
ജനാധിപത്യപരിണാമം തിരുവിതാംകൂറില്‍
Posted on: 10 Dec 2011
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

കേരളത്തില്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഒരുകാലത്ത് സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ കേരളത്തിലെ നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഈ പ്രദേശത്ത് കുറെക്കാലമായി വോട്ട് കുറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതാണ്. ഇന്ന് പ്രായപൂര്‍ത്തിയായ എല്ലാ വര്‍ക്കും വോട്ടവകാശം ഉണ്ട്. എന്നാല്‍ പൗരമുഖ്യന്മാരെയോ പ്രമാണിമാരെപ്പോലെയോ തങ്ങള്‍ക്കും എന്ന് വോട്ടുചെയ്യാന്‍ അവകാശം കിട്ടുമെന്ന് സാധാരണക്കാര്‍ കൊതിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നത് അനന്തപുരിയിലെ എത്രയോ ആളുകളുടെ മനസ്സിലുണ്ട്. അന്നൊക്കെ കരംതീരുവ ഉള്ളവര്‍ക്കോബിരുദധാരികള്‍ക്കോ സംഘടനകളുടെ പ്രതിനിധികള്‍ക്കോ മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. സാമൂഹിക സംഘടനകളുടെ ആവിര്‍ഭാവം, പുതിയ വ്യവസ്ഥിതിക്കുവേണ്ടിയുള്ള മുറവിളി, സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചുണ്ടായ സമരങ്ങള്‍,കാലത്തിനൊത്ത് പുതിയ നിയമങ്ങളുണ്ടാക്കാനുള്ള സമ്മര്‍ദം ഇതെല്ലാമാണ് അവസാനം വോട്ടെടുപ്പ് വ്യാപകമാക്കാന്‍ കാരണമായത്. ഈ കാര്യത്തില്‍ തിരുവിതാകൂറില്‍ സി.കേശവന്റെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭണം വലിയ പങ്ക് വഹിച്ചു. നിവര്‍ത്തനം എന്നതിന് ബഹിഷ്‌കരണം എന്നാണ് അര്‍ഥം. ഈ സമരത്തിനു ശേഷമാണ് പിന്നാക്ക സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ വോട്ടവകാശം കിട്ടിയത്. സ്വാതന്ത്ര്യലബ്ധിയോടെ ജനാധിപത്യത്തിന്റെ ഉദയമായി. സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം വിളംബരം ചെയ്ത ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുതിയ ചരിത്രം സൃഷ്ടിച്ചു. ശരിക്കും പറഞ്ഞാല്‍നമ്മുടെ ജനാധിപത്യത്തിന്റെ പരിണാമം ശ്രീമൂലം തിരുനാള്‍ മുതല്‍ ശ്രീചിത്തിരതിരുനാള്‍ വരെ എത്തി നില്ക്കുന്നു.
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ജനപ്രതിനിധി സഭ ആരംഭിച്ചത് 1881ല്‍ മൈസൂറിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കിളിവാതില്‍ എന്ന് അതിനെ വിശേഷിപ്പിക്കാം. എന്നാല്‍ 1888ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി നിയമനിര്‍മാണ സഭ രൂപവത്കരിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചത്പുതിയ ഭരണസംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും തുടക്കമായി. അതിനു മുമ്പ് രാജകീയ നിയമങ്ങള്‍ ഉണ്ടാകുന്നത്, ഉദ്യോഗസ്ഥന്മാര്‍ തയ്യാറാക്കുന്ന രേഖ ദിവാന്‍ വഴി രാജാവിന് സമര്‍പ്പിക്കുകയും അദ്ദേഹം അതില്‍ തുല്യംചാര്‍ത്തുക അല്ലെങ്കില്‍ ഒപ്പിടുന്നതോടെയായിരുന്നു. എന്നാല്‍ പല രാജകീയ നിയമങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ 1805-ലെ കരാറിന് കടകവിരുദ്ധമായി വന്നു. ഇതേത്തുടര്‍ന്ന് മദ്രാസ് ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ 1882 ജൂലായ് 22ന് തിരുവിതാകൂര്‍ സര്‍ക്കാരിന് ഒരു കത്തയച്ചു. അതു പ്രകാരം മേലില്‍ തിരുവിതാംകൂര്‍ ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളുടെയും രേഖ റസിഡന്റ് വഴി മദ്രാസ് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും അംഗീകാരം കിട്ടിയാലേ നിയമമാക്കാനുള്ള വിളംബരം നടത്താവൂ എന്നായിരുന്നു ആ കത്ത്. (ഇതു സംബന്ധിച്ച വിവരം 1928 ഏപ്രില്‍ 21ന് ദിവാന്‍ എം.ഇ. വാട്‌സ് തയ്യാറാക്കിയ രേഖയിലുണ്ട്) ഇതാണ് നിയമങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധസമിതി രൂപവത്കരിക്കാനും പിന്നീട് അത് നിയമനിര്‍മാണസഭയായി മാറ്റാനും തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രേരകമായത് എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.
