
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു
Posted on: 29 Nov 2011

അനന്തപുരിയുടെ തിലകക്കുറിയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഒരിക്കല്‍ കൂടി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. എത്രയോ മഹാരാജാക്കന്മാര്‍ക്കും സംഭവങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാക്ഷിയായ ഈ മഹാക്ഷേത്രത്തില്‍ 2011 ജൂണ്‍ 27ന് നടക്കുന്ന സംഭവം ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായിരിക്കും. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രണ്ട് റിട്ട. ജഡ്ജിമാരും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂട്ടിയിട്ട കല്ലറ തുറന്ന് പരിശോധിക്കും. ഈ കല്ലറയില്‍ വജ്രം, സ്വര്‍ണം, തങ്കം, വെള്ളി തുടങ്ങിയവയുടെ ശേഖരം ഉണ്ടെന്നാണ് വിശ്വാസം. ഇവ തിട്ടപ്പെടുത്താനാണ് സുപ്രീംകോടതി നിര്‍ദേശം. ഒരു നൂറ്റാണ്ടിലേറെയായി ഈ കല്ലറ പൂട്ടിക്കിടക്കുന്നുവെന്നാണ് പറയുന്നത്. 1880-1885 വരെ തിരുവിതാംകൂര്‍ ഭരിച്ച വിശാഖം തിരുനാളിന്റെ കാലത്താണ് ഈ കല്ലറ അവസാനമായി തുറന്നതെന്ന് വിശ്വസിക്കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദൈനംദിന പൂജാകാര്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതുള്‍പ്പെടെ ആറ് കല്ലറകള്‍ ആണുള്ളത്. ഇവയില്‍ ഏറ്റവും പഴക്കം ചെന്ന രണ്ട് കല്ലറകളാണ് തുറക്കാന്‍ പോകുന്നത്. പണ്ടുമുതല്‍ രാജാക്കന്മാരും പ്രമാണിമാരും പ്രഭുക്കന്മാരും അയല്‍രാജ്യക്കാരും സംഭാവനയായും പ്രായശ്ചിത്തമായും നല്‍കിയ അമൂല്യമായ രത്‌ന, സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് പൊതുവേ ധാരണ. ഇതിന് ഉപോത്ബലകമായി മതിലകം രേഖകളിലെ ചില സംഗതികളും ചരിത്രകാരന്മാര്‍ എടുത്തുകാണിക്കുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-1756)യ്ക്ക് എത്രയോ മുമ്പ് ഈ ക്ഷേത്രത്തില്‍ ആനയായും സ്വര്‍ണ-വെള്ളി ആഭരണങ്ങളായും സംഭാവന നല്‍കിയ ഒട്ടേറെ രേഖകളുണ്ട്. ലഭ്യമായ രേഖകള്‍ അനുസരിച്ച് കൊല്ലവര്‍ഷം 634 (ഇംഗ്ലീഷ് വര്‍ഷം 1458)ല്‍ ഇവിടത്തെ നിലവറയില്‍ നിന്നും ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പുറത്തെടുത്തതിന്റെ തെളിവ് മതിലകം റിക്കാര്‍ഡില്‍ (ശ്രീ ചിത്രോദയ ഹജുര്‍സെന്‍ട്രല്‍ റിക്കാര്‍ഡ് ഗ്രന്ഥവരി - പ്രസാധകന്‍ മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍) ഉണ്ട്. അക്കാലത്ത് ക്ഷേത്രം തൃപ്പാപ്പുര്‍ മൂത്ത തിരുവടി (രാജാവ്)യുടെ അധീനതയിലായിരുന്നു. ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിന് സമീപത്തുള്ള കുളത്തൂര്‍ വീട്ടില്‍ ആണ് രാജാവ് താമസിച്ചിരുന്നത്. സ്വാമിയാരും 'സഭ'യുമാണ് ക്ഷേത്രഭരണം നിയന്ത്രിച്ചിരുന്നത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യം കുട്ടികള്‍ക്കു പോലും അറിയാം. എന്നാല്‍ ഇതിന്റെ യഥാര്‍ഥ ചരിത്രം ഇന്ന് ഇരുള്‍ മൂടിക്കിടക്കുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ (കാലത്തെപ്പറ്റി തര്‍ക്കം ഉണ്ട്) പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മധുര കേന്ദ്രമായി നിലനിന്നിരുന്ന 'സംഘം' എന്ന കവിസദസ് അംഗീകരിച്ച കൃതികളില്‍ നിന്നാണ് കേരളത്തിന്റെ ആദ്യകാലചരിത്രം ലഭിക്കുന്നത്. ഇതുപ്രകാരം തെക്ക് ആയ്‌രാജാക്കന്മാരും വടക്ക് ഏഴിമല രാജാക്കന്മാരും മധ്യഭാഗം ചേര രാജാക്കന്മാരും ആണ് കേരളം ഭരിച്ചിരുന്നത്. ആയ് രാജാക്കന്മാരുടെ വക ആയിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. എ. ഡി. 