
അബൂക്കയുടെ ഹോട്ടലില്‍ കാഷ്യര്‍ നിങ്ങള്‍ തന്നെ
Posted on: 30 Sep 2011

ശരാശരി മലയാളി മനസ്സിലെ വറ്റാത്ത നന്മയുടെ ഉയര്‍ന്ന മാതൃകയാകുകയാണീ സാധാരണക്കാരന്‍. ഇത് അബൂബക്കര്‍ എന്ന അബൂക്ക. ചതിയുടെയും വഞ്ചനയുടെയും കാലത്ത് മറ്റുള്ളവരെ വിശ്വസിക്കാനും സത്യസന്ധരായി ജീവിക്കാനും അബൂക്ക നമ്മെ പഠിപ്പിക്കുകയാണ്.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന ഈ അറുപതുകാരന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഈ ചെറിയ ഹോട്ടലാണ്. ഹോട്ടലിന് പേരിട്ടിട്ടില്ലാത്തതുപോലെ തന്നെ കാഷ്യറോ മാനേജരോ ഇല്ല. കടയിലേക്ക് വരുന്ന ആരേയും നിറപുഞ്ചിരിയോടെ അബൂക്ക സ്വാഗതം ചെയ്യും. ചിരപരിചിതനോടെന്നപോലെ ആത്മാര്‍ഥത നിറഞ്ഞ കുശലപ്രശ്‌നങ്ങള്‍. സമയമുണ്ടെങ്കില്‍ ഫുട്‌ബോളും അല്പം രാഷ്ട്രീയവും. തുടര്‍ന്ന് സല്‍ക്കാരമാണ്. ചായ, നെയ്യപ്പം, പൊറോട്ട, വെള്ളപ്പം, ചോറ്, പൊരിച്ചമീന്‍.. കൊതിയൂറുന്ന വിഭവങ്ങളില്‍ നാടന്‍ രുചിയുടെയും കൈപ്പുണ്യത്തിന്റെയും രസക്കൂട്ട്.
വയറുനിറയെ കഴിച്ച് കൈകഴുകി തിരിയുമ്പോഴും അബൂക്ക ചെറുപുഞ്ചിരിയോടെ അടുത്തയാള്‍ക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാകും. ബില്ലുചോദിക്കുമ്പോള്‍ മനക്കണക്കുകൂട്ടി അബൂക്ക സംഖ്യ പറയും. തുക തീരെ ചെറുതെന്ന് തോന്നാം. പറഞ്ഞ പണം കടയ്ക്കുമുന്നിലെ മേശവലിപ്പ് തുറന്ന് സ്വയം നിക്ഷേപിക്കാം. ബാക്കിയുണ്ടെങ്കില്‍ അതും സ്വയം എടുക്കാം. 1995 ഫിബ്രവരി 22ന് തുടങ്ങിയ ഈ ചായക്കട തന്നെ ചതിച്ചിട്ടില്ലെന്ന് അബൂക്കയുടെ അനുഭവസാക്ഷ്യം. ഒരാളും ഇതുവരെ കീറിയതോ കേടായതോ ആയ നോട്ടുകള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് അബൂക്ക പറയുന്നു. 'ആളുകളെ വിശ്വാസമുണ്ടെങ്കില്‍ അവര്‍ ചതിക്കില്ല അബൂക്കയ്ക്ക് സംശയമില്ല. കാലത്ത് ഏഴുമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. അബൂക്കയുടെ ഭാര്യ ജമീലയാണ് എല്ലാ ഭക്ഷണവും പാകം ചെയ്യുന്നത്.
1980 മുതല്‍ '95 ഫിബ്രവരി 15 വരെ 'ത്രീസ്റ്റാര്‍' എന്ന പേരില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ബീഡി തെരച്ച് വിറ്റിരുന്നു അബൂക്ക. ബീഡിക്കമ്പനി നഷ്ടത്തിലായതോടെയാണ് ഹോട്ടല്‍ തുടങ്ങിയത്. ഭക്ഷണം വിളമ്പുന്നത് തന്റെ കടമ. പണം നല്‍കുക എന്നത് കഴിക്കുന്നയാളിന്റെ മര്യാദ ഇതാണ് അബൂക്കയുടെ തത്ത്വശാസ്ത്രം. അത് കൊണ്ടാണ് കാഷ്യറെ വെക്കാത്തത്. മാര്‍ക്കറ്റില്‍ മീനിന്റെ വില കൂടുമ്പോള്‍ ഇവിടെയും കൂടും. 5, 10 സംഖ്യകളല്ലാതെ ചില്ലറ സംഖ്യകള്‍ ബില്ലിനുണ്ടാവില്ല. അല്പം പണം കുറച്ചാലും ചില്ലറ ഒഴിവാക്കി എളുപ്പം പണം മേശയിലിട്ടും ബാക്കി എടുത്തും പോകാമല്ലോ.
ഏഴാം ക്ലാസുകാരനായ അബൂക്കയ്ക്ക് പരന്ന വായനയുണ്ട്. രാഷ്ട്രീയവും ഫുട്‌ബോളുമൊക്കെ നിറയുന്ന ചര്‍ച്ചയ്ക്കും അബൂക്കയുടെ കട വേദിയാകാറുണ്ട്. അനുജന്‍ വാങ്ങിയ പഴയ ഒരു വീട്ടിലാണ് ഹോട്ടല്‍. പുലാമന്തോള്‍ അങ്ങാടിയിലെ കൊളത്തൂര്‍ റോഡിലാണിത്. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഏറെ തിരക്ക്. ദൂരദേശത്തില്‍ നിന്നുപോലും ആളുകളെത്തും. തുറന്ന പണപ്പെട്ടി. പുലാമന്തോളിലെ തന്റെ ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന അബൂബക്കര്‍. ഭക്ഷണം കഴിച്ച ശേഷം മേശയില്‍ പണം കൃത്യമായി നിക്ഷേപിക്കുന്ന ഉപഭോക്താവിനെയും കാണാം.
