
ഹിരണ്യഗര്‍ഭച്ചടങ്ങിന് ഡച്ചുകാരോട് ചോദിച്ചത് 10,000 കഴിഞ്ച് സ്വര്‍ണം
Posted on: 16 Nov 2011

ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് തറക്കല്ലിട്ട പ്ലാസിയുദ്ധം നടക്കുന്നതിന് പതിനെട്ടുവര്‍ഷം മുമ്പായിരുന്നു ആ സംഭവം.
കേരളത്തില്‍ തെക്കേ അറ്റത്തുള്ള വേണാട് എന്ന ചെറിയ നാട്ടുരാജ്യത്തിലെ രാജാവ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) എന്ന സമര്‍ഥനും ധീരനുമായ രാജാവിന്റെ വടക്കോട്ടുള്ള പടയോട്ടം കേരളത്തില്‍ കച്ചവടത്തിനെത്തിയ യൂറോപ്യന്‍ ശക്തികളെയും രാജാക്കന്മാരെയും സംഭ്രമിപ്പിച്ചു. തലശ്ശേരിയിലും അഞ്ചുതെങ്ങിലും കോട്ടകെട്ടി വ്യാപാരബന്ധം തുടങ്ങിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മാര്‍ത്താണ്ഡവര്‍മയോട് അപ്പോള്‍ സൗഹൃദത്തിലായിരുന്നു. മയ്യഴി പിടിച്ചെടുത്ത് 'മാഹി'യാക്കി അവിടെനിന്നും കേരളം കൈക്കലാക്കാന്‍ കാത്തിരുന്ന ബ്രഞ്ചുകാരിലും ഈ മുന്നേറ്റം അസഹിഷ്ണുത സൃഷ്ടിച്ചു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മയെ തടയാന്‍ ആദ്യം മുന്നോട്ടുവന്ന യൂറോപ്യന്‍ ശക്തി കൊച്ചിയിലെ ഭരണം നിയന്ത്രിച്ചിരുന്ന ഡച്ചുകാരായിരുന്നു.
മാര്‍ത്താണ്ഡവര്‍മ വടക്കോട്ടുള്ള ചെറുരാജ്യങ്ങള്‍ പിടിച്ചെടുക്കുന്നത് കൂടുതല്‍ നഷ്ടം ഉണ്ടാക്കിയത് അവര്‍ക്കാണ്. വേണാടിന്റെ ശാഖകള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടാക്കിയിരുന്നത് ഡച്ചുകാരാണ്. അന്നത്തെ കാലത്ത് ലോകത്തെ ഏറ്റവും വലിയ നാവികശക്തിയായിരുന്ന ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മയെ നേരിടാന്‍ ഒരുക്കം തുടങ്ങി. ഇതിന് മുന്നോടിയായി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥര്‍ തേങ്ങാപ്പട്ടണത്ത്(ഇപ്പോള്‍ തമിഴ്‌നാട്ടില്‍) മാര്‍ത്താണ്ഡവര്‍മയുമായി സംഭാഷണത്തിന് എത്തി. കുരുമുളക് കച്ചവടക്കരാറിനെന്ന പേരിലാണ് ആ വരവ്.
ഈ സമയത്ത് (1739) മാര്‍ത്താണ്ഡവര്‍മയുടെ ആള്‍ക്കാര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ഹിരണ്യഗര്‍ഭം' എന്ന ചടങ്ങ് നടത്താന്‍ ഡച്ചുകാരോട് കുരുമുളകിന് പകരം 10,000 കഴിഞ്ച് സ്വര്‍ണം ആവശ്യപ്പെട്ട രേഖ ഉണ്ട്. (ഡച്ച് ഇന്‍ മലബാര്‍-എഡിറ്റര്‍ എ. ഗാലറ്റി) അന്ന് ഏത് ക്ഷേത്രത്തിനാണോ സ്വര്‍ണം മാര്‍ത്താണ്ഡവര്‍മ ആവശ്യപ്പെട്ടത് ആ ക്ഷേത്രമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണനിക്ഷേപമുള്ള ആരാധനാലയമായി ഉയര്‍ന്നിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ഇവിടത്തെ സ്വര്‍ണനിധി വാര്‍ത്തകള്‍ ഇന്ത്യയുടെ പ്രധാന പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറയുകയാണ്. ഇന്ത്യയുടെ അതിര്‍ത്തികടന്ന് ശ്രീപദ്‌നാഭസ്വാമി ക്ഷേത്രം ഇപ്പോള്‍ വിദേശ മാധ്യമങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. എണ്ണിയാല്‍ തീരാത്ത വജ്രക്കല്ലുകളും മറ്റ് രത്‌നങ്ങളും ആഭരണങ്ങളും നവരത്‌നങ്ങള്‍ പതിച്ച വിഗ്രഹങ്ങളും തങ്കത്തില്‍ തീര്‍ത്ത പൂജാ ഉപകരണങ്ങളും സ്വര്‍ണമാലകളും സംബന്ധിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും സ്വര്‍ണം ശ്രീപദ്മനാഭന്റെ കല്ലറയില്‍ എങ്ങനെ എത്തി എന്നതിനെപ്പറ്റി നാടാകെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.
