
സ്തുതി പാടാം
Posted on: 12 Oct 2008
നാമകരണച്ചടങ്ങ് ഉച്ചയ്ക്ക് ഒന്നിന്
റോം: വത്തിക്കാനില്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ തുടങ്ങുന്നത് ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്കാണ് (വത്തിക്കാന്‍സമയം രാവിലെ 9.30). അരമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനാശുശ്രൂഷയാണ് ആദ്യം നടക്കുക. അല്‍ഫോന്‍സാമ്മയുള്‍പ്പെടെ നാലുപേരെയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധരായി നാമകരണം ചെയ്യുന്നത്. ഇറ്റലി, കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് മറ്റുള്ളവര്‍. ഈ നാലുപേരുടെയും നാട്ടില്‍നിന്നുള്ളവര്‍ ചേര്‍ന്നു നടത്തുന്നതാണ് പ്രാര്‍ത്ഥനാശുശ്രൂഷ. 10 മണിക്ക് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായി നടക്കുന്ന കുര്‍ബാനയ്ക്കിടയിലാണ് നാമകരണച്ചടങ്ങ്. മാര്‍പാപ്പയോടൊപ്പം അഞ്ച് സഹകാര്‍മ്മികരില്‍ ഒരാളായി കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെയാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും അനാരോഗ്യംകാരണം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയുമോ എന്നു തീര്‍ച്ചയില്ല. ആദ്യചടങ്ങായ അനുതാപശുശ്രൂഷയ്ക്കു ശേഷമാണ് വിശുദ്ധരുടെ നാമകരണച്ചടങ്ങ്. നാമകരണകാര്യാലയ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയും വൈദികരായ നാല് പോസ്റ്റുലേറ്റര്‍മാരും ചേര്‍ന്നാണ് സിസ്റ്റര്‍ അല്‍ഫോന്‍സ ഉള്‍പ്പെടെയുള്ള നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന അഭ്യര്‍ത്ഥന വയ്ക്കുക. തുടര്‍ന്ന് സഭയുടെ സകലവിശുദ്ധരുടെയും ലുത്തിനിയകള്‍ പാടും. പിന്നീടാണ് മാര്‍പാപ്പ വിശുദ്ധരായി ഉയര്‍ത്തുന്നതിന്റെ ഔദ്യോഗികഡിക്രി വായിക്കുക. ഈ നാമകരണച്ചടങ്ങിനുശേഷം നാല് വിശുദ്ധരുടെയും തിരുശേഷിപ്പ് പ്രദക്ഷിണമായി മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കും.
ക്ലാരിസ്റ്റ്‌സഭ മദര്‍ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ സീലിയയ്‌ക്കൊപ്പം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ.ഫ്രാന്‍സിസ് വടക്കേലും മുന്‍മന്ത്രി കെ.എം.മാണിയും ചേര്‍ന്നാണ് തിരുശേഷിപ്പ് വഹിച്ച് നീങ്ങുക. നാമകരണച്ചടങ്ങ് തീരുന്നതോടെ കുര്‍ബാന തുടരും. കുര്‍ബാനയ്ക്കിടലിലുള്ള മൂന്ന് വായനകളിലൊന്ന് നിര്‍വ്വഹിക്കുന്നത് കേരളത്തില്‍നിന്നുള്ള ഒരു കന്യാസ്ത്രീയാവും. കുര്‍ബാനയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ മലയാളത്തിലും പ്രാര്‍ത്ഥന ഉണ്ടാവും. മറ്റു വിശുദ്ധരുടെ മാതൃഭാഷയിലും പ്രാര്‍ത്ഥനയുണ്ട്.
113 രാജ്യങ്ങളിലുംനിന്നുള്ള 253 മെത്രാന്മാര്‍ പങ്കെടുക്കുന്ന രണ്ടാഴ്ചത്തെ സിനഡിന് ഇടയിലുള്ള ഒഴിവുദിവസമായ ഞായറാഴ്ചയാണ് സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസ്‌ലിക്കയുടെ അങ്കണമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാവും നാമകരണച്ചടങ്ങ്. വിശുദ്ധരായി പ്രഖ്യാപിക്കുന്ന നാലുപേരുടെയും നാട്ടില്‍നിന്നായി ലക്ഷക്കണക്കിന് വിശ്വാസികള്‍ ചടങ്ങു വീക്ഷിക്കാനെത്തുന്നതിനാലാണിത്.
