സമര്‍പ്പിതമായി ഭരണങ്ങാനം

Posted on: 13 Oct 2008

ശ്രീജിത്ത് ശ്രീധര്‍



ഭരണങ്ങാനം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് പേരുചൊല്ലി ചേര്‍ത്തപ്പോള്‍ ഇങ്ങ് ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലില്‍ തടിച്ചുകൂടിയ ഭക്തസഹസ്രങ്ങള്‍ സര്‍വവുംസമര്‍പ്പിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി.
വെളുപ്പിന് 5.30 മുതല്‍ ചാപ്പലില്‍ കുര്‍ബ്ബാന ആരംഭിച്ചു. ഓരോ മണിക്കൂറിലും നടന്ന കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനെത്തിയവരെക്കൊണ്ട് ചാപ്പലിനകവും പുറത്തെ പന്തലും നിറഞ്ഞു.
ഉള്ളിലൊതുക്കിയ നൊമ്പരങ്ങള്‍ അമ്മയുടെ അടുക്കല്‍ ഇറക്കിവെച്ചപ്പോള്‍ പലരും പൊട്ടിക്കരഞ്ഞു.ഉച്ചയ്ക്ക് 12 മണിയോടെ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള മിഷണ്‍ലീഗ് മേഖലാ പ്രയാണം ചാപ്പലിലെത്തി. പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. തുടര്‍ന്ന് വിശുദ്ധകുര്‍ബ്ബാന നടന്നു. ബത്തേരി രൂപതമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.12.30 മുതല്‍ 4.30 വരെ റോമില്‍നടന്ന വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങുകള്‍ പാരിഷ്ഹാളിലും സെന്റ് മേരീസ് സ്‌കൂള്‍ ഹാളിലും തയ്യാറാക്കിയിരുന്ന ഡിജിറ്റല്‍ സ്‌ക്രീനില്‍ തത്സമയം സംപ്രേഷണം ചെയ്തു. 1.30 ന് പള്ളിമണികള്‍ മുഴങ്ങി. വൈകീട്ട് 4.30 ന് പാലാ രൂപതവികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട് വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചു. അല്‍ഫോന്‍സാമ്മയുടെ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ കുര്‍ബ്ബാനയില്‍ പങ്കെടുത്തു. വിശുദ്ധന്മാരുടെ തലയില്‍ ചൂടിക്കുന്ന ദിവ്യവലയ കിരീടം മോണ്‍. ജോര്‍ജ് ചൂരക്കാട്ട് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപത്തിലണിയിച്ചു.





MathrubhumiMatrimonial