
സി.എസ്.ടി. സ്റ്റേഷന്‍ യുദ്ധക്കളം പോലെയായി
Posted on: 28 Nov 2008
മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന് സാക്ഷിയായ മാതൃഭൂമി ലേഖകന്‍ എന്‍. ശ്രീജിത്ത് എഴുതുന്നു

സ്റ്റേഷനില്‍ എന്താണ് നടക്കുന്നതെന്ന് ആദ്യം ആര്‍ക്കും പിടികിട്ടിയില്ല. രണ്ട് ഗുണ്ടകള്‍ പരസ്പരം വെടിവെക്കുന്നു എന്നാണ് അവിടെനിന്നും ഓടി പുറത്തെത്തിയവര്‍ പറഞ്ഞത്. എന്നാല്‍, വെടിവെപ്പ് നടത്തിയത് ഭീകരരാണെന്നും യാത്രക്കാരാണ് ലക്ഷ്യമെന്നും അറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി.
സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 12നും 13നും ഇടയില്‍ നിന്നാണ് രണ്ട് ഭീകരപ്രവര്‍ത്തകര്‍ വെടിവെപ്പ് തുടങ്ങിയത്. ഇവിടെ മെയില്‍ എക്സ്പ്രസ് വണ്ടികള്‍ക്കായി കാത്തിരുന്നവര്‍ക്കു നേരെയാണ് ഇവര്‍ എ.കെ. 47 ഉപയോഗിച്ച് തുരുതുരാ വെടിയുതിര്‍ത്തത്. അവിടെനിന്ന് ഒരാള്‍ റിസര്‍വേഷന്‍ കെട്ടിടത്തിനു മുന്നിലെത്തി ചുറ്റും വെടിവെച്ച ശേഷം സബര്‍ബന്‍ ടിക്കറ്റ് കൗണ്ടറുകള്‍
മുഴുവന്‍ തകര്‍ത്തു. തുടര്‍ന്ന് സ്റ്റേഷന്‍ മാനേജരുടെ ക്യാമ്പിനുനേരെ വെടിവെച്ചശേഷമാണ് സബര്‍ബന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നത്. അപ്പോഴേക്കും അവിടം വിജനമായിരുന്നു. റെയില്‍വേ ജീവനക്കാര്‍ മുഴുവന്‍ അകത്ത് പലയിടങ്ങളിലായി ഒളിച്ചു.
''എങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല. വെടിയൊച്ച കേട്ടു ഞാന്‍ മേശയ്ക്കടിയിലേക്ക് താഴ്ന്നിരുന്നു. ഒരു വെടിയുണ്ട ജനല്‍ച്ചില്ല് തകര്‍ത്തുകൊണ്ട് എതിര്‍വശത്തെ ചുമരു തുളച്ചു''- വിറയ്ക്കുന്ന ശബ്ദത്തില്‍ ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ പി.എം. പാഞ്ചെഗാന്‍ പറഞ്ഞു.
ഒരുമണിക്കൂറോളം പോലീസുകാരും ഭീകരരും പരസ്പരം വെടിവെച്ചു. ഇതിനിടയില്‍ സി.എസ്.ടി. പരിസരം കമാന്‍ഡോകളും വളഞ്ഞു. ഒരുമണിക്കൂറിനുശേഷം വെടിയൊച്ച പാടെ നിലച്ചശേഷമാണ് റെയില്‍വേ ജീവനക്കാര്‍ പുറത്തിറങ്ങിയത്. റെയില്‍വേസ്റ്റേഷന്‍ അപ്പോഴേക്കും യുദ്ധക്കളംപോലെയായി.
ഒരുകൂട്ടംപേര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. റെയില്‍വേ ജീവനക്കാരും പോര്‍ട്ടര്‍മാരും കൈവണ്ടികളില്‍ എടുത്തുകിടത്തിയാണ് ഇവരെ തൊട്ടടുത്തുള്ള സെന്റ്‌ജോര്‍ജ് ആസ്പത്രിയിലേക്ക് മാറ്റിയത്.
പുലര്‍ച്ചെ രണ്ടുമണിവരെ പൊതുജനങ്ങളെ സി.എസ്.ടി. സ്റ്റേഷനിലേക്ക് കയറ്റിവിടുകയുണ്ടായില്ല. വ്യാഴാഴ്ച ആദ്യവണ്ടി രണ്ടരയോടെ പുറപ്പെടുന്നതിന് മുമ്പ് മാത്രമാണ് റെയില്‍വേ സ്റ്റേഷന്‍ തുറന്നുകൊടുത്തത്. അതുവരെ ജനം വീര്‍പ്പടക്കി റോഡുകളിലും തെരുവോരങ്ങളിലും മറ്റും കഴിച്ചുകൂട്ടി.
