
യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഇന്നലെകള്‍
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സര്‍ മിര്‍സാ എം. ഇസ്മയില്‍ നിര്‍വഹിക്കുന്നു. കേണല്‍ ഗോദവര്‍മ്മരാജ, ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം
ഒരിക്കല്‍ ഈ പ്രദേശം മുഴുവന്‍ 'കോത്ത് മൈതാനം' എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന്റെ ഒരു ഭാഗമാണ് പില്‍ക്കാലത്ത് 'യൂണിവേഴ്‌സിറ്റി സ്റ്റേഡിയം' ആയി മാറിയത്. പട്ടാളക്കാര്‍ കവാത്ത് നടത്തുന്നതില്‍ നിന്നായിരിക്കും കോത്ത് മൈതാനം എന്ന പേര് വീണത്. ഫിബ്രവരി 15ന് ജി.വി.രാജ ഫുട്‌ബോള്‍ മത്സരം ഇവിടെ സമാപിക്കുന്നതോടെ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നുവെന്നാണ് അറിയുന്നത്.
യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഉള്‍പ്പെടെ ആയുര്‍വേദകോളേജ് വരെ വിശാലമായി കിടന്ന പ്രദേശം പണ്ട് 'പുത്തന്‍ചന്ത' ആയിരുന്നു. പട്ടാളകേന്ദ്രം ആയതോടെയാണ് 'പാളയം' അല്ലെങ്കില്‍ കന്റോണ്‍മെന്റ് എന്ന് പേര് വന്നത്. ഇന്ന് നിയമസഭാ മന്ദിരവും വികാസ്ഭവനും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സും യൂണിവേഴ്‌സിറ്റി ഓഫീസും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെല്ലാം പട്ടാള ആവശ്യത്തിനുള്ളതായിരുന്നു. പട്ടാള മേധാവി താമസിച്ചിരുന്ന സ്ഥലമാണ് 'കന്റോണ്‍മെന്റ്' ഹൗസ്. അവിടം ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയാണ്. പട്ടാള മേധാവികളില്‍ മറ്റൊരാള്‍ താമസിച്ചിരുന്ന വീടായിരുന്നു സെനറ്റ് ഹാളിന് പുറകിലുള്ള പഴയ കെട്ടിടം. അവിടെയാണ് തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ ഓഫീസ്. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന്റെ അറ്റത്ത് പഴയ ഒരു കെട്ടിടം ഉണ്ടായിരുന്നു. അത് പട്ടാള ബാന്‍ഡ് മാസ്റ്ററുടെ ഓഫീസായിരുന്നു. അത് പിന്നെ തിരുവിതാംകൂര്‍ റേഡിയോയ്ക്ക് വിട്ടുകൊടുത്തു. വളരെക്കാലം എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന്റെ അനുബന്ധമായി പ്രവര്‍ത്തിച്ച ആ കെട്ടിടം ഇന്നില്ല. 'പുത്തന്‍ചന്ത പാളയ'ത്തില്‍ സായിപ്പന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും സാധനങ്ങള്‍ വാങ്ങാനാണ് സ്വാതിതിരുനാളിനുവേണ്ടി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ ഇളയമ്മ പാര്‍വതിറാണി പാളയത്ത് ചന്ത ആരംഭിച്ചത്.(പില്‍ക്കാലത്ത് അത് കണ്ണിമേറ മാര്‍ക്കറ്റ് ആയി). പാളയത്ത് ഉണ്ടായിരുന്ന നായര്‍ പട്ടാളം (നായര്‍ ബ്രിഗേഡ്) 'സ്റ്റേറ്റ് ഫോഴ്‌സ്' ആയി മാറുകയും അതിന്റെ ആസ്ഥാനം 1935-ഓടുകൂടി പാങ്ങോട്ടേക്ക് മാറ്റുകയും ചെയ്തതിനുശേഷവും കുതിരപ്പട്ടാളം (കുതിര ലായം) പാളയത്ത് തുടര്‍ന്നു. അവിടെയാണ് ഇപ്പോള്‍ നിയമസഭാമന്ദിരം സ്ഥിതി ചെയ്യുന്നത്.