വടക്കോട്ട് കൊച്ചിയുടെ അതിര്‍ത്തിയോളം പടയോട്ടം നടത്തി അവിടങ്ങളില്‍ യൂറോപ്യന്മാരുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നതും അല്ലാത്തതുമായ എല്ലാ നാട്ടുരാജ്യങ്ങളെയും കീഴടക്കി വിശാല വിസ്തൃതമായ തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ച മാര്‍ത്താണ്ഡവര്‍മ കേരള ചരിത്രത്തിലെ അത്ഭുതമാണ്. 1741 ല്‍ കുളച്ചല്‍ യുദ്ധംവഴി അദ്ദേഹം ഡച്ചുശക്തിയെ നിലംപരിശാക്കി. 1750 (ചില രേഖകളില്‍ 1749) ല്‍ 'തൃപ്പടിദാനം' എന്ന ചടങ്ങുവഴി തന്റെ രാജ്യം മാര്‍ത്താണ്ഡവര്‍മ, ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത് അദ്ദേഹത്തിന്റെ ബുദ്ധിയുടെയും തന്ത്രത്തിന്റെയും തെളിവാണ്. പിന്നീടങ്ങോട്ട് ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തി ശ്രീപദ്മനാഭദാസന്‍മാരായിട്ടാണ് എല്ലാ രാജാക്കന്മാരും ഭരിച്ചത്.
ക്ഷേത്രത്തില്‍ ഹിരണ്യഗര്‍ഭം, തുലാപരുഷദാനം, മുറജപം, ലക്ഷദീപം തുടങ്ങിയ ചടങ്ങുകള്‍ക്ക് ആരംഭംകുറിച്ചത് മാര്‍ത്താണ്ഡവര്‍മയാണ്. ഹിരണ്യഗര്‍ഭവും തുലാപുരുഷദാനവും ആണ് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം ആവശ്യമായിവന്ന ചടങ്ങുകള്‍. വര്‍ഷംതോറും മകരം ഒന്നുമുതല്‍ ഏഴുവരെയും കര്‍ക്കടകം ഒന്നുമുതല്‍ ഏഴുവരെയും ഭദ്രദീപം കത്തിയ്ക്കുന്ന ചടങ്ങ് നടത്തുകയും പന്ത്രണ്ട് ഭദ്രദീപമാകുമ്പോള്‍ മുറജപം (മുറയ്ക്കുള്ള ജപം) ആരംഭിക്കുന്ന ചടങ്ങും ക്ഷേത്രത്തില്‍ പ്രധാനമായി. മുറജപത്തിന് ഒരു വര്‍ഷം മുമ്പേ 'മുറജപ സഹസ്രനാമം' ചടങ്ങും നടത്തിയിരുന്നു. കൊല്ലവര്‍ഷം 925 മകരം ഒന്നിനായിരുന്നു ആദ്യത്തെ മുറജപം. എട്ട് ദിവസംകൊണ്ട് ഒരു മുറ എന്ന കണക്കില്‍ മുറജപക്കാലത്ത് 56-ാം ദിവസം വേദം ഏഴ് മുറ ജപിച്ചശേഷം ലക്ഷദീപം കത്തിക്കുന്നതാണ് ചടങ്ങ്. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപം ഇപ്പോഴും ക്ഷേത്രത്തില്‍ തുടരുന്നു.
