
മെഡിക്കല്‍ കോളേജിന്റെ ഇന്നലെകള്‍
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു എത്തുന്നു. പുറകില്‍ ഇന്ദിരാഗാന്ധി. സമീപത്ത് തിരു-കൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്
മനുഷ്യശരീരത്തെപ്പറ്റി പഠിക്കാന്‍ അസ്ഥികൂടത്തിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷണം നടത്തിയ രാജാവ്; അത് കിട്ടിയപ്പോഴാകട്ടെ അതില്‍ തൊടാന്‍ പാടില്ലെന്ന് ആചാര്യന്മാരുടെ വിലക്ക്; ആനക്കൊമ്പില്‍ പിന്നീട് അതേപടി അസ്ഥികൂടം തീര്‍ക്കല്‍. പിന്നീടായിരുന്നു ശരീരശാസ്ത്രപഠനം. വര്‍ഷങ്ങള്‍ക്കുശേഷം തിരുവിതാംകൂറില്‍ മെഡിക്കല്‍ സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഉപകരണങ്ങളില്ലാതെ വന്നു. ഇംഗ്ലണ്ടില്‍ പോകുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പണം കൊടുത്തയച്ച് അത് വാങ്ങി. ഇംഗ്ലീഷ് വൈദ്യം പഠിച്ച ഡോക്ടര്‍മാര്‍ക്കുവേണ്ടി രാജകീയ ഭരണകൂടത്തിന്റെ അന്വേഷണമുണ്ടായി. നാട്ടിലെ കുട്ടികളെ പഠിപ്പിച്ച് ഡോക്ടറാക്കാനുള്ള വെപ്രാളമായിരുന്നു പിന്നീട്. ഇതൊക്കെയാണ് തിരുവിതാംകൂറിലെ ഇംഗ്ലീഷ് വൈദ്യസമ്പ്രദായത്തിന്റെ തുടക്കം. ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ക്ക് ഒപ്പം കണ്ടുംകേട്ടും പഠിച്ച് മനുഷ്യശരീരം കാണാന്‍ ആഗ്രഹിച്ചത് ഉത്രംതിരുനാള്‍ ഇളയരാജാവായിരുന്നു. സ്വാതിയുടെ അനുജനായ ഉത്രംതിരുനാളിന് പഠിക്കാന്‍വേണ്ടി ആനക്കൊമ്പില്‍ നിര്‍മ്മിച്ച അസ്ഥികൂടം ഇന്നും മ്യൂസിയത്തിലുണ്ട്. ഉത്രംതിരുനാള്‍ കോട്ടയ്ക്കകത്ത് സ്ഥാപിച്ച ഇളയരാജ ആസ്പത്രിയാണ് ഇപ്പോഴത്തെ 'ഗവണ്മെന്റ് ഫോര്‍ട്ട് ആസ്പത്രി'.
കഴിഞ്ഞ ജനവരി അഞ്ചിന് തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ആഘോഷപൂര്‍വമാണ് ഉദ്ഘാടനം ചെയ്തത്. ഒ.പി. ബ്ലോക്ക് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് കേന്ദ്രമന്ത്രി ഗുലാംനബി ആസാദുമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ മറ്റ് സ്വകാര്യ ആസ്പത്രികള്‍ക്കൊപ്പം സര്‍ക്കാര്‍ മെഡിക്കല്‍കോളേജും ആധുനിക ചികിത്സാരംഗത്ത് മുന്നോട്ടുള്ള കുതിപ്പ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍കോളേജാണ് തിരുവനന്തപുരത്തേത്. സ്വകാര്യമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളുടെ ഇരച്ചുകയറ്റം ഉണ്ടാകുന്നതിന് ദശാബ്ദങ്ങള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയില്‍ ഒട്ടാകെ കീര്‍ത്തികേട്ട സ്ഥാപനമാണിത്. തിരുവിതാംകൂറിന്റെ അവസാനരാജാവും തിരു-കൊച്ചിയിലെ രാജപ്രമുഖനുമായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് ഇതിന്റെ തറക്കല്ലിട്ടത്. ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവും. അദ്ദേഹം തന്നെയായിരുന്നു ഇവിടത്തെ ആദ്യത്തെ രോഗി എന്നതും ചരിത്രനിയോഗമായിരുന്നു.
