ത് വീട്ടില്‍ ജയശ്രീ.

രമേശിന്റെ തോളില്‍ മാത്രമാണ് വെടിയുണ്ട തുളച്ചുകയറിയത്. ഇത് നീക്കം ചെയ്തിട്ടുണ്ട്. പുറത്ത് പരിക്കുമാത്രമേയുള്ളൂ. ബോംബെ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമേശ് ഇപ്പോള്‍ അപകടനില തരണംചെയെ്തന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജയശ്രീ പറഞ്ഞു.



MathrubhumiMatrimonial