NagaraPazhama

വനിതാമുന്നേറ്റം അനന്തപുരിയില്‍

Posted on: 29 Nov 2011



റാണി ഗൗരിലക്ഷ്മിബായ്, റാണി ഗൗരിപാര്‍വതി, ബായ് റീജന്റ് സേതുലക്ഷ്മിബായ്, ഡോ. മേരി പുന്നന്‍ ലൂക്കോസ്, അന്നാചാണ്ടി


അടുക്കളയിലും അന്തപ്പുരങ്ങളിലും മാത്രം ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ അധികാരപ്പദവികള്‍ പിടിച്ചെടുക്കുന്ന ദിനമാണ് ഇത്തവണത്തെ കേരളപ്പിറവി. ഒരുകാലത്ത് സ്ത്രീപുരുഷസമത്വത്തിനും വിധവാ വിവാഹത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനുമെല്ലാം വാദിച്ചതിന് പഴികേട്ടവരാണ് രാജ്യത്തെ നവോത്ഥാന നായകന്മാര്‍. സ്ത്രീ കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള വെറും ഉപകരണങ്ങളെപ്പോലെ കണ്ട സമൂഹമായിരുന്നു അന്നത്തേത്. അതിനുവേണ്ടി നീതി ശാസ്ത്രങ്ങള്‍ നിരത്തി യാഥാസ്ഥിതികര്‍ വാദിക്കാന്‍ തുടങ്ങി. ഇതിനെതിരെയാണ് രാജാറാം മോഹന്‍റോയിയും ഈശ്വരചന്ദ്ര വിദ്യാസാഗറും സ്വാമി വിവേകാനന്ദനും ഗാന്ധിജിയുമെല്ലാം ശബ്ദും ഉയര്‍ത്തിയത്. രണ്ട് ചിറകുള്ള ഒരു പക്ഷിക്കും ഒറ്റ ചിറകുകൊണ്ട് പറക്കാന്‍ കഴിയില്ലെന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ ഇന്ത്യയുടെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉയര്‍ച്ചയ്ക്കുംവേണ്ടി വാദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ളത്. വിധവാവിവാഹത്തിനുവേണ്ടിയും ബാലികവിവാഹത്തിനെതിരെയും നിയമങ്ങള്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സമുന്നതരായ ദേശീയ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ ബ്രിട്ടീഷ് നടപടിക്ക് അനുകൂലമായി പ്രസ്താവന പുറപ്പെടുവിച്ചു. സ്ത്രീകളുടെകൂടി മോചനത്തിലൂടെ മാത്രമേ, ഒരു ആധുനിക ഇന്ത്യ അദ്ദേഹം സ്വപ്നംകണ്ടിരുന്നുള്ളു. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ ലോകത്തോട് വിടപറയുന്ന അവസാനവര്‍ഷം നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ബാലഗംഗാധര തിലകന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ശാലകളും സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചത്. തിലകന്റെ മരണത്തോടെ ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലേക്കുയര്‍ന്നു.

അതോടെ കോണ്‍ഗ്രസ് കൂടുതല്‍ ജനകീയ പ്രസ്ഥാനമായി മാറി. അക്കാലത്താണ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. ഇതിന്റെയെല്ലാം പ്രതിഫലനം ആയിരുന്നു ഇന്ത്യയിലെ പ്രധാനമന്ത്രിസ്ഥാനത്തും രാഷ്ട്രപതി സ്ഥാനത്തും ലോക്‌സഭാ സ്പീക്കര്‍സ്ഥാനത്തും വരെ സ്ത്രീകള്‍ എത്തിയത്. എന്നാല്‍ അധഃസ്ഥിതിവര്‍ഗം ഉള്‍പ്പെടെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും അധികാരകേന്ദ്രങ്ങളില്‍ പുരുഷനോട് തുല്യമായി പദവി ലഭിക്കുന്ന സംഭവമാണ് 55-ാം കേരളപ്പിറവി ദിനത്തില്‍ നടക്കുന്നത്. നവംബര്‍ ഒന്നിന് ആയിരക്കണക്കിന് സ്ത്രീകള്‍ കേരളത്തിലാകമാനം പ്രതിജ്ഞചൊല്ലി തങ്ങളുടെ അധികാരം ഏറ്റെടുക്കും. ഇതൊരു ചരിത്ര സംഭവമാണ്.


