NagaraPazhama

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനാണയം കാണാത്തതിന് പിഴ

Posted on: 16 Nov 2011


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച സംഘത്തിന്റെ പ്രവര്‍ത്തനം ആഗസ്ത് ഒന്നിന് പ്രവര്‍ത്തനം തുടങ്ങുമെന്നാണറിയുന്നത്. ശേഷിക്കുന്ന 'ബി' നിലവറ തുറക്കുന്ന കാര്യവും ഈ സമിതിയാണ് തീരുമാനിക്കുക. എന്നാല്‍, സുപ്രീംകോടതിയുടെ അനുവാദം കിട്ടിയാലേ അത് ഉണ്ടാകൂ. അഞ്ചംഗ വിദഗ്ധ സംഘത്തെയാണ് സുപ്രീംകോടതി നിയമിച്ചിട്ടുള്ളത്. മേല്‍നോട്ടത്തിനായി മറ്റൊരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ കാരണവരായ ഉത്രാടംതിരുനാള്‍ മാത്താണ്ഡവര്‍മയുടെ പ്രതിനിധിയും ഉണ്ട്. എങ്ങനെയാണ് വിഗ്ധ സമിതി ഈ അമൂല്യശേഖരം തിട്ടപ്പെടുത്താന്‍ പോകുന്നതെന്നോ അതിന് എത്ര സമയം വേണ്ടിവരുമെന്നോ ഇപ്പോള്‍ പറയാന്‍ പറ്റില്ല.

ശ്രീപദ്‌നാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളെ സംബന്ധിച്ചും അതു തുറന്ന് കാലാകാലങ്ങളില്‍ പൂജാസാധനങ്ങള്‍ പുറത്തേയ്ക്ക് എടുത്തതിനെ സംബന്ധിച്ചും ധാരാളം രേഖകള്‍ സംസ്ഥാന പുരാരേഖ വകുപ്പിലുണ്ട്. ഈ ലക്ഷക്കണക്കിന് രേഖകളില്‍നിന്നും കുറച്ചുമാത്രമാണ് മഹാകവി ഉള്ളൂര്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ളത്. അതില്‍ പറയുന്നതു കൂടാതെ തെക്കേഅമ്പലത്തിന്റെ കിഴക്കേ കല്ലറ, വേദവ്യാസകോണത്ത് കല്ലറ, ശ്രീ മഹാഭാരതകോണത്ത് കല്ലറ എന്നിവയെപ്പറ്റി രേഖകളുണ്ട്. ഇതുപ്രകാരം കൊല്ലവര്‍ഷം 914 (1739)ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്താണ് കല്ലറ തുറന്ന് ആഭരണങ്ങള്‍ പുറത്തെടുത്തിരിക്കുന്നത്. എന്നാല്‍ തിരികെ വെച്ചുപൂട്ടിയിട്ടില്ലെന്ന് കാണുന്നു. (ഓലനമ്പര്‍ 389, മതിലകം ഇന്‍ഡക്‌സ് 30)

കൊല്ലവര്‍ഷം 928 (1753) മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുതന്നെ കല്ലറയ്ക്കകത്തുനിന്നും എടുത്ത പൊന്നും വെള്ളിയും ഉരുക്കിക്കിട്ടിയ വക (മതിലകം ഇന്‍ഡക്‌സ് 21) എന്ന് കാണുന്നു. കൊല്ലവര്‍ഷം 933 (ഇംഗ്ലീഷ് വര്‍ഷം: 1758) ല്‍ ഭദ്രദീപത്തിന് പൊന്‍, വെള്ളിപാത്രങ്ങള്‍ എടുത്തതു സംബന്ധിച്ചാണ്. രണ്ടുവര്‍ഷം കഴിഞ്ഞുള്ള രേഖയില്‍ കിഴക്കേ കല്ലറ സംബന്ധിച്ച് പറയുന്നു. കൊല്ലവര്‍ഷം 982-ലെ രേഖയില്‍ വേദവ്യാസ കല്ലറയില്‍നിന്നും വെള്ളിപ്പാത്രം എടുത്തതാണ്. അതേവര്‍ഷം (ഇ.വ. 1807) യോഗത്തിന്റെ അനുവാദമില്ലാതെ കിഴക്കേ കല്ലറയില്‍നിന്നും എടുത്ത സാധനങ്ങള്‍ തിരിച്ച് അവിടെത്തന്നെ വെച്ചുപൂട്ടി താക്കോല്‍ യോഗക്കാരെ ഏല്പിച്ചതായാണ് പരാമര്‍ശം. (ചുരുണ 2439, ഓല 185).