10-ാം നൂറ്റാണ്ടോടുകൂടി ആയ്‌രാജവംശം തകരുകയും 'വേണാട്' എന്ന രാജ്യം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ തിരുവനന്തപുരത്തിന് സമീപത്തുള്ള തൃപ്പാപ്പുര്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ആയ്‌രാജാക്കന്മാരുടെ ശാഖ പിന്നീട് വേണാട്ടില്‍ ലയിച്ചു. ഇതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വേണാട് രാജാക്കന്മാരുടെ വകയായി എന്നു കരുതുന്നു. വേണാടിന്റെ പ്രധാന രാജാവ് 'ചിറവാമൂപ്പന്‍' എന്നും യുവരാജാവിനെ 'തൃപ്പാപ്പുര്‍ മൂപ്പന്‍' എന്നും വിളിച്ചിരുന്നു. ഇദ്ദേഹത്തിനായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുമതല. ചിറവാമൂപ്പന്‍ കൊല്ലത്തേക്ക് പിന്നീട് താമസം മാറ്റി. വേണാട് പല ശാഖകളായി മാറിയപ്പോഴും എല്ലാവരെയും ഏകോപിപ്പിച്ചിരുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രമായിരുന്നു. നൂറ്റാണ്ടുകള്‍ പിന്നീടും പലതുകടന്നുപോയി. ക്ഷേത്രത്തെയും അതിന്റെ വസ്തുക്കളെയും സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നു. രാജാവ് ക്ഷേത്രഭരണത്തില്‍ പിടിമുറുക്കിയതോടെ അതിന്റെ ഭരണം നടത്തിയിരുന്ന സഭ (യോഗം)യും അവരുടെ കീഴില്‍ വസ്തുക്കള്‍ നോക്കിയിരുന്ന പിള്ളമാരും അദ്ദേഹത്തില്‍ നിന്നും അകന്നു. അതോടെ തര്‍ക്കവും ബഹളവുമായി. ഇതുകാരണം പല പ്രാവശ്യവും ക്ഷേത്രം അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം മതിലകം രേഖകളിലുണ്ട്. രാജാവ് ഒരു ഭാഗത്തും സഭ (യോഗക്കാര്‍) യും പിള്ളമാരും മറുഭാഗത്തുമായി ഘോരമായ ആഭ്യന്തര കലഹം നടക്കുകയും ഇംഗ്ലീഷുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും കച്ചവട താല്പര്യത്തോടെ കരുക്കള്‍ നീക്കുകയും ചെയ്യുമ്പോഴാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട്ടില്‍ പുതിയ ഭരണാധികാരിയാകുന്നത്. വിശാലമായ തിരുവിതാം കൂറിന്റെ ശില്പിയായ അദ്ദേഹമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഇന്നത്തെ നിലയില്‍ പരിഷ്‌കരിച്ചത്. 'തൃപ്പടിദാനം' എന്ന ചടങ്ങുവഴി മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിച്ച് ശ്രീപദ്മനാഭ ദാസനായി മാറി. അതോടെ ഈ ക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണഘടന പോലെയായി മാറി. മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ അവസാനം ഭരിച്ച ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ രാജാവ് വരെ ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ് അതായത് ശ്രീപദ്മനാഭന്റെ പ്രതിനിധിയായിട്ടാണ് രാജ്യം ഭരിച്ചത്. ഇവിടത്തെ ചടങ്ങുകള്‍ പല പ്രാവശ്യവും ഇംഗ്ലീഷ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ഒന്നും മാറ്റാന്‍ ഒരു രാജാവും തയ്യാറായില്ല. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപദ്മനാഭന് സമര്‍പ്പിച്ച രാജ്യം എങ്ങനെയാണ് താന്‍ മറ്റൊരു രാജ്യത്തോട് ലയിപ്പിക്കുന്നതിന് വിളംബരം നടത്തുന്നതെന്ന് തിരു-കൊച്ചി സംയോജന കാലത്ത് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് സംശയം ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് പ്രഖ്യാപനത്തിന് പകരം സംഭവത്തെ അനുകൂലിച്ചുകൊണ്ട് കത്ത് നല്‍കാനും ലയന സമയത്ത് ചീഫ് ജസ്റ്റിസ് രാജാവിന് പകരം അത് വായിക്കാനും ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശിച്ചു. അത് മഹാരാജാവ് സമ്മതിച്ചു. അങ്ങനെ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക് വൈകാരികമായി വളരെ ബന്ധമുള്ളതാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. കാലം കടന്നുപോകുന്തോറും ഈ ക്ഷേത്രം പുതിയ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
