
ജയിലില്‍നിന്ന് ജനവിധി തേടിയകാലം
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

ഒന്നിച്ചുനിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഒരുഭാഗം സി.പി.എം. ആയി മാറി. കോണ്‍ഗ്രസിലും പിളര്‍പ്പ് ഉണ്ടായി. ഒരുഭാഗം കേരള കോണ്‍ഗ്രസായി. വി.വി.ഗിരിയായിരുന്നു അന്നത്തെ കേരള ഗവര്‍ണര്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇ.എം.എസ്. ഒഴികെയുള്ള സി.പി.എം. നേതാക്കള്‍ രാജ്യരക്ഷാ ചട്ടപ്രകാരം അറസ്റ്റിലായിരുന്നു. ഇതിനാല്‍ ജയിലില്‍നിന്നാണ് അവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥികളുടെ മക്കളും വീട്ടുകാരും പാര്‍ട്ടിക്കാരുമാണ് സി.പി.എം.കാര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉണ്ടായിരുന്നത്. കുഞ്ഞുമക്കളുടെ പ്രചാരണം ദേശീയ പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നാല്പത് മണ്ഡലങ്ങളില്‍ വിജയിച്ച സി.പി.എം. പ്രധാന കക്ഷിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 36-ഉം എസ്.എസ്.പി.ക്ക് 13-ഉം മുസ്‌ലിംലീഗിന് 6-ഉം കേരള കോണ്‍ഗ്രസിന് 23-ഉം സി.പി.ഐ.യ്ക്ക് മൂന്നും കെ.ടി.പി.ക്കും സ്വതന്ത്രപാര്‍ട്ടിക്കും ഒന്നുവീതവും സ്വതന്ത്രന്മാര്‍ക്ക് 10-ഉം സീറ്റ് കിട്ടി. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നിയമസഭ പിരിച്ചിവിട്ടു. ഇതുകാരണമാണ് പതിമൂന്ന് നിയമസഭകള്‍ക്ക് തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഒരെണ്ണം ചരിത്രത്തില്‍ ഇല്ലാതെപോയത്.1965-ന്റെ തിരഞ്ഞെടുപ്പിനുശേഷം നാല്പത്തിയാറുവര്‍ഷമായി അതിന്റെ ഓര്‍മകള്‍ ഇപ്പോഴും എ. സമ്പത്ത് എം.പി.യുടെയും അഡ്വക്കേറ്റ് അവണാകുഴി ജയന്റെയും മനസിലുണ്ട്. ജയിലില്‍ കിടന്ന അവണാകുഴി സദാശിവന്റെയും ജെ. ശാരദാമ്മയുടെ മകനാണ് ജയന്‍. പാര്‍ലമെന്റ് മെമ്പര്‍ എ. സമ്പത്ത് കെ. അനിരുദ്ധന്റെ മകനും. ജയന് എട്ടും സമ്പത്തിന് മൂന്നും വയസുള്ളപ്പോഴാണ് തിരഞ്ഞെടുപ്പ്. നേമത്തായിരുന്നു അവണാകുഴി സദാശിവന്‍ മത്സരിച്ചത്. കോണ്‍ഗ്രസും സി.പി.ഐയും ആയിരുന്നു മുഖ്യ എതിരാളികള്‍. പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ജയിലില്‍ കിടക്കന്ന അച്ഛനുവേണ്ടി വോട്ടുപിടിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കള്‍ക്കും ഒപ്പം താനും തന്റെ സഹോദരി ജയശ്രീയും വീടുകള്‍ കയറി ഇറങ്ങിയതും ഇംഗ്ലീഷ് ദേശീയ പത്രത്തില്‍ 'കുട്ടികളായ രാഷ്ട്രീയ പ്രചാരകര്‍' എന്ന വിധത്തില്‍ വലിയ വാര്‍ത്ത വന്നതും ജയന്‍ ഓര്‍ക്കുന്നു. അന്ന് ജയന്റെ അമ്മ ശാരദാമ്മയേയും അറസ്റ്റ് ചെയ്തിരുന്നു.
അവര്‍ അന്ന് ഗര്‍ഭിണിയായിരുന്നു. അവര്‍ക്ക് പ്രത്യേക സൗകര്യം ജയിലധികാരികള്‍ എ.കെ.ജി.യുടെ നിര്‍ബന്ധം കാരണം ഒരുക്കിക്കൊടുത്തു. ജയിലില്‍ പ്രസവിച്ചതിനാല്‍ മകന് 'ജയില്‍കുമാര്‍' എന്ന് പേരിട്ടു. അദ്ദേഹം ഇന്ന് എ.പി.പിയാണ്. അന്ന് വോട്ട് പിടിയ്ക്കാന്‍ കൂടെ ഉണ്ടായിരുന്ന ജയശ്രീ കരമനയില്‍ നിന്നുള്ള കൗണ്‍സിലര്‍ ആണ്. കോണ്‍ഗ്രസിലെ പി.നാരായണന്‍ നായരെയാണ് അന്നത്തെ തിരഞ്ഞെടുപ്പില്‍ അവണാകുഴി സദാശിവന്‍ തോല്പിച്ചത്. പക്ഷേ ജയംകൊണ്ട് മോചനം കിട്ടിയില്ല.
വീണ്ടും നേമത്ത് നിന്നും വിജയിച്ച അവണാകുഴി സദാശിവന്‍ 1989 ല്‍ ആണ് അന്തരിച്ചത്.
തന്നെ പലരും എടുത്തുകൊണ്ടാണ് അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുപോയതെന്ന് അനിരുദ്ധന്റെ മകന്‍ എ.സമ്പത്ത് എം.പി. ഓര്‍ക്കുന്നു. അതു സംബന്ധിച്ച മനസ്സില്‍ തങ്ങിനില്കുന്ന പ്രധാന ഓര്‍മ്മ അച്ഛന്‍ ജയിലഴികള്‍ക്കുള്ളില്‍ നിന്ന് കൈനീട്ടി വോട്ടുചോദിക്കുന്ന വലിയ ഒരു ചിത്രമാണ്. ഈ ചിത്രം പിന്നീട് പത്രങ്ങളില്‍ വന്നു. പേരൂര്‍ക്കടയിലെ ദിവാകരന്‍ എന്ന ഒരാളാണ് ചിത്രം വരച്ചതെന്ന് പിന്നീട് അറിഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആര്‍.ശങ്കറിനെതിരായിട്ടാണ് അനിരുദ്ധന്‍ മത്സരിച്ചത്. വിജയംവരിച്ചുവെങ്കിലും മോചിതനായില്ല. പിന്നീട് ആറ്റിങ്ങല്‍ ഉള്‍ക്കൊണ്ട ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തിലും ആര്‍.ശങ്കറെ, അനിരുദ്ധന്‍ തോല്പിച്ചു.
