
വൈകല്യങ്ങള്‍ തളര്‍ത്താത്ത മനസ്സുമായി ഹംസ
Posted on: 01 Jan 2012

കരുമാല്ലൂര്‍: പോളിയോ തളര്‍ത്തിയ ജീവിതത്തെ തോല്പിച്ച ഹംസയെത്തേടി കഴിഞ്ഞവര്‍ഷം എത്തിയത് രണ്ട് അവാര്‍ഡുകള്‍. അതും കര്‍ഷക മേഖലയില്‍ നിന്ന്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കര്‍ഷകശ്രീ, വെളിയത്തുനാട് സഹകരണ ബാങ്കിന്റെ മികച്ച കര്‍ഷകന്‍ എന്നീ അവാര്‍ഡുകളാണ് ഹംസയ്ക്ക് കിട്ടിയത്.
കൃഷിയോടുള്ള അടങ്ങാത്ത സ്‌നേഹവും അപാരമായ ആത്മധൈര്യവുമാണ് ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര നാലുസെന്റ് കോളനി കിഴക്കേടുത്തുപള്ളം ഹംസയ്ക്ക് ജീവിതത്തില്‍ ചവിട്ടുപടികളായത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഹംസയ്ക്ക് പിതാവ് കാണിച്ചുകൊടുത്ത കൃഷിരീതികളാണ് മുതല്‍ക്കൂട്ടായത്.
ഏത്തവാഴ കൃഷിയുമായാണ് ഹംസ കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്നത്. നേരം പുലരുമ്പോള്‍ത്തന്നെ പണിക്കാര്‍ക്കൊപ്പം ഹംസയും തോട്ടത്തിലേക്കിറങ്ങും. കാലുകള്‍ രണ്ടും തളര്‍ച്ചയിലാണെങ്കിലും കൈക്കോട്ടുമെടുത്ത് വിളകള്‍ക്ക് വളംവയ്പ്, തടമെടുക്കല്‍ തുടങ്ങിയ പണികളെല്ലാം ഹംസതന്നെ ചെയ്യും.
ഇപ്പോള്‍ ആയിരത്തില്‍പ്പരം ഏത്തവാഴയും വെള്ളരി, പാവല്‍, പീച്ചില്‍ തുടങ്ങി എല്ലാത്തരം കൃഷികളും ഹംസ ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന സാധനങ്ങളെല്ലാം തന്റെ മുച്ചക്ര സൈക്കിളില്‍ കയറ്റി ഹംസതന്നെയാണ് വില്പനയും നടത്തുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാനുള്ള വരുമാനമെല്ലാം കൃഷിയില്‍നിന്നുതന്നെയാണ് ഹംസ കണ്ടെത്തുന്നത്. കൃഷി നഷ്ടമെന്നു പറഞ്ഞ് ഈരംഗത്തുനിന്നും മാറിനില്‍ക്കുന്നവര്‍ക്ക് ഒരു മാതൃകയാകുകയാണ് ഹംസ. കൃഷി നടത്തുന്നതിനും കൃഷിനാശത്തിനുമെല്ലാം സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളിലും പൂര്‍ണ തൃപ്തനാണ് ഹംസ.
