NagaraPazhama

ശ്രീപദ്മനാഭസ്വാമിക്ഷേത്രവും തിരുവനന്തപുരം നഗരവും

Posted on: 16 Nov 2011


ശ്രീപദ്മനാഭസ്വാമിക്ഷേത്രവും അവിടത്തെ വമ്പിച്ച സ്വര്‍ണ-രത്‌നക്കല്ലുകളുടെ ശേഖരവും സംബന്ധിച്ച് അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും മാത്രം അറിയപ്പെട്ടിരുന്ന 'തിരുവനന്തപുരം' നഗരം വിശ്വവിഖ്യാതമായിരിക്കുന്നു. വിശ്വസഞ്ചാരികളാരുംതന്നെ രേഖപ്പെടുത്താത്ത ക്ഷേത്രനഗരമായിരുന്നു തിരുവനന്തപുരം. മാര്‍ക്കോപോളോ കന്യാകുമാരിയെയും കൊല്ലത്തെയും പറ്റി പറഞ്ഞിട്ടുണ്ട്. കൊച്ചി പോര്‍ട്ടുഗീസുകാരില്‍നിന്നും പിടിച്ചെടുത്ത് അവിടത്തെ ഭരണം നിയന്ത്രിച്ച ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്യാപ്ടന്‍ ന്യൂഹാഫ് 1664 കാലത്ത് കച്ചവട ഉടമ്പടി ഉണ്ടാക്കാന്‍ തെക്കന്‍ നാടുകള്‍ സന്ദര്‍ശിച്ചു. കൊല്ലവും ആറ്റിങ്ങലും കൊട്ടാരക്കരയുംകല്‍ക്കുളവും സന്ദര്‍ശിച്ച അദ്ദേഹം തിരുവനന്തപുരത്ത് എത്തിയതായി രേഖയില്ല. കാരണം വ്യക്തമാണ്. പില്‍ക്കാലത്ത് പദ്മനാഭപുരം ആയ കല്‍ക്കുളത്തായിരുന്നു അന്ന് തിരുവിതാംകോട് (വേണാട്) രാജാവിന്റെ ആസ്ഥാനം.

തിരുവിതാംകൂറിന് ആ പേര് ലഭിക്കാന്‍ കാരണം അതിന്റെ തലസ്ഥാനമായ 'തിരുവിതാംകോടി'ല്‍ നിന്നാണെന്നും കന്യാകുമാരിമുതല്‍ കൊല്ലംവരെയാണ് അതിന്റെ വിസ്തൃതിയെന്നും ന്യൂഹാഫ് എഴുതി. തേങ്ങാപ്പട്ടണത്തുനിന്നും 12 നാഴിക അകലെയുള്ള വലിയ മലയിലാണ് കല്‍ക്കുളം സ്ഥിതിചെയ്യുന്നതെന്നും കൊട്ടാരം ചുറ്റി 24 അടി പൊക്കമുള്ള കോട്ടയുണ്ടെന്നും ന്യൂഹാഫ് വിവരണത്തില്‍ പറയുന്നു. ഈ കോട്ടയും കൊട്ടാരവും പുതുക്കി പണിതതും പദ്മനാഭപുരം കൊട്ടാരം എന്ന് പേര് നല്‍കിയതും അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. തന്റെ രാജ്യം 'തൃപ്പടിദാനം' വഴി കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചശേഷമായിരുന്നു ഈ പേര് മാറ്റം നടന്നത്. ആഭ്യന്തര കലഹംകൊണ്ട് പല പ്രാവശ്യവും മരണം മുഖത്തോടുമുഖത്തെത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഒരു വലിയ പ്ലാവിന്റെ പോട്ടില്‍ കയറിയാണ് അദ്ദേഹം ഒളിച്ചിരുന്നത്. രാജാവായപ്പോള്‍ അവിടെ അദ്ദേഹം ക്ഷേത്രം പണിതു. അതുപോലെ കുളച്ചലില്‍ ഡച്ചുകാരുമായുള്ള യുദ്ധത്തിന് പോകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ നാവികശക്തിയോടാണ് താന്‍ ഏറ്റുമുട്ടാന്‍ പോകുന്നതെന്ന് മാര്‍ത്താണ്ഡവര്‍മയ്ക്ക് അറിയാമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഉരുക്ക് ഹൃദയവും നിശ്ചയദാര്‍ഢ്യവും യുദ്ധത്തിന് പ്രേരകമാക്കി. തിരുവട്ടാര്‍ ആദികേശവക്ഷേത്രത്തില്‍ തന്റെ ഉടവാള്‍ പൂജിച്ച് വാങ്ങിയശേഷമാണ് മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുമായി യുദ്ധത്തിന് പുറപ്പെട്ടത്. അദ്ദേഹത്തിന്റെ പടയാളികള്‍ എയ്തുവിട്ട ഒരു 'തീഅസ്ത്രം' ഡച്ചുകാരുടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിപ്പിക്കുകയും കാറ്റും മഴയും കാരണം കൂടുതല്‍ ഡച്ച് പടക്കപ്പലുകള്‍ക്ക് കുളച്ചലില്‍ യുദ്ധത്തിനെത്താന്‍ കഴിയാതിരുന്നതുമാണ് മാര്‍ത്താണ്ഡവര്‍മയുടെ വിജയത്തിനാധാരം. ഇങ്ങനെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഒരു അദൃശ്യശക്തിയായി തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമി സഹായിക്കുന്നുവെന്ന് മാര്‍ത്താണ്ഡവര്‍മയ്ക്ക് തോന്നിയതുകാരണമാകാം തിരുവനന്തപുരത്തെ ക്ഷേത്രം പുനരുദ്ധരിക്കാനും അവിടെ തൃപ്പടിദാനം വഴി തന്റെ രാജ്യം സമര്‍പ്പിക്കാനും പ്രേരണ നല്‍കിയത്.

