NagaraPazhama

എലിനോര്‍ റൂസ്‌വെല്‍റ്റ് അനന്തപുരിയില്‍ അതിഥിയായെത്തിയപ്പോള്‍

Posted on: 29 Nov 2011



എലിനോര്‍ റൂസ്‌വെല്‍റ്റ് തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മേയറും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു


അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. കറുത്തവര്‍ഗത്തില്‍ നിന്നും വൈറ്റ്ഹൗസിലെത്തിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ മാത്രമല്ല, ഗാന്ധിജിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവ് എന്ന നിലയിലും ഇന്ത്യക്കാര്‍ക്ക് ഒബാമ പ്രിയങ്കരനാണ്. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് കറുത്തവര്‍ഗക്കാരുടെ മോചനത്തിനുവേണ്ടി പോരാടി മരണംവരിച്ച മാര്‍ട്ടിന്‍ ലൂതര്‍കിങ്ങി (ജൂനിയര്‍) നെ അനന്തപുരി മറന്നിട്ടില്ല. അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെ മോചനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ് വര്‍ണവിവേചനത്തിനെതിരെ മാത്രമല്ല, അമേരിക്ക വിയറ്റ്‌നാമില്‍ നടത്തിയ യുദ്ധത്തിനെതിരെയും ശബ്ദം ഉയര്‍ത്തി. 1964ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അദ്ദേഹം 1968ല്‍ ആണ് വെടിയേറ്റ് മരിച്ചത്. അരനൂറ്റാണ്ടിന് മുന്‍പ് അദ്ദേഹം അനന്തപുരി സന്ദര്‍ശിച്ചു. ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ അദ്ദേഹത്തിന്റെ മകന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ് മൂന്നാമനും ഏതാനും വര്‍ഷംമുന്‍പ് തലസ്ഥാനത്തെത്തി. തന്റെ അച്ഛന്‍കണ്ട അധഃസ്ഥിത വര്‍ഗത്തിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഉണ്ടായിരുന്ന സ്‌കൂള്‍ കാണണമെന്ന് മകന്‍ ആവശ്യപ്പെട്ടു. ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ പഠിച്ചിരുന്ന തമ്പാനൂര്‍ സ്‌കൂള്‍ ആയിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെയും മകനെയുംപോലെ ഗാന്ധിജിയെ സ്‌നേഹിക്കുന്ന ആളാണ് ഒബാമ.

യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ അമേരിക്കയുമായി സ്വാതന്ത്ര്യത്തിനു മുന്‍പ് ദീര്‍ഘകാല ബന്ധം കേരളത്തിനില്ല. അമേരിക്ക ബ്രിട്ടീഷ് നുകത്തില്‍ നിന്നും മോചിതമായി ഒരു സ്വതന്ത്ര രാജ്യമായതിന് അധികം പഴക്കമില്ലെന്നതാണ് അതിനു കാരണം. 1776-ല്‍ ആണ് അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം. അന്ന് തിരുവിതാംകൂര്‍, കൊച്ചി, സാമൂതിരിയുടെ കോഴിക്കോട് രാജ്യം, കോലത്തുനാട്എന്നീ വലിയ രാജ്യങ്ങളും അനേകം ചെറിയ നാടുകളുമായി കേരളം ചിതറിക്കിടക്കുകയായിരുന്നു. 1789ല്‍ ജോര്‍ജ് വാഷിങ്ടണ്‍ അമേരിക്കയിലെ ഒന്നാം പ്രസിഡന്റാകുമ്പോള്‍ തിരുവിതാംകൂറില്‍ ധര്‍മ്മരാജാവ് എന്നറിയപ്പെടുന്ന കാര്‍ത്തിക തിരുനാളാണ് ഭരണം നടത്തിയിരുന്നത്. അടുത്ത വര്‍ഷം കൊച്ചിയില്‍ ശക്തന്‍തമ്പുരാന്‍ രാജാവായി. ഇത്രകാലത്തെ പഴക്കമേ ഇന്ന് ലോകത്തെ പ്രധാന മഹാശക്തിയായി മാറിയ അമേരിക്കന്‍ ഐക്യനാടുകള്‍ക്കുള്ളൂ.