1861ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പ്രകാരം ആണ് തിരുവിതാംകൂറിലെ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അഥവാ നിയമനിര്‍മാണസഭ രൂപവത്കരിച്ചത്. സെക്രട്ടേറിയറ്റിലെ വടക്കേയറ്റത്തുള്ള ദിവാന്റെ ഓഫീസിലായിരുന്നു ആദ്യം യോഗം. ദിവാന്‍ ടി.രാമറാവു ആയിരുന്നു അധ്യക്ഷന്‍. എട്ടുപേര്‍ ആയിരുന്നു അംഗങ്ങള്‍. കാലാകാലങ്ങളില്‍ ഈ സമിതിക്ക് മാറ്റങ്ങള്‍ ഉണ്ടായി. അതോടെ അംഗങ്ങള്‍ കൂടി വന്നു. പിന്നീട് വോട്ടെടുപ്പിലൂടെ ഏതാനും പ്രതിനിധികളെ തിരഞ്ഞെടുത്തു.
1904ല്‍ ദിവാനായിരുന്ന വി.പി.മാധവറാവു ഭരണകാര്യങ്ങളില്‍ ജനഹിതം അറിയാനും അഭിപ്രായം കേള്‍ക്കാനും വിപുലമായ മറ്റൊരു സഭകൂടി രൂപവത്കരിക്കാന്‍ തിരുമാനിച്ചു.
ഇതിനുവേണ്ടി പ്രധാന പ്രമാണിമാരുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു. ഭക്തിവിലാസം (ഇപ്പോഴത്തെ ആകാശവാണി) ആയിരുന്നു ദിവാന്റെ ഔദ്യോഗിക വസതി. അവിടെ എത്തിയ പ്രമാണിമാരില്‍ പലരും പുതിയ സഭ രൂപവത്കരിക്കുന്നതിന് എതിര്‍പ്പ് രേഖപ്പെടുത്തി. രാജാവിലും ദിവാനിലും നിലനില്‍ക്കുന്ന അധികാരം താഴോട്ടു പങ്കുവെയ്ക്കുന്നത് ഭാവിയില്‍ അപകടം ചെയ്യുമെന്നായിരുന്നു അവരുടെ ഉപദേശം.
ഏതായാലും സഭ രൂപവത്കരണവുമായി ദിവാന്‍ മുന്നോട്ടുപോയി. അതാണ് 'ശ്രീമൂലം പ്രജാസഭ' അല്ലെങ്കില്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി. 1904 ഒക്‌ടോബര്‍ 22ന് വി.ജെ.ടി. ഹാളിലായിരുന്നു ആദ്യസമ്മേളനം. ഒരു ദിവസത്തേക്കുള്ള ഈ അസംബ്ലിയില്‍ വിവിധ രംഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 85 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ദിവാനായിരുന്നു രണ്ടു സഭകളുടെയും അധ്യക്ഷന്‍.പിന്നീട് കരംതീരുവ, ബിരുദം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതിലും കുറച്ചു പേരെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. അതോടൊപ്പം ശ്രീമൂലം പ്രജാസഭയില്‍ നിന്നും ഏതാനും പേരെ നിയമനിര്‍മാണ സഭയിലേക്കും തിരഞ്ഞെടുക്കാന്‍ അവകാശം ലഭിച്ചു. ശ്രീമൂലംതിരുനാളിന്റെ കാലത്തുതന്നെ നിയമനിര്‍മാണസഭയിലേക്ക് ഡോ.മേരി പുന്നന്‍ ലൂക്കോസിനെ നാമനിര്‍ദേശം ചെയ്തത് പുതിയ ചരിത്രമായി. നിയമസഭാംഗമാകുന്ന ഇന്ത്യയിലെ ആദ്യ വനിതയായിരുന്നു അവര്‍. ശ്രീമൂലം തിരുനാളിനുശേഷം റീജന്റ് റാണി സേതുലക്ഷ്മി ബായിയും പിന്നീട് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവും പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ശ്രീ ചിത്തിരതിരുനാള്‍ ആണ് ദ്വിമണ്ഡല സംവിധാനം കൊണ്ടുവന്നത്. ഇതുപ്രകാരം നിയമനിര്‍മാണസഭയ്ക്ക് ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്തിര കൗണ്‍സില്‍ എന്നും രണ്ടു മണ്ഡലങ്ങളുണ്ടായി. രണ്ടിന്റെയും അധ്യക്ഷന്‍ ദിവാനായിരുന്നു.