അതോടെ തിരുവനന്തപുരം തെക്കേ ഇന്ത്യയിലെ ശ്രദ്ധാകേന്ദ്രമായി മാറി. തലസ്ഥാനം അപ്പോഴും പദ്മനാഭപുരം (കല്‍ക്കുളം) ആയിരുന്നുവെങ്കിലും യുദ്ധത്തിലും മറ്റ് കാര്യങ്ങളിലും പങ്കെടുക്കാനുള്ളതിനാല്‍ മിക്ക സമയത്തും മാര്‍ത്താണ്ഡവര്‍മ തിരുവനന്തപുരത്തായിരുന്നു. ഇവിടെവെച്ചായിരുന്നു അന്ത്യവും. അദ്ദേഹത്തിന്റെ അനന്തിരവനും അടുത്ത രാജാവുമായ കാര്‍ത്തികതിരുനാള്‍ (ധര്‍മരാജാവ്) മഹാരാജാവിന്റെ കാലത്തിന്റെ അവസാനത്തോടെ തിരുവനന്തപുരം തലസ്ഥാനമായി. അക്കാലംമുതല്‍ ഇന്നോളം അനന്തപുരിയുടെ പ്രതാപം നിലനില്‍ക്കുന്നു. ദിവാന്മാര്‍ (ദളവ) എവിടെയാണോ അവിടെയാണ് മുമ്പ് തിരുവിതാംകൂറിന്റെ ഭരണകാര്യാലയമായ ഹജൂര്‍കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥിതിചെയ്തിരുന്നത്. മാവേലിക്കര, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഇത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സ്വാതിതിരുനാള്‍ മഹാരാജാവാണ് കൊല്ലത്തുനിന്നും കച്ചേരി സ്ഥിരമായി തിരുവനന്തപുരത്തേക്ക് മാറ്റിയത്. കോട്ടയ്ക്കകത്താണ് ആദ്യം കച്ചേരി പ്രവര്‍ത്തിച്ചത്. ഇതിനുവേണ്ടിയുള്ള കെട്ടിടങ്ങളും മറ്റും നിര്‍മിച്ചതുസംബന്ധിച്ച രേഖ പുരാരേഖവകുപ്പിലുണ്ട്. അക്കാലത്ത് പ്രധാന ഓഫീസുകളും കൊട്ടാരങ്ങളുമെല്ലാം കോട്ടയ്ക്കകത്തായിരുന്നു. ഇതില്‍ ഒരു വ്യത്യാസം കാണുന്നത് സ്വാതിതിരുനാളിന്റെ താത്കാലിക കൊട്ടാരമാണ്. അദ്ദേഹം പാട്ടുപാടാനും പഠിക്കാനും സായംസന്ധ്യകളില്‍ ഏകനായി ഇരിക്കാനും മുടവന്‍മുകള്‍ കുന്നില്‍ ഒരു കൊട്ടാരം പണിതു. ഇപ്പോള്‍ ആ കെട്ടിടം ഇല്ല. സി.പി.നായര്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് അവിടെ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇന്നും അത് നടന്നില്ലെന്നാണ് അറിയുന്നത്. കോട്ടയ്ക്കകത്ത് സര്‍ക്കാര്‍ ഓഫീസുകളും ഹജൂര്‍കച്ചേരിയും സ്ഥിതിചെയ്യുന്നതിനാല്‍ അയിത്ത ജാതിക്കാര്‍ക്ക് അതിനകത്ത് കയറാന്‍ വിഷമമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് ഹജൂര്‍കച്ചേരിയുടെ ഒരു ഭാഗം അവിടെനിന്നും മാറ്റാന്‍ തീരുമാനിച്ചത്. അതാണ് ആനക്കച്ചേരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെട്ടിടം. ഇന്നത്തെ പങ്കജ്‌ഹോട്ടലിന് എതിര്‍വശത്ത് മുമ്പുണ്ടായിരുന്ന ആനക്കച്ചേരി പണിതത് ഉത്രംതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. തിരുവിതാംകൂറിന്റെ ചിഹ്നവും ആനയുടെ ചിത്രവും ഉള്ളതിനാലാണ് പഴമക്കാര്‍ ആനക്കച്ചേരി എന്ന് വിളിച്ചിരുന്നത്. അത് പൊളിച്ചാണ് ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ട്രഷറി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വലിയ സൗധം പിന്നീട് പണിതത്. ആനക്കച്ചേരി പണിത് വളരെക്കാലം കഴിഞ്ഞപ്പോഴാണ് സെക്രട്ടേറിയറ്റ് മന്ദിരം പണിതത്. കേരള ചരിത്രത്തിന്റെ കഥ പറയുന്ന മുത്തശ്ശിയായും തിരുവനന്തപുരത്തെ തിലകക്കുറിയായും ആ മന്ദിരം ഇന്നും നിലനില്‍ക്കുന്നു.






MathrubhumiMatrimonial