goodnews head

ശിവക്ഷേത്രത്തിലേക്കുള്ള വഴി ഇനി കുഞ്ഞാപ്പു ഹാജി റോഡ്‌

Posted on: 05 Mar 2012


സ്ഥലം നല്‍കിയത് അബ്ദുറഹിമാന്‍ ഹാജി


അരീക്കോട് (മലപ്പുറം): വിളയില്‍ പരുത്തിക്കോട്ടുമണ്ണയിലെ ശിവക്ഷേത്രത്തിലേക്കുള്ള വഴി ഇനി കുഞ്ഞാപ്പു ഹാജി റോഡ് എന്നറിയപ്പെടും. സ്ഥലത്തര്‍ക്കത്തില്‍ മുടങ്ങിക്കിടന്നിരുന്ന റോഡ് നിര്‍മിക്കാന്‍ അയല്‍വാസിയായ അബ്ദുറഹിമാന്‍ ഹാജി എന്ന കുഞ്ഞാപ്പു ഹാജി സ്വന്തം സ്ഥലം വിട്ടുനല്‍കുകയായിരുന്നു. ഇതിന്റെ സന്തോഷത്തില്‍ നാട്ടുകാരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
പ്രസിദ്ധമായ ശാരത്ത് കുടുംബത്തിന്റേതായിരുന്നു ക്ഷേത്രം. പ്രശ്‌നം വെച്ചപ്പോള്‍ ക്ഷേത്രത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണ്ടത്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി പലകുറി കൈമാറ്റം ചെയ്യപ്പെട്ടതോടെ ഇവിടേക്കുള്ള വഴി നഷ്ടപ്പെടുകയായിരുന്നു. ക്ഷേത്രഭൂമിയില്‍ 14 സെന്റിന്റെ കുറവും കണ്ടെത്തി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കെ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്ന് തൊട്ടടുത്ത ഭൂഉടമ ഏഴ് സെന്റ് ക്ഷേത്രത്തിന് വിട്ടുകൊടുത്തെങ്കിലും പ്രശ്‌നം തീര്‍ന്നിരുന്നില്ല. ആര്‍.ഡി.ഒ.മാരും കളക്ടര്‍മാരും പോലീസ് അധികൃതരും നടത്തിയ ശ്രമങ്ങളും ഫലപ്രാപ്തിയിലെത്തിയില്ല. ഒടുവില്‍ ക്ഷേത്രഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയില്‍ നടപടി പ്രതീക്ഷിച്ചിരിക്കെയാണ് രണ്ട് മാസം മുമ്പ് അരീക്കോട് എസ്.ഐ. ആയി ചുമതലയേറ്റ പി. മനോഹരന്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കയ്യെടുത്തത്.

റോഡിന് ആവശ്യമായ വീതിയില്‍ ആറ് മീറ്റര്‍ ദൂരത്തില്‍ സ്ഥലം വിട്ടുനല്‍കാന്‍ കുഞ്ഞാപ്പു വിശാലമനസ്‌കത കാട്ടിയതോടെ ഇതു വിജയിച്ചു. ക്ഷേത്രത്തിലേക്ക് വഴിലഭിക്കുന്നതിനുപുറമെ തൊട്ടടുത്ത നിരവധി കുടുംബങ്ങള്‍ക്കും ഇത് ഉപകാരമാവും. എസ്.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കെ.വി. അബ്ദുറഹിമാന്‍, മുന്‍പഞ്ചായത്തംഗം ഇ.ടി. മുഹമ്മദ് ബഷീര്‍, പുരുഷോത്തമന്‍ നമ്പൂതിരി, വിളയില്‍ സുരേന്ദ്രന്‍, എം. അയ്യപ്പന്‍, ബാലകൃഷ്ണപ്പണിക്കര്‍, മുഹമ്മദ് എന്ന ബാപ്പു, വി. രാധാകൃഷ്ണന്‍, കെ.പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുഞ്ഞാപ്പുവിനെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷോത്തമന്‍ നമ്പൂതിരി, വിളയില്‍ സുരേന്ദ്രന്‍, കെ.പി. ചെറിയാപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത ദിവസം തന്നെ റോഡു നിര്‍മാണം ആരംഭിക്കാനും യോഗം തീരുമാനിച്ചു.

 

 




MathrubhumiMatrimonial