
സംശയാലുക്കളെ പുറത്താക്കാന്‍ പാര്‍വതിബായിയുടെ വിളംബരം
Posted on: 10 Dec 2011
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

കടല്‍ കടന്ന് വിദേശങ്ങളില്‍ പോകുന്നവര്‍ക്ക് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശനം നല്‍കാത്ത കാലം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലും മറ്റും പഠിക്കാന്‍ പോകുന്നവര്‍ തിരിച്ചുവന്ന് പ്രത്യേക പൂജകളും ചടങ്ങുകളും നടത്തിയശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ. ഈ നിയമം എടുത്തുകളഞ്ഞത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവായിരുന്നു. അദ്ദേഹം രാജാവായതോടെ ഈ നടപടി അവസാനിച്ചുവെന്ന് മാത്രമല്ല അമ്മ സേതുപാര്‍വതിബായിയെയും സഹോദരി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയെയും വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. കടല്‍ കടന്ന് ആദ്യം വിദേശത്തുപോയ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ തന്നെയാണ്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തെപ്പറ്റി അറിഞ്ഞതോടെ ഇവിടത്തെ ഭക്തജനത്തിരക്ക് കൂടിയിട്ടുണ്ട്. സുരക്ഷാസംവിധാനവും ശക്തമാക്കി. എല്ലാ ഭാഗവും പോലീസ് നിരീക്ഷണത്തിലാണ്. ഇതിന്റെ ദുഃഖഭാരം അനുഭവിക്കുന്നത് ഇതിനുചുറ്റും തലമുറകളായി താമസിക്കുന്ന കുടുംബങ്ങളാണ്. അവര്‍ ശ്രീപദ്മനാഭനെ ആരാധിച്ച് കഴിഞ്ഞവരാണ്. സുരക്ഷയെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നെഞ്ച് നെരിപ്പോടായി മാറുന്നു. തങ്ങളെ ഇറക്കിവിടരുതേ എന്ന പ്രാര്‍ഥനയിലാണിപ്പോള്‍ അവര്‍. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ മതിലകം രേഖകളിലുണ്ട്. ഇതുസംബന്ധിച്ച് റാണി ഗൗരിപാര്‍വതിബായിയുടെ കാലത്തെ ഒരു വിളംബരം (പുരാരേഖവകുപ്പിലുള്ളത്) പ്രാധാന്യം അര്‍ഹിക്കുന്നു. തിരുവിതാംകൂര്‍ സ്രഷ്ടാവ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-1758) 'ശ്രീപദ്മനാഭദാസന്‍' ആയശേഷം ആദ്യമായി വന്ന വനിതാ ഭരണാധികാരി സ്വാതിതിരുനാളിന്റെ അമ്മ റാണി ഗൗരിലക്ഷ്മിഭായി (1810-1815) യാണ്. അവരായിരുന്നു ആദ്യത്തെ 'ശ്രീപദ്മനാഭസേവിനി'. സ്വാതിതിരുനാള്‍ രാജകുമാരനെ ഇംഗ്ലീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയെ ഏല്പിച്ച് അനന്തരാവകാശിയായി പ്രഖ്യാപിച്ചശേഷമാണ് ലക്ഷ്മിബായി അന്ത്യയാത്രയായത്.
അതിനുശേഷം അവരുടെ അനുജത്തി 16 വയസ്സുകാരിയായ ഗൗരിപാര്‍വതിബായി 'ശ്രീപദ്മനാഭസേവിനി' എന്ന നിലയില്‍ റീജന്റ് ആയി ഭരണം ഏറ്റു. സ്വാതിതിരുനാളിന് പ്രായം തികയാത്തതിനാല്‍ താല്‍ക്കാലികമായി ഭരണം നിര്‍വഹിക്കുന്നതാണ് റീജന്‍സിസ്ഥാനം. ഗൗരി പാര്‍വതിബായി കൊല്ലവര്‍ഷം 999 (ഇംഗ്ലീഷ് വര്‍ഷം 1823) ല്‍ പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിലാണ് തിരുവനന്തപുരം നഗരത്തില്‍നിന്നും പ്രത്യേകിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് ചുറ്റും നിന്ന് സംശയാലുക്കളെ പുറത്താക്കിയത്.
പരദേശത്തുനിന്ന് ആളുകള്‍ പ്രധാനമായി മുക്കാണി (ബ്രാഹ്മണരില്‍ ഒരു വിഭാഗം) തിരുവനന്തപുരത്ത് വന്ന് പാര്‍ത്ത് കൃത്രിമങ്ങളും കുഴപ്പങ്ങളും ചെയ്യുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് വിളംബരമെന്ന് ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ആളുകള്‍ വിളംബരം പ്രസിദ്ധപ്പെടുത്തി രണ്ട് ദിവസത്തിനകം നഗരം വിടണമെന്നതാണ് ആദ്യത്തെ ഉത്തരവ്.
മുക്കാണികള്‍ തിരുവനന്തപുരത്ത് വന്നാല്‍ അഗ്രഹാരങ്ങളില്‍ മൂന്നു ദിവസം മാത്രമേ തങ്ങാന്‍ പാടുള്ളൂവെന്നും അവരെ താമസിപ്പിക്കുന്ന വീട്ടുകാര്‍ ഇത് പാലിക്കണമെന്നും വിളംബരത്തിലുണ്ട്. മുക്കാണികള്‍ കോട്ടയ്ക്കകത്തും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അഗ്രശാലകളിലും വഴക്കും വക്കാണവും നടത്തുന്നുവെന്നും ഭക്ഷണത്തിനും മറ്റും അടിപിടി കൂടുന്നുവെന്നും കൃത്രിമങ്ങള്‍ നടത്തുന്നുവെന്നും പരാതി ഉണ്ടായതിനെതുടര്‍ന്നാണ് രാജകീയ വിളംബരം. ഇത്തരക്കാരെ പിടികൂടി കോട്ടയ്ക്കകത്തുനിന്നും പുറത്താക്കാന്‍ പോലീസിനോട് വിളംബരത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
