
വാക് സ്വരൂപവും അക്ഷരസ്വരൂപിണിയും
Posted on: 01 Oct 2011
ആചാര്യ എം.ആര്‍. രാജേഷ്
നവരാത്രി ചിന്തകള്‍
മഹാനവമിക്കും വിജയദശമിക്കും നാഭീനാള ബന്ധമുള്ളത് നാക്കിലെഴുത്തുമായാണ്. ജീവിതത്തിലുടനീളം നാവിന്‍തുമ്പില്‍ സരസ്വതി വിളയാടണമെന്ന കാഴ്ചപ്പാടിലാണ് ഗുരു ശിഷ്യന് ഹരിശ്രീ കുറിക്കുന്നത്. വാക്കും ജീവിതവും തമ്മില്‍ വലിയൊരു പാരസ്പര്യമുണ്ട്. പുരുഷന്റെ ആഭരണമാണ് വാക്ക്. വാവിട്ട വാക്ക് കൈവിട്ട അസ്ത്രം പോലെയാണ്. അത് ഒരു കുടുംബജീവിതത്തെ മാത്രമല്ല, സാമൂഹിക ജീവിതത്തെപ്പോലും തകര്‍ത്തുകളയും. വാക്ക് എന്നത് സ്വതന്ത്രമായ ദര്‍ശനമാണ്. ചൈതന്യ സ്വരൂപത്തിന്റെ അമരമായ സമ്മാനമാണ് വാണി. മനുഷ്യനെ വ്യഷ്ടി എന്ന നിലയിലും സമഷ്ടി എന്ന നിലയിലും വാക്കാണ് നയിക്കുന്നതെന്ന് പ്രാചീന ഋഷിമാര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയും വിപുലമായ ഒരു സാമൂഹികാചരണമായി നവരാത്രി കൊണ്ടാടുന്നത്. ഋഗ്വേദസംഹിതയില്‍ അമൃതത്ത്വത്തിന്റെ നാഭീ കേന്ദ്രമായും ദേവന്മാരുടെ ജിഹ്വയായ വാക്കിനെ പറയുന്നു (4-58-1). ഉപാസകന്മാര്‍ ജ്ഞാനത്താല്‍ വാണിയെ ശുദ്ധീകരിച്ച് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കണമെന്ന് ഋഗ്വേദം പറയുന്നു. വാക്കിന്റെ ഉപാസകര്‍ സമൂഹത്തില്‍ സൗഹാര്‍ദ്ദത്തിന്റെ സുഖമനുഭവിക്കുന്നു. സരസ്വതീ ഉപാസകന്റെ വാണി മംഗള പൂര്‍ണവും രമണീയവുമായിരിക്കും. അതുവഴി സരസ്വതീഉപാസകന് സമൂഹത്തില്‍ ആകര്‍ഷകത്വം നേടിയെടുക്കാന്‍ കഴിയുന്നു. ആശയവിനിമയത്തിലെ പിഴവും വാക്കിന്റെ പൈശാചിക രൂപവും വ്യക്തിയില്‍ നിറയുമ്പോള്‍ ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതായിപ്പോകുമെന്ന് ഋഷിമാര്‍ തിരിച്ചറിഞ്ഞു. നാവിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സമൂഹത്തിന്, വ്യക്തിക്ക്, രാഷ്ട്രത്തിന് വൈകാരികവും വൈചാരികവുമായ സാക്ഷരത നഷ്ടപ്പെടുന്നു. വൈകാരികവും വൈചാരികവുമായ സാക്ഷരത വ്യക്തിയില്‍ വന്നു ചേരുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് എഴുത്തിനിരുത്തും നവരാത്രിയും വിജയദശമിയുമൊക്കെ.
അക്ഷരസ്വരൂപിണിയും വിദ്യാദേവതയുമായ സരസ്വതിയെ പൂജിച്ച് എഴുത്തിനിരുത്ത് ആരംഭിക്കുന്നു. സരസ്വതീദേവിയെ ഉപാസിച്ചാല്‍ മേധാശക്തി വര്‍ധിപ്പിക്കാമെന്ന് പ്രാചീന ഋഷിമാര്‍ പറഞ്ഞു. സരസ്വതീ പ്രവാഹത്തെ ഋഗ്വേദത്തില്‍ ഭാരതിയെന്നും യജുര്‍വേദത്തില്‍ ഇളായെന്നും സാമത്തില്‍ സരസ്വതിയെന്നും അഥര്‍വത്തില്‍ മഹീ എന്നുമൊക്കെ പേരിട്ട് വിളിച്ചു. 'ഭാ' എന്നാല്‍ ജ്ഞാനം. ജ്ഞാനത്തിനെ പ്രകാശിപ്പിക്കുന്ന ദേവിയാണ് ഭാരതി. പ്രകൃതിയുടെ സര്‍വരഹസ്യങ്ങളും നമ്മെ മനസ്സിലാക്കിക്കുകയും അതിലൂടെ നമുക്ക് ശാന്തി പ്രദാനം ചെയ്യുകയാണ് ഭാരതി. ഇതേ വാണീ ശക്തിയാലാണ് ഭൂമിയില്‍ നമുക്ക് അന്നം ലഭിക്കുന്നത്. അതിനാല്‍ യജുര്‍വേദത്തില്‍ 'ഇള'യെന്ന് ഈ ദേവീശക്തിയ്ക്ക് പേരായി. ബ്രഹ്മാവിന്റെ ഭാര്യയുടെ രൂപത്തില്‍ സര്‍വ ജ്ഞാനവും നമുക്കായി പകര്‍ന്നു നല്‍കുന്നതിനാല്‍ ഇതേ ദേവി സാമവേദത്തില്‍ സരസ്വതിയായി. രോഗങ്ങളില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നവളാകയാല്‍ അഥര്‍വത്തില്‍ ഈ ദേവിയെ മഹിയെന്നാണ് വിളിക്കുന്നത്. എഴുത്തിനിരുത്തലില്‍ വന്നെത്തുന്ന ദുര്‍ഗയും-മഹാലക്ഷ്മിയും-മഹാസരസ്വതിയും മഹിഷാസുരമര്‍ദിനിയുമൊക്കെ വിശാലമായ ഈ ദേവതാ സങ്കല്പത്തിലധിഷ്ഠിതമാണ്. സരസ്വതിയെ വരദയായും കാമരൂപിണിയായും ജ്ഞാനരൂപിണിയായുമാണ് ഭാരതീയര്‍ വാഴ്ത്തുന്നത്.