ഈ രേഖയില്‍ 974-ാമാണ്ട് (1799) യോഗത്തിലുള്ളവരും ചെല്ലം കാര്യക്കാരും ചെന്ന് കല്ലറയില്‍ നിന്നും ദ്രവ്യം എടുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ചില തര്‍ക്കങ്ങളുണ്ടായതായി രേഖയില്‍ നിന്നും മനസ്സിലാക്കാം. പിന്നീട് താക്കോല്‍ സഭയിലെ മൂത്ത കൂവക്കര പദ്മനാഭന്‍ വശം കൊടുത്ത് പ്രശ്‌നം പരിഹരിച്ചു.

രേഖകളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. കല്ലറകളില്‍ നിന്നും എടുക്കുന്നതും തിരികെ വെയ്ക്കുന്നതുമായ ആഭരണങ്ങള്‍ക്കും മറ്റ് സ്വര്‍ണ-വെള്ളി പൂജാ സാധനങ്ങള്‍ക്കും കര്‍ശനമായ പരിശോധന ഉണ്ടായിരുന്നു. വളരെ പരിപാവനതയോടും സത്യസന്ധതയോടുമാണ് ഇത് എടുക്കുകയും തിരികെ വെയ്ക്കുകയും ചെയ്തിരുന്നത്. ഇവയില്‍ ഏതെങ്കിലും കുറവുവന്നാല്‍ മേല്‍നോട്ടക്കാരനായിരുന്നു ഉത്തരവാദിത്വം.

കൊല്ലവര്‍ഷം 1007 (ഇ.വ.1832) ലെ അല്പശി ഉത്സവത്തിന് എടുത്തതില്‍ ഏതാനും സ്വര്‍ണനാണയങ്ങള്‍ കാണാതായി. പകരം അതിന് ബന്ധപ്പെട്ടവരില്‍ നിന്നും പിഴ ഈടാക്കുകയുണ്ടായി. കൊല്ലവര്‍ഷം 1030 (ഇ.വ 1855) ലെ രേഖയില്‍ ശ്രീ മഹാഭാരതകോണത്തു കല്ലറയില്‍ ഗാട്ടുകാരെ കൊണ്ട് പാറാവിട്ടതിനെപ്പറ്റി വിവരണം ഉണ്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളെപ്പോലെ തന്നെ തിരുവാഭരണങ്ങളെപ്പറ്റി മതിലകം രേഖകള്‍ നല്‍കുന്ന വിവരണം ആരെയും അത്ഭുതപ്പെടുത്തും. കൊല്ലവര്‍ഷം 648 (ഇ.വ 1473) മുതലാണ് രേഖകള്‍ കാണുന്നത്. പുരാരേഖാ വകപ്പിലുള്ള ലക്ഷക്കണക്കിന് രേഖകളില്‍ ഒരംശം മാത്രമാണ് പകര്‍ത്തി എഴുതിയിട്ടുള്ളത്. 648 രേഖപ്രകാരം ശ്രീപദ്മനാഭസ്വാമിക്ക് പൊന്നിന്‍ചിരട്ട ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തെപ്പറ്റിയാണ് പറയുന്നത്. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758)യുടെ ഭരണകാലത്തിന് 256 വര്‍ഷം മുമ്പാണ് ഇതെന്ന് ഓര്‍ക്കണം. പിന്നീടങ്ങോട്ട് ശ്രീപദ്മനാഭസ്വാമിക്ക് വെള്ളികൊണ്ടും സ്വര്‍ണംകൊണ്ടും ഗരുഡനെ പണിതതും തിരുവാഭരണം വാര്‍പ്പിച്ചതും ശ്രീകൃഷ്ണന് പൊന്നിന്‍ ചങ്ങല നിര്‍മിച്ചതും പൊന്നിന്‍ ചിലങ്ക നിര്‍മിച്ചതും സിംഹാസനം തീര്‍ത്തതും സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടും പല്ലക്ക് തീര്‍ത്തതും തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് ഈ രേഖകളില്‍ ഉള്ളത്.

ഇതില്‍നിന്നെല്ലാം ഏത് ദേവനെക്കാളും ആഭരണങ്ങള്‍ ശ്രീപദ്മനാഭന് ഉണ്ടായിരുന്നതായി വ്യക്തമാണ്.





MathrubhumiMatrimonial