ഉത്രംതിരുന്നാള്‍ മഹാരാജാവ് (1847-1860) തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്ത് ജെയിംസ് ഡാറാ എന്ന അമേരിക്കക്കാരനാണ് ആലപ്പുഴ കേന്ദ്രീകരിച്ച് ആധുനിക കയര്‍ഫാക്ടറിക്ക് രൂപം നല്‍കിയത്. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പ്രധാന നാഴികക്കല്ലായിരുന്നു ആ സംഭവം.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ ആരും അനന്തപുരിയിലോ കേരളത്തിലോ സന്ദര്‍ശനം നടത്തിയിട്ടില്ല. എന്നാല്‍ അവരുടെ ഭാര്യമാരും മക്കളും ഇവിടെ വന്നിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുന്മാരായ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ഭാര്യ, ജോണ്‍ എഫ്.കെന്നഡിയുടെ ഭാര്യയും മകനും എന്നിവര്‍ ഇവരില്‍ ചിലരാണ്. കെന്നഡിയുടെ മകന്‍ രഹസ്യമായിട്ടാണ് വന്നുപോയത്. പഠനത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. ആലപ്പുഴയില്‍ വെച്ച് മുന്‍മന്ത്രി കെ. ആര്‍. ഗൗരിയമ്മയെ കണ്ടപ്പോഴാണ് രഹസ്യം പുറത്തായത്. കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ പുനര്‍വിവാഹത്തിനു ശേഷമാണ് അനന്തപുരിയിലെത്തിയത്. അവര്‍ കവടിയാര്‍ കൊട്ടാരത്തിലെത്തുമ്പോള്‍ അവസാനത്തെ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ സന്ദര്‍ശനം പത്രങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പഴമക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ഭാര്യ എലിനോര്‍ റൂസ്‌വെല്‍റ്റിന്റെ സന്ദര്‍ശനം ആണ്. മനുഷ്യാവകാശത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടതും പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും തന്റെ ആശയങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചതുമായ ധീരവനിതയായിരുന്നു എലിനോര്‍ റൂസ്‌വെല്‍റ്റ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തില്‍ അവര്‍ ഭര്‍ത്താവിന്റെ പ്രധാന സഹായി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീഴുന്ന സമയത്തായിരുന്നു പ്രസിഡന്റ് റൂസ്‌വെല്‍റ്റിന്റെ മരണം. ന്യൂയോര്‍ക്കിലെ ഒരു സാമൂഹ്യ പ്രവര്‍ത്തന കേന്ദ്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്‌ട്രോ വിത്സന്റെ വിധവയുമൊത്ത് പ്രവര്‍ത്തനത്തില്‍ മുഴകിയിരുന്ന എലിനോര്‍ തന്റെ ഭര്‍ത്താവ് മരിച്ച വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. പിന്നീട് അവര്‍ പൊതുരംഗത്തുനിന്നും വിട്ടുപോകുമോ എന്നുപോലും ആളുകള്‍ സംശയിച്ചു. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്.ട്രൂമാനും ലോകനേതാക്കളും അഭ്യര്‍ഥിച്ചതനുസരിച്ച് വീണ്ടും അവര്‍ പൊതുരംഗത്ത് സജീവമായി. ഐക്യരാഷ്ട്രസഭയുടെ ജനറല്‍അസംബ്ലി പ്രതിനിധിയായ അവര്‍ പിന്നീട് മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച നിയമരേഖ തയ്യാറാക്കുന്നതിന്റെ അധ്യക്ഷസ്ഥാനം വഹിക്കുമ്പോഴാണ് എലിനോര്‍ അനന്തപുരിയിലെത്തിയത്. അന്ന് തിരു-കൊച്ചി സംസ്ഥാനതലസ്ഥാനമായിരുന്നു തിരുവനന്തപുരം. 1952 മാര്‍ച്ച് 5ന് വിമാനത്താവളത്തിലെത്തിയ എലിനോറിനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി സി.കേശവനും മന്ത്രിമാരും നഗരപിതാവ് ഫെര്‍ണാണ്ടസും അടക്കം നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. രണ്ടു ദിവസം അവര്‍ അനന്തപുരിയിലുണ്ടായിരുന്നു. ധാരാളം നേതാക്കളും മതസംഘടനാ പ്രതിനിധികളും വനിതാ പ്രവര്‍ത്തകരും അവരെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. പോകുന്നതിനു മുന്‍പ് അവര്‍ പത്രസമ്മേളനവും നടത്തി.



MathrubhumiMatrimonial