സ്വാതിതിരുനാളിന്റെ അമ്മ ഗൗരിലക്ഷ്മീഭായിയാണ് തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലീഷ് വൈദ്യശാസ്ത്ര ശാഖ ആരംഭിച്ചത്. വസൂരിക്ക് അവരാണ് 1812ല്‍ വാക്‌സിനേഷന്‍ വകുപ്പ് ആരംഭിച്ചത്. ജനങ്ങളുടെ ഭയം അകറ്റാന്‍ അവര്‍തന്നെ കുത്തിവെയ്പിന് വിധേയയായി. കൊട്ടാരം ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും അവര്‍ കുത്തിവെയ്പിന് പ്രേരിപ്പിച്ചു. ലക്ഷ്മീഭായിയുടെ അനുജത്തി റാണി ഗൗരി പാര്‍വതീഭായി അധികരമേറ്റപ്പോഴാണ് തൈയ്ക്കാട്ട് ആദ്യമായി ചാരിറ്റബിള്‍ ആസ്പത്രി സ്ഥാപിച്ചത്. സ്വാതിതിരുനാള്‍ മഹാരാജാവായതോടെ തൈയ്ക്കാട് ചാരിറ്റബിള്‍ ഇംഗ്ലീഷ് ചികിത്സാലയം വികസിപ്പിച്ചു. അവിടെ രോഗികളെ കിടത്തി ചികിത്സിക്കാന്‍ തുടങ്ങി. സ്വാതിയുടെ അനുജന്‍ ഉത്രംതിരുനാള്‍ ഇംഗ്ലീഷ് വൈദ്യം പഠിച്ച് രോഗികളെ ചികിത്സിക്കാന്‍ തുടങ്ങി. അദ്ദേഹം രാജാവായപ്പോള്‍ തിരുവിതാംകൂറിനാവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ മദ്രാസില്‍ ഏജന്റിനെത്തന്നെ നിയമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് ആറ് ആസ്പത്രികളുണ്ടായിരുന്നു. ആയില്യം തിരുനാള്‍ മഹാരാജാവാണ് ഇംഗ്ലീഷ് വൈദ്യശാഖ വികസിപ്പിച്ചത്. അദ്ദേഹമാണ് ഇപ്പോഴത്തെ ജനറല്‍ ആസ്പത്രിയുടെ ആദ്യ സ്ഥാപനമായ 'സിവില്‍ ആസ്പത്രി' 1865 നവംബര്‍ 9ന് ഉദ്ഘാടനം ചെയ്തത്. ഇതോടനുബന്ധിച്ച് ആയുര്‍വേദ വൈദ്യരെയും നിയമിച്ചു. അത് സര്‍ക്കാര്‍ ആയുര്‍വേദ ആസ്പത്രിക്കുള്ള തുടക്കമായിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 1889ല്‍ ആയുര്‍വേദ പാഠശാല തുടങ്ങിയത്. വര്‍ഷങ്ങള്‍ക്കുശേഷം അത് ആയുര്‍വേദകോളേജായി. ഇപ്പോഴത്തെ കണ്ണാസ്പത്രിക്ക് എതിര്‍വശത്തുള്ള അഴിയടിച്ച കെട്ടിടത്തിലായിരുന്നു ആയുര്‍വേദ കോളേജ് എന്ന് അവിടെ വിദ്യാര്‍ഥിയും പ്രശസ്ത ആയുര്‍വേദ വൈദ്യനുമായിരുന്ന ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള (കഴിഞ്ഞ ജനവരി 7ന് അദ്ദേഹം അന്തരിച്ചു) രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആസ്പത്രി യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തായിരുന്നു. ആ കെട്ടിടം ഇന്നുമുണ്ട്.
