ഹജ്ജ് പ്രക്ഷേപണം 13 മുതല്‍

Posted on: 06 Nov 2008


ജിദ്ദ: സൗദി റേഡിയോയുടെ 'കാള്‍ ഓഫ് ഇസ്‌ലാം' (നിദാവുല്‍ ഇസ്‌ലാം) വിങ്ങിന്റെ മേല്‍നോട്ടത്തിലുള്ള 'ഹജ്ജ് ബോധവത്കരണ പ്രക്ഷേപണം' നവംബര്‍ 13ന് വ്യാഴാഴ്ച ആരംഭിക്കും. വിവിധ ലോക ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുഴുദിന പ്രക്ഷേപണമായിരിക്കുമിത്. അറഫ ദിനം കഴിഞ്ഞ് നാലുനാള്‍കൂടി ഹജ്ജ് ബോധവത്കരണ പ്രക്ഷേപണം തുടരും.

അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ഇന്‍ഡൊനീഷ്യന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് മുഖ്യമായും പരിപാടികള്‍. മത ബോധവത്കരണം, അനുഷുാനങ്ങളുടെ വിവരണങ്ങള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍, പണ്ഡിതന്മാര്‍, ഹജ്ജ് അനുബന്ധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, വാര്‍ത്താ ബുളറ്റിനുകള്‍, കാലാവസ്ഥാവിവരണം, ഹജ്ജ് സംബന്ധിച്ച ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഹജ്ജ് പ്രക്ഷേപണത്തിലുണ്ടാവുമെന്ന് 'കാള്‍ ഓഫ് ഇസ്‌ലാം' സൂപ്പര്‍വൈസര്‍ അദ്‌നാന്‍ സയീദി വിവരിച്ചു.

അതേസമയം, ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ നാടുകളില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യനഗരങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നിശ്ചയിച്ചിരുന്ന അഡീഷണല്‍ ഹജ്ജ് വിമാനം രാത്രി വൈകി മദീനയിലാണ് എത്തുകയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ജിദ്ദ വഴി മക്കയില്‍ എത്തിയ കേന്ദ്ര കമ്മിറ്റി ഹാജിമാര്‍ ഇപ്പോള്‍ മദീനയിലേക്ക് സംഘങ്ങളായി പോയിക്കൊണ്ടിരിക്കുന്നുണ്ട്. അതേസമയം മദീനാസന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം മക്കയിലേക്ക് നാളെ ജുമാ നിസ്‌കാരത്തിനു ശേഷമാണ് തിരിക്കുക.

മദീനയില്‍ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റംമൂലം സ്വാഭാവികമായ അസുഖങ്ങള്‍ കൂടുതലായി കാണുന്നുണ്ടെങ്കിലും ഹജ്ജ് കമ്മിറ്റി മെഡിക്കല്‍ സംഘം ഇനിയും എത്തിയിട്ടില്ലാത്തതിനാല്‍ ഫലപ്രദമായ മെഡിക്കല്‍ സര്‍വീസ് ഇനിയും നിലവില്‍ വന്നിട്ടില്ല. വളന്റിയര്‍മാരെപ്പോലെ മെഡിക്കല്‍ ടീമിന്റെയും വരവ് താളം തെറ്റി തുടരുകയാണ്.

മിനാ ടവറുകളില്‍
8864 ഹാജിമാര്‍ക്ക് പാര്‍പ്പിടം

ജിദ്ദ: മിനായിലെ മലമടക്കുകള്‍ നിരത്തി പണിത ആറു ടവര്‍ സമുച്ചയങ്ങളില്‍ നാലെണ്ണം ഇത്തവണ ഹാജിമാരുടെ താമസത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ബി 1, ബി 2, എ 3, എ 4 എന്നീ ടവറുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. നാലു ടവറുകളിലുംകൂടി 554 മുറികളാണ് താമസത്തിന് ഒരുക്കിയിട്ടുള്ളത്. ഇവയില്‍ മൊത്തം 8864 ഹാജിമാര്‍ക്ക് പാര്‍ക്കാം.

ഒരു തീര്‍ഥാടകന് 5000 റിയാല്‍ എന്ന നിരക്കിലാണ് കെട്ടിടം ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് നല്കിയിട്ടുള്ളത്. മൊത്തം 4.6 കോടി സൗദി റിയാലാണ് നാലു ടവറുകളില്‍ നിന്നായി ഇവയുടെ മേല്‍നോട്ടം വഹിക്കുന്ന മിന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ലഭിക്കുക. വരുമാനം സാമൂഹിക ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് എന്നിവയ്ക്കാണ് ഉപയോഗിക്കുക എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


അക്ബര്‍ പൊന്നാനി





MathrubhumiMatrimonial