
നോക്കുകൂലി വേണ്ട, ചായ കുടിക്കാം
Posted on: 10 Jan 2012

ജീവിതച്ചുമട് 'കടുപ്പ'മായപ്പോള്‍ കൂട്ടായ്മയുടെ മധുരമിട്ട് 'മീഡിയം സ്‌ട്രോങ്' ജീവിതവഴി കണ്ടെത്തുകയാണ് ഇവര്‍. ചായക്കടയില്‍ 'രാഷ്ട്രീയം പാടില്ല' എന്നാണ് വെയ്‌പ്പെങ്കിലും ഇവിടെ കാഴ്ചയില്‍തന്നെ രാഷ്ട്രീയമുണ്ട്; പക്ഷേ ചായയിലും വടയിലുമൊന്നും അത് കലരില്ല. വഞ്ചിയൂര്‍ ജങ്ഷനിലെ തട്ടുകടയില്‍ സി.ഐ.ടി.യു. യൂണിഫോമിട്ട് ചായയടിക്കുന്ന ചുമട്ടുതൊഴിലാളികളാണ് ജീവിതച്ചുമടിന്റെ ഭാരം ഓര്‍മിപ്പിക്കുന്നത്.
കയറ്റിറക്ക് ജോലികള്‍ കുറഞ്ഞ്, കുടുംബങ്ങള്‍ പട്ടിണിയിലാവുമെന്ന അവസ്ഥയിലായതോടെയാണ് വഞ്ചിയൂര്‍ ജങ്ഷനിലെ സി.ഐ.ടി.യു. തൊഴിലാളികള്‍ തട്ടുകട തുറക്കാന്‍ തീരുമാനിച്ചത്. ബാബു, സന്തോഷ് കുമാര്‍, പ്രഭകുമാര്‍, സുരന്‍ എന്നിവര്‍ ചേര്‍ന്ന് കട തുടങ്ങിയപ്പോള്‍ ഉടന്‍ പൂട്ടിപ്പോകും എന്ന മട്ടിലാണ് പലരും നോക്കിക്കണ്ടത്. പക്ഷേ ഉശിരന്‍ ചായയും വടയുമൊക്കെയായി കട ഒന്‍പതുമാസം പിന്നിട്ടു. ഇടയ്ക്ക് റോഡ് വികസനം വന്നപ്പോള്‍ റോഡുവക്കില്‍നിന്ന് കട മാറ്റേണ്ടിവന്നിട്ടുണ്ട്. വഞ്ചിയൂര്‍പാറ്റൂര്‍ റോഡിലേക്ക് തിരയുന്നവരാരും ഈ തട്ടുകട കാണാതെപോകില്ല. കാരണം സി.ഐ.ടി.യുവിന്റെ നീല യൂണിഫോമിട്ടവരാണ് ചായയടിക്കുന്നതും വടയുണ്ടാക്കുന്നതുമൊക്കെ. രാവിലെ അഞ്ചരയ്ക്ക് തുറക്കുന്ന കട വൈകീട്ട് ആറിന് അടയ്ക്കും. ഇടയ്ക്ക് കയറ്റിറക്ക് ജോലികളെന്തെങ്കിലും വന്നാല്‍ ഒരാളെ കട ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ പോയിവരും. യൂണിഫോമില്‍ രാഷ്ട്രീയമുണ്ടെങ്കിലും കടയിലതില്ല. മറ്റ് യൂണിയന്‍കാരടക്കം ഇവിടെയാണ് ചായകുടി.
പാചകം വശമുള്ള ബാബുവാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. ചായയടിക്കാനറിയാവുന്ന പ്രഭാകരന്‍ ഒപ്പം ചേര്‍ന്നു. ബാക്കി രണ്ടാള്‍കൂടി സമ്മതിച്ചതോടെ പഴയ ഫ്ലാ്‌സ് ബോര്‍ഡുകളും തടിയുമൊക്കെ സംഘടിപ്പിച്ച് കട തട്ടിക്കൂട്ടി. ഈ പ്രദേശത്തുണ്ടായിരുന്ന ചില ഗോഡൗണുകളടക്കം പൂട്ടിയതോടെയാണ് ജോലി കുറഞ്ഞതെന്ന് ഇവര്‍ പറയുന്നു. വലിയ സ്ഥാപനങ്ങളൊന്നുമില്ലാത്തതിനാല്‍ അങ്ങനെയുള്ള കയറ്റിറക്കുകളും കുറവാണ്. ഇതോടെ കുടുംബങ്ങള്‍ പട്ടിണിയിലായി. കുട്ടികളുടെ പഠനമുള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയായി. ഇപ്പോള്‍ തട്ടുകട തുടങ്ങിയതോടെ ജീവിതം 'തട്ടിമുട്ടി' മുന്നോട്ട് പോകുന്നുണ്ട്. ചായയും പലഹാരങ്ങളും മാത്രമാണ് ഇവിടെയുള്ളത്. ബാബുവിന്റെ കൈപ്പുണ്യമുള്ള വടയും മോദകവും ബജിയുമൊക്കെയുണ്ട്. മറ്റ് കടക്കാര്‍ക്ക് പാരയാകാതെ വൈകീട്ട് ആറോടെ ഇവര്‍ കടയടയ്ക്കും.