നായര്‍ ബ്രിഗേഡിന്റെ കേന്ദ്രമായിരുന്ന കോത്ത് മൈതാനത്തിന്റെ സ്ഥിതിയെപ്പറ്റി പഴമക്കാര്‍ക്ക് ഓര്‍മയുണ്ട്. വിശാലമായ ഈ സ്ഥലത്ത് കമ്പിവേലി കെട്ടിയാണ് മൈതാനം തിരിച്ചിരുന്നത്. എതിര്‍വശത്തുള്ള പട്ടാളകേന്ദ്രത്തില്‍നിന്നും പട്ടാളക്കാര്‍ മാര്‍ച്ച്‌ചെയ്ത് ഇവിടെ എത്തുന്നതും സമയം അറിയിക്കാന്‍ പീരങ്കി ശബ്ദം പുറപ്പെടുവിക്കുന്നതുമെല്ലാം നഗരത്തിലെ കാരണവരില്‍ ഒരാളായ തൊണ്ണൂറ്റിയഞ്ചുകാരനായ മാത്യു പെരേര ഓര്‍ക്കുന്നു. ലോ കോളേജിന് സമീപത്ത് താമസിക്കുന്ന ഇദ്ദേഹം തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരനായിരുന്നു. മുമ്പ് ഗുണ്ടുകാട്ടിലാണ് (ബാര്‍ട്ടണ്‍ഹില്‍) നഗരത്തില്‍ സമയം അറിയിക്കുന്ന 'ഗുണ്ട്' ഇട്ടിരുന്നത്. എന്നാല്‍ പിന്നീട് അത് കോത്ത് മൈതാനത്തേക്ക് മാറ്റി. കുറേ പട്ടാളക്കാര്‍ ചേര്‍ന്ന് മൈതാനത്തിലേക്ക് പീരങ്കി കൊണ്ടുവരുന്നതും വെടിമരുന്ന് നിറയ്ക്കുന്നതുമെല്ലാം പല പ്രാവശ്യം താന്‍ കണ്ടിട്ടുണ്ടെന്ന് മാത്യു പെരേര ഓര്‍ക്കുന്നു. ഒരിക്കല്‍ വെടി പൊട്ടുന്നതിനിടയില്‍ ഒരു പട്ടാളക്കാരന്റെ രണ്ട് െൈകയും തെറിച്ചുപോയ രംഗത്തിന് മാത്യു പെരേര സാക്ഷിയായി.
പട്ടാളം പാങ്ങോട്ടേയ്ക്ക് പോയി എങ്കിലും അവരുടെ പല പരിപാടികളും കോത്ത് മൈതാനത്താണ് പിന്നീടും നടത്തിയത്. 1937-ല്‍ ക്ഷേത്രപ്രവേശന വിളംബരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മാഗാന്ധി ഈ മൈതാനത്ത് പ്രസംഗിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ അന്ന് ഗാന്ധിജിയെ കാണാന്‍ ഇവിടെ തടിച്ചുകൂടി.
തിരുവിതാംകൂര്‍ സര്‍വകലാശാല ആരംഭിച്ചതോടെ അതിന്റെ ആവശ്യത്തിനായി കോത്ത് മൈതാനം മാറ്റി. പിന്നീട് അത് യൂണിവേഴ്‌സിറ്റി സ്റ്റേഡിയമാക്കാന്‍ ദിവാന്‍ സര്‍ സി.പി. തീരുമാനിച്ചു. 1941-ല്‍ മുന്‍ മൈസൂര്‍ ദിവാന്‍ സര്‍ മിര്‍സാ എം. ഇസ്മയില്‍ ആണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
തിരുവിതാംകൂര്‍ സര്‍വകലാശാലയ്ക്ക് കലയ്ക്കും സംസ്‌കാരത്തിനും വിവിധ രംഗങ്ങളിലെ പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതിനു കഴിയും എന്നതുപോലെ ഈ സ്റ്റേഡിയം ഇന്ത്യയിലെ കായിക പ്രതിഭകളെ സൃഷ്ടിക്കുമെന്ന് ഉദ്ഘാടന വേളയില്‍ സര്‍ മിര്‍സാ എം.ഇസ്മയില്‍ പറഞ്ഞു. അന്ന് ആ ചടങ്ങില്‍ കേണല്‍ ഗോദവര്‍മ്മരാജയും പങ്കെടുത്തിരുന്നു. ചരിത്രത്തിന്റെ നിയോഗംപോലെ ഈ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള പവലിയനും പില്‍ക്കാലത്ത് ഉണ്ടായി. ഇപ്പോള്‍ ഗോദര്‍മ്മ രാജയുടെ പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഈ സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഏറ്റെടുത്ത് നന്നാക്കിയ കരാറുകാരന്‍ പത്മനാഭന്‍ ആണെന്ന് മാത്യു പെരേര പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ സദാശിവനാണ് ഗ്യാലറി നിര്‍മ്മിച്ചത്. മുമ്പ് ഈ സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടി സര്‍വകലാശാലയുടെ കോണ്‍വൊക്കേഷന്‍ നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം അനന്തപുരിയിലെത്തിയ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്‍പ്രഭു യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