എലിസബത്ത് കുരുവിള, ആനിമസ്‌ക്രീന്‍,കെ.ആര്‍.ഗൗരിയമ്മ, ഐഷാബായി



മധ്യകാലത്തിന് അന്ത്യംകുറിച്ചുകൊണ്ട് യൂറോപ്യന്‍ ശക്തികള്‍ കേരളക്കരയിലെത്തുമ്പോള്‍ ഇവിടത്തെ സ്ത്രീകള്‍ ചില സ്ഥലങ്ങളിലെങ്കിലും ഭരണരംഗത്തുണ്ടായിരുന്നു. മലബാറിലെ അറയ്ക്കല്‍ ബീവിയും തിരുവിതാംകൂ (വേണാട്)റില്‍ ആറ്റിങ്ങല്‍ റാണിയുമാണ് ഭരിച്ചിരുന്നത്. പക്ഷേ, സവര്‍ണമേധാവിത്വത്തിലും പൗരോഹിത്യത്തിലുമധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. ഉന്നതകുലജാതകളായ സ്ത്രീകള്‍ അക്ഷരാഭ്യാസവും കലാവിദ്യകളും അഭ്യസിച്ചിരുന്നു. എന്നാല്‍, അവര്‍പോലും പുരുഷന്മാരുടെ സുഖഭോഗവസ്തുക്കളായിട്ടാണ് കണ്ടിരുന്നത്. സമൂഹത്തില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍പോലും അനുവാദം ഉണ്ടായിരുന്നില്ല. ഇതിനെല്ലാമെതിരെ ശബ്ദമുയര്‍ത്താന്‍ വഴിതെളിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവാണ്. ഇതില്‍ എല്‍.എം.എസ്സില്‍ നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മിസ്സിസ് ചാള്‍സ്മീഡിന്റെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. അവരാണ് സ്ത്രീവിദ്യാഭ്യാസത്തിന് ആദ്യം തുടക്കം കുറിച്ചത്. തിരുവിതാംകൂര്‍ ഭരിച്ച റാണി ഗൗരി ലക്ഷ്മീബായി, റാണി ഗൗരി പാര്‍വതീബായി എന്നിവരുടെ കാലത്ത്‌സാമൂഹ്യമാറ്റത്തിന് ഗുണകരമായ പല നടപടികളുമുണ്ടായി. ഇതിനുശേഷം തെക്കന്‍തിരുവിതാംകൂറില്‍ നടന്ന 'മാറുമറയ്ക്കല്‍' സമരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഉത്രംതിരുനാളിന്റെ കാലമായപ്പോഴേക്കും അനന്തപുരിയില്‍ ഒരു പെണ്‍ പള്ളിക്കൂടംതന്നെ ഉയര്‍ന്നു. ഇതാണ് പില്‍ക്കാലത്ത് വിമന്‍സ് കോളേജായി വളര്‍ന്നത്.

ശ്രീമൂലംതിരുനാള്‍ സെക്കന്‍ഡ് ഗ്രേഡ് കോളേജാക്കി ഉയര്‍ത്തിയ ഈ സ്ഥാപനം, റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ കാലത്ത് ഒന്നാം ഗ്രേഡ് കോളേജായി. നൂറുകണക്കിന് വനിതകള്‍ ഇവിടെനിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് മാത്രമല്ല, പ്രധാനരംഗങ്ങളില്‍ അവരെ കൊണ്ടുവരുന്നതിനും റീജന്റ് റാണി സേതുലക്ഷ്മീബായിയുടെ പ്രവര്‍ത്തനം മഹത്തരമായിരുന്നു. എലിസബത്ത് കുരുവിള എന്ന വനിതയെ ആദ്യമായി തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് റീജന്റ് മഹാറാണിയാണ്. അതിനുമുമ്പ് തിരുവിതാംകൂര്‍ സര്‍ജന്‍ എന്ന നിലയില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസ് നിയമസഭയില്‍ അംഗമായിരുന്നു. മഹാരാജാസ് കോളേജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യ വനിത, ബിരുദധാരിണി, തിരുവിതാംകൂറില്‍നിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയ വനിത, തിരുവിതാംകൂറിലെന്നല്ല ലോകത്തെതന്നെ ആദ്യത്തെ വനിതാ സര്‍ജന്‍സ് ജനറല്‍ എന്ന നിലകളിലും ഡോ. മേരി പുന്നന്‍ ലൂക്കോസ് പ്രശസ്തയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ വനിതാ നിയമസഭാംഗവും മേരി പുന്നന്‍ ലൂക്കോസാണ്. അതുപോലെ മറ്റൊരു നിയമസഭാംഗമായിരുന്ന അന്നാചാണ്ടിയാണ് കേരളത്തിലെ ആദ്യത്തെ വനിതാഅഭിഭാഷകയും ആദ്യത്തെ വനിതാ ജഡ്ജിയും. തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ഭരണഘടന നിര്‍മാണസഭയില്‍ അംഗമായിരുന്ന വനിതയാണ് ആനി മസ്‌ക്രീന്‍. ഐക്യകേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി കെ.ആര്‍.ഗൗരിയമ്മയും. ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായ കെ.ഒ.അയിഷാബായിയുടെ കാലമായപ്പോഴേയ്ക്കും വനിതകളുടെ മുന്നേറ്റത്തിന്റെ പുതിയ നാഴികക്കല്ല് ഉയര്‍ന്നു.

വനിതാ മുന്നേറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചരിത്രം ഇപ്പോള്‍ തിരുവനന്തപുരത്തിനാണ്. ഇവിടത്തെ ആദ്യ വനിതാ മേയര്‍ പ്രൊഫ. ജെ.ചന്ദ്രയാണ്. അവര്‍ ഉള്‍പ്പെടെ 52 വനിതകളാണ് പുതിയ കൗണ്‍സിലില്‍ ഉള്ളത്. ആകെ നൂറ് വാര്‍ഡുകളുള്ള കൗണ്‍സിലില്‍ വനിതകള്‍ക്കാണ് ഭൂരിപക്ഷം. 1940ല്‍ തിരുവനന്തപുരം നഗരസഭ ആരംഭിക്കുമ്പോള്‍ 24 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുംഒരു വനിത ഉള്‍പ്പെടെ എട്ട് നോമിനേറ്റഡ് മെമ്പര്‍മാരുമാണ് ഉണ്ടായിരുന്നതെന്ന് ഓര്‍ക്കുക.



MathrubhumiMatrimonial