യുദ്ധഭൂമിയായി 'താജ്'

Posted on: 28 Nov 2008


മുംബൈ: രണ്ട് ബോംബ് സേ്ഫാടനങ്ങളെ അതിജീവിച്ചശേഷമാണ് 'താജ്മഹല്‍' ഹോട്ടല്‍ ഇപ്പോള്‍ മൂന്നാമത്തെ ബോംബ് സേ്ഫാടനത്തിന് ഇരയായത്. ചരിത്രപ്രാധാന്യമുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപം കൊളാബയില്‍ മകുടങ്ങളുമായി ഉയര്‍ന്നുനില്‍ക്കുന്ന മനോഹരസൗധത്തിനു മുകളില്‍ അഗ്നി പടര്‍ന്നുപിടിച്ചപ്പോള്‍ നഗരം നൊമ്പരപ്പെട്ടു. പൗരാണിക പട്ടികയിലുള്ള താജ് 1993ലെ ബോംബ് സേ്ഫാടന പരമ്പരയെയും 2003ലെ ഗേറ്റ് വേ ഓഫ് ഇന്ത്യ സേ്ഫാടനത്തെയും അതിജീവിച്ചതാണ്. അന്ന് ഹോട്ടലിനടുത്തു മാത്രമാണ് ബോംബുകള്‍ പൊട്ടിയത്. ഇപ്പോള്‍ ഭീകരവാദികള്‍ ഹോട്ടലിനകത്തേക്ക് ഗ്രനേഡുകള്‍ തുടരെ വലിച്ചെറിയുകയാണുണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തു നടന്ന ബുധനാഴ്ചത്തെ ഏറ്റുമുട്ടലിനിടെ ഒരു യുദ്ധഭൂമിയുടെ പ്രതീതിയായിരുന്നു 'താജി'ല്‍.

ഇന്ത്യയുടെ 'ഉരുക്കുമനുഷ്യ'നായി അറിയപ്പെടുന്ന ജാംഷെഡ്ജി ടാറ്റയാണ് താജ് ഹോട്ടലിന്റെ സ്ഥാപകന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലായ വാട്‌സണില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ ജാംഷെഡ്ജിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു 'താജ്'.

താജിനെ അതിന്റെ പഴയ ഗരിമയിലേക്കു മടക്കിക്കൊണ്ടുവരുമെന്ന് ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് 'ഇന്ത്യന്‍ ഹോട്ടല്‍സ്' അറിയിച്ചു.




MathrubhumiMatrimonial