ശ്രീമൂലം തിരുനാളിന്റെ കാലത്തോടെയാണ് ലോകത്തുള്ള എല്ലാ ആധുനിക വൈദ്യശാസ്ത്രത്തിനും തിരുവിതാംകൂറില്‍ ഇടം ലഭിച്ചത്. വിദഗ്ദ്ധന്മാരായ ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനും ആസ്പത്രികള്‍ പരിഷ്‌കരിക്കുന്നതിനും ഉപകരണങ്ങള്‍ വരുത്തുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ കുട്ടികള്‍ മദ്രാസ് സര്‍വകലാശാലയിലാണ് ബിരുദത്തിനുവേണ്ടി പരീക്ഷയെഴുതിയിരുന്നത്. ഇവിടെ ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ ആദ്യശ്രമം തുടങ്ങിയത് ശ്രീമൂലത്തിന്റെ കാലത്തായിരുന്നു. റീജന്റ് മഹാറാണിയുടെയും ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെയും കാലത്തോടെ വൈദ്യശാസ്ത്രരംഗം കൂടുതല്‍ വികസിച്ചു. എന്നാല്‍ മെഡിക്കല്‍കോളേജ് സ്ഥാപിച്ചതിനുള്ള ആദ്യ ക്രെഡിറ്റ് ദിവാന്‍ സര്‍. സി.പി. രാമസ്വാമിഅയ്യര്‍ക്കാണ്. തിരുവിതാംകൂറില്‍ മെഡിക്കല്‍കോളേജ് തുടങ്ങാന്‍ വാശിയോടെ രംഗത്തിറങ്ങിയത് അദ്ദേഹമാണ്. മദ്രാസ് സര്‍ക്കാര്‍ ഇതിനെതിരെ നടത്തിയ എല്ലാ ശ്രമങ്ങളും അദ്ദേഹം പരാജയപ്പെടുത്തി. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയോടെ അദ്ദേഹം ദിവാന്‍ സ്ഥാനം ഒഴിഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം മെഡിക്കല്‍കോളേജ് സ്ഥാപിക്കാന്‍ ശ്രമിച്ച മൂന്നുപേരുടെ പേര് ഒരിക്കലും മറക്കാന്‍ കഴിയില്ല. മുന്‍ തിരുവിതാംകൂര്‍ മന്ത്രിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായ സി. കേശവന്‍, പ്രശസ്തശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. സി.ഒ. കരുണാകരന്‍, ഡോ. ആര്‍. കേശവന്‍നായര്‍ എന്നിവരാണ് അവര്‍. 1948 ഒക്ടോബറില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ് മെഡിക്കല്‍കോളേജ് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്.
ഇതിനുവേണ്ടി ഡോ. സി.ഒ. കരുണാകരനും ഡോ. ആര്‍. കേശവന്‍നായരും പോകാത്ത സ്ഥലം ഇല്ല. അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഉള്ളൂര്‍കുന്നില്‍ 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നടപടി തുടങ്ങി. 1950 ജനവരി 26ന് ഒന്നാംറിപ്ലബ്ലിക് ദിനത്തില്‍ രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍കോളേജിന് തറക്കല്ലിട്ടു. 1951 നവംബര്‍ 27ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് മകള്‍ ഇന്ദിരാഗാന്ധിയോടൊപ്പമെത്തി. മുഖ്യമന്ത്രി സി. കേശവന്‍ ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തുടക്കത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായ ഡോ. സി.ഒ. കരുണാകരനാണ് പ്രിന്‍സിപ്പലിന്റെ സ്ഥാനം വഹിച്ചത്.
ഉദ്ഘാടന സമയത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയിലുണ്ടായ മുറിവ് ചികിത്സിച്ചത് ഡോ. ആര്‍. കേശവന്‍നായരാണ്. അതായിരുന്നു ആസ്പത്രി ചികിത്സയുടെ ഉദ്ഘാടനവും.
