ധന്യമുഹൂര്‍ത്തത്തെ നിശ്ശബ്ദം വരവേറ്റ് മുരിക്കന്‍ തറവാട്

Posted on: 13 Oct 2008


മുട്ടുചിറ: വത്തിക്കാനില്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചരിത്ര മുഹൂര്‍ത്തത്തില്‍ ഇങ്ങകലെ മുട്ടുചിറയില്‍ അല്‍ഫോന്‍സാമ്മ എന്ന അന്ന പിച്ചവച്ച 'മുരിക്കന്‍ തറവാട്' സഹന ജീവിതത്തിന്റെ പുണ്യസ്മരണയില്‍ ധന്യമായി. മുരിക്കന്‍ തറവാട്ടിലെ ഇപ്പോഴത്തെ ഗൃഹനാഥ റോസമ്മയും മറ്റു കുടുംബാംഗങ്ങളും ടി.വി. യിലൂടെ പുണ്യമുഹൂര്‍ത്തം മനംനിറഞ്ഞ് കണ്ടു.

അമ്മയുടെ മരണശേഷം അല്‍ഫോന്‍സാമ്മയെ വളര്‍ത്തിയ പേരമ്മയുടെ മകനായ ലൂക്കാച്ചന്റെ മകന്‍ വര്‍ക്കിച്ചന്റെ ഭാര്യയാണ് റോസമ്മ. മക്കളെല്ലാം വിദേശത്തു ജോലിയിലായതിനാല്‍ റോസമ്മ തനിച്ചാണ് തറവാട്ടില്‍ താമസം. കൂട്ടിന് ഏതാനും ജോലിക്കാരും.

മുട്ടുചിറമുതല്‍ മുരിക്കന്‍തറവാടുവരെ അലംകൃതമായ വീഥിയില്‍ അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രങ്ങളും വചനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. വിശുദ്ധയായി അവരോധിച്ചുള്ള പ്രഖ്യാപനം വന്നയുടന്‍ അല്‍ഫോന്‍സാമ്മയുടെ ഇടവകയായ മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനപ്പള്ളിയുടെ മണിമേടയില്‍നിന്ന് കൂട്ടമണിനാദം നാലുദിക്കിലും മുഴങ്ങി.

ഇടവകാംഗങ്ങളെല്ലാം ഭവനങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം വിശുദ്ധപ്രഖ്യാപനം വീക്ഷിച്ചു.

പെറ്റമ്മ മരിച്ച അല്‍ഫോന്‍സാമ്മ, ജനിച്ചതിന്റെ 36ാം ദിവസം മുതലാണ് പേരമ്മയുടെ സ്‌നേഹവാത്സ്യങ്ങളേറ്റ് മുരിക്കന്‍ തറവാട്ടില്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ടത്. അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥനാമുറിയും കട്ടിലും കൈകൊണ്ട് തുന്നിയ യേശുവിന്റെ അലങ്കാരച്ചിത്രവും 'അന്ന' കുഞ്ഞായിരുന്നപ്പോള്‍ കിടന്നുറങ്ങിയ തൊട്ടിലും വിവാഹാലോചന തിരസ്‌കരിക്കാന്‍ സ്വന്തം കാല്‍ പൊള്ളിച്ച ചാരക്കുഴിയും മറ്റുമുള്ള മുരിക്കന്‍തറവാടിനെ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലാണ് വിശ്വാസികള്‍ സ്വീകരിക്കുന്നത്. 1670ല്‍ പണിത തറവാട്ടില്‍ ഇപ്പോള്‍ വസിക്കുന്നത് തറവാട് നിര്‍മ്മിച്ച പൂര്‍വ്വികരുടെ പത്താംതലമുറക്കാരാണ്. സമീപത്തും അകലങ്ങളിലുമായി കഴിയുന്ന 22 മുരിക്കന്‍ കുടുംബാംഗങ്ങള്‍ ധന്യമുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വത്തിക്കാനിലേക്ക് പോയിരുന്നു.





MathrubhumiMatrimonial