സഹനപാതയിലൂടെ വിശുദ്ധപദവിയില്‍

Posted on: 12 Oct 2008


മുഖപ്രസംഗം


ആഗോള കത്തോലിക്കാ സഭയ്ക്ക് വണക്കത്തിനായി വെണ്‍പനിനീര്‍പ്പൂവിന്റെ നൈര്‍മല്യവുമായി സിസ്റ്റര്‍ അല്‍ഫോന്‍സ ഇന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുകയാണ്. രണ്ടായിരംവര്‍ഷത്തെ ചരിത്രമുള്ള ഭാരത കത്തോലിക്കാ സഭയില്‍നിന്ന് ഈ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ പുണ്യവതിയാണിവര്‍. സഹനത്തിലും സ്നേഹത്തിലും ത്യാഗത്തിലും ഊന്നിയുള്ള ദൈവാരാധനയിലൂടെയാണ് സിസ്റ്റര്‍ അല്‍ഫോന്‍സ വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട മധ്യസ്ഥയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം 12.30-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സിസ്റ്റര്‍ അല്‍ഫോന്‍സയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ തിരുകര്‍മങ്ങള്‍ തുടങ്ങും. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ഡിക്രി, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് വായിക്കുക. അപ്പോള്‍ ഇങ്ങ് കൊച്ചുകേരളത്തില്‍ കത്തോലിക്കാ സഭയിലെ എല്ലാ പള്ളികളിലും വിശ്വാസ പ്രഖ്യാപനത്തിന്റെ മണികള്‍ മുഴങ്ങും.

കോട്ടയം കുടമാളൂര്‍ മുട്ടത്തുപാടത്ത് ജോസഫ്-മേരി ദമ്പതിമാരുടെ മകളായി 1910-ല്‍ ജനിച്ച അന്നക്കുട്ടിയെന്ന കുഞ്ഞാണ് 1927-ല്‍ ഭരണങ്ങാനം ക്ലാരമഠത്തില്‍ ചേര്‍ന്ന് അല്‍ഫോന്‍സാമ്മയായത്. വിടാതെ പിടികൂടിയ രോഗങ്ങള്‍ ശാരീരികമായി ഏ റെ അലട്ടലുകള്‍ ഉണ്ടാക്കിയിരുന്നു. എങ്കിലും അവരുടെ മനസ്സ് സഹനത്തിലൂടെയും സഹജീവിസ്നേഹത്തിലൂടെയും ആത്മീയതയില്‍ മുഴുകിനിന്നു. വേദനകളില്‍പ്പെട്ടുഴലുന്നവര്‍ പ്രാര്‍ഥനയ്ക്കായി അല്‍ഫോന്‍സാമ്മയെ സമീപിച്ചു. അവരുടെ വേദന ഏറ്റുവാങ്ങാനും ദൈവത്തോട് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും എന്നും അല്‍ഫോന്‍സാമ്മ തയ്യാറായിരുന്നു. ക്ഷമയോടും സന്തോഷത്തോടും കൂടി എല്ലാ രോഗപീഡകളും സ്വയം ഏറ്റുവാങ്ങി 1946-ല്‍ അന്ത്യശ്വാസം വലിച്ചപ്പോഴും അവരുടെ ചുണ്ടുകളില്‍ ദൈവനാമം മാത്രമായിരുന്നു. രോഗശാന്തിക്കായി അല്‍ഫോന്‍സാമ്മയെ സമീപിച്ചവരാണ് മരണശേഷം ഭരണങ്ങാനത്തെ കബറിടത്തിലേക്ക് ഒഴുകിയെത്തിയത്. അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥനാ സഹായത്തോടെ ദൈവാനുഗ്രഹം ലഭിച്ചവരാണ് അത് സാക്ഷ്യപ്പെടുത്തിക്കൊണ്ട് അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കെത്തിക്കുന്നത്.

സഭയില്‍ സന്ന്യാസിനിയായി ചേരാനുള്ള മാര്‍ഗമെന്ന നിലയില്‍ അല്‍ഫോന്‍സാമ്മ രോഗപീഡ സ്വയം ഏറ്റുവാങ്ങുകയായിരുന്നെന്ന് അവരുടെ ജീവചരിത്രം വ്യക്തമാക്കുന്നു. ക്ലേശങ്ങള്‍ സഹിക്കുക മാത്രമല്ല അത് പ്രാര്‍ഥനയുടെ വഴിയില്‍ ശുദ്ധീകരണത്തിനായി സ്വീകരിക്കുകകൂടിയാണ് അല്‍ഫോന്‍സാമ്മ ചെയ്തത്. വേദനകള്‍ സഹിച്ച് പുഞ്ചിരി തൂകി നടന്നുനീങ്ങിയ അവര്‍ യേശുദേവന്റെ പാത പിന്തുടരുകയായിരുന്നു. 36-ാം വയസ്സില്‍ ആ സഫലജീവിതം അവസാനിച്ചു. എങ്കിലും ആ ചെറിയ കാലയളവുകൊണ്ടുതന്നെ ഒട്ടേറെ അല്‍മായരുടെ സ്നേഹവും ആദരവും അവര്‍ ഏറ്റുവാങ്ങി. ഇന്നും ആ വിശ്വാസം മങ്ങാതെ നിലകൊള്ളുകയും ചെയ്യുന്നു. അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃക വിശ്വാസികള്‍ക്കു മാത്രമല്ല മറ്റെല്ലാവര്‍ക്കും പിന്തുടരാവുന്നതാണ്. തനിക്കായി ഒന്നും കരുതിവെക്കാതെ ലളിതവും ശുദ്ധവുമായ ജീവിതമാണവര്‍ നയിച്ചത്. ബുദ്ധദേവനും ഗാന്ധിജിയും ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ പാതയും അതുതന്നെയായിരുന്നു. ഇന്ന് മതത്തിന്റെയും രാഷ്ട്രീയകക്ഷിഭേദത്തിന്റെയും പേരില്‍ ജനം തമ്മില്‍ത്തല്ലുകയാണ്. സഹിഷ്ണുത, സഹനശക്തി, ക്ഷമ, സ്നേഹം തുടങ്ങിയ സദ്ഗുണങ്ങളിലൂടെ മഹത്വത്തിലേക്കുള്ള പാതയാണ് അല്‍ഫോന്‍സാമ്മ തുറന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായി ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന അല്‍ഫോന്‍സാമ്മ ആത്മീയതയുടെ പാതയില്‍ ഇത്രയും ഉയര്‍ന്ന പദവിയിലെത്തുന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമാണ്. കേരളമണ്ണില്‍ ജനിച്ച് ഇവിടെ വളര്‍ന്ന ഒരു വ്യക്തി ആത്മീയതയുടെ ഔന്നത്യത്തില്‍ എത്തുന്നത് മലയാളിക്ക് ആനന്ദമേകുന്ന കാര്യമാണ്.




MathrubhumiMatrimonial