ഭീകരര്‍ തേടിയത് അമേരിക്കക്കാരെയും ബ്രിട്ടീഷുകാരെയും

Posted on: 28 Nov 2008


മുംബൈ: ഭീകരപ്രവര്‍ത്തകര്‍ ആദ്യം തിരഞ്ഞത് ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും. ആക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇവരെ തിരഞ്ഞുപിടിച്ചായിരുന്നു വെടിവെപ്പ്.

ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ (ഐ.പി.എല്‍.) പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്ന ബ്രിട്ടീഷുകാരന്‍ അലക്‌സ് ചേംബര്‍ ലെയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഹോട്ടല്‍ ഒബ്‌റോയിയില്‍ ഭീകരവാദികളുടെ കരങ്ങളില്‍നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് അദ്ദേഹം. വെടിവെപ്പിന്റെ ശബ്ദം കേട്ടപ്പോള്‍ത്തന്നെ ചേംബര്‍ ലെയ്‌നും കൂട്ടരും അടുക്കളയില്‍ കയറി ഒളിച്ചു. ഒരു വെയ്റ്റര്‍ വെടിയേറ്റുവീഴുന്നതായി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരെക്കുറിച്ചും അമേരിക്കക്കാരെക്കുറിച്ചുമാണ് ഭീകരവാദികള്‍ സംസാരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളോട് കൈ ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യപ്പെട്ട അവര്‍ ആരൊക്കെയാണ് ബ്രിട്ടീഷുകാരെന്നും അമേരിക്കക്കാരെന്നും അന്വേഷിക്കുകയും ചെയ്തു. ഇന്ത്യന്‍ സുഹൃത്ത് തന്നോട് പറഞ്ഞത് ഇറ്റലിക്കാരനാണെന്നു പറയാനാണ്. 18-ാം നിലയിലേക്ക് താന്‍ മാറിയപ്പോള്‍ ഒരു തോക്കുധാരി തന്റെ പിന്നിലുണ്ടായിരുന്നു. ഭാഗ്യത്തിന് അയാള്‍ തന്നെ കണ്ടില്ല- അദ്ദേഹം പറഞ്ഞു.




MathrubhumiMatrimonial