'തുലാപുരുഷദാനം', 'ഹിരണ്യഗര്‍ഭം' എന്നീ ചടങ്ങുകള്‍ പിന്നീട് നിന്നുപോയി. ത്രാസിന്റെ ഒരു തട്ടില്‍ രാജാവ് ഇരിക്കുകയും മറുതട്ടില്‍ അത്രയും സ്വര്‍ണം ഇട്ട് തുലാഭാരം നടത്തുന്ന ചടങ്ങാണ് 'തുലാപുരുഷദാനം'. പിന്നീട് ആ സ്വര്‍ണത്തെ ചെറിയചെറിയ നാണയങ്ങളാക്കി അതില്‍ 'ശ്രീപദ്മനാഭ' എന്ന പദം ഒരു വശത്ത് അടിക്കുന്നു. ഈ നാണയം ബ്രാഹ്മണര്‍ക്കും മറ്റുള്ളവര്‍ക്കും സംഭാവന ചെയ്യുന്നു. കേരളത്തില്‍ നിന്നുമാത്രമല്ല, അന്യദേശങ്ങളില്‍ നിന്നും ധാരാളം പുരോഹിതന്മാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
'ഹിരണ്യഗര്‍ഭം' എന്ന ചടങ്ങ് വിശേഷപ്പെട്ടതാണ്. അതുവഴിയാണ് രാജാവ് പൊന്നുതമ്പുരാന്‍ ആകുന്നത്. 'സ്വര്‍ണഗര്‍ഭം' എന്നാണ് ഈ വാക്കിന് അര്‍ഥം. ഏകദേശം താമരയുടെ രൂപത്തില്‍ അടപ്പുള്ള സ്വര്‍ണത്തിലുള്ള വലിയ പാത്രം നിര്‍മിക്കുകയും പാല്, വെണ്ണ, മറ്റ് സാധനങ്ങള്‍ എന്നിവ വെള്ളത്തോട് ചേര്‍ത്ത പഞ്ചഗവ്യം നിറച്ച് അതില്‍ രാജാവ് ഇറങ്ങി മുങ്ങുന്നതാണ് ഇതിന്റെപ്രധാനചടങ്ങ്. രാജാവ് അതിനകത്ത് പ്രവേശിക്കുമ്പോള്‍ പുരോഹിതര്‍ പുറത്തുനിന്ന് വേദമന്ത്രങ്ങള്‍ ഉരുവിടും. പത്തുമിനിട്ടോളം ഇത് നീണ്ടുനില്‍ക്കും. പിന്നീട് പുരോഹിതന്മാര്‍ മേല്‍മൂടി തുറക്കുമ്പോള്‍ പാത്രത്തില്‍ നിന്നും രാജാവ് പുറത്തിറങ്ങും.
രാജാവ് നേരെ പോകുന്നത് ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹത്തിന് മുന്നിലേക്കാണ്. അവിടെ അദ്ദേഹം സാഷ്ടാംഗ പ്രണാമം നടത്തിക്കഴിയുമ്പോള്‍ പൂജാരിമാര്‍ കിരീടം എടുത്ത് രാജാവിന്റെ തലയില്‍വെച്ചശേഷം 'കുലശേഖര പെരുമാള്‍' എന്ന് വിളിക്കുന്നു. ഇതോടെയാണ് രാജാവ് 'പൊന്നുതമ്പുരാന്‍' ആകുന്നത്. ഹിരണ്യഗര്‍ഭത്തിനുശേഷം സ്വര്‍ണപാത്രം കഷ്ണങ്ങളായി മുറിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നു. ആദ്യത്തെ ഹിരണ്യഗര്‍ഭത്തിന് 8873ാ കഴിഞ്ച് സ്വര്‍ണം വേണ്ടിവന്നുവെന്ന് കണക്കാക്കുന്നു. ചടങ്ങിനുശേഷം രാജാവ് തലയില്‍ വയ്ക്കുന്ന കിരീടത്തിനെ 'കുലശേഖര പെരുമാള്‍ കിരീടം' എന്നാണ് പറഞ്ഞിരുന്നത്. ഇത് കിരീടധാരണസമയത്ത് മാത്രമേ തലയില്‍ ഉണ്ടാകൂ. കാരണം രാജ്യം ശ്രീപദ്മനാഭനായതിനാല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടം ധരിക്കാറില്ല. ശ്രീമൂലംതിരുനാള്‍ വരെയുള്ള രാജാക്കന്മാര്‍ ഹിരണ്യഗര്‍ഭം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഭാരിച്ച ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല. ഇപ്പോള്‍ ക്ഷേത്രത്തിന്റെ നിലവറയില്‍ കണ്ടെടുത്ത അമൂല്യ സമ്പത്തുകളില്‍ കുലശേഖര പെരുമാള്‍ കിരീടവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അത് ശരിയാണെങ്കില്‍ കൊഹിനൂര്‍ രത്‌നത്തെപ്പോലെ അമൂല്യമായിരിക്കും ഈ കിരീടവും.
