റോമിലെ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍

Posted on: 11 Oct 2008

ശ്രീജിത്ത് ശ്രീധര്‍



പാലാ: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഒക്ടോബര്‍ 12ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് (വത്തിക്കാന്‍സമയം രാവിലെ 9.30) റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന കുര്‍ബാനമധ്യേയാണ് പ്രഖ്യാപനം. പത്തുമിനുട്ട് നീളുന്ന ഹ്രസ്വമായ ചടങ്ങ്.
ഇറ്റാലിയന്‍ വൈദികന്‍ ഗറ്റാനോ എന്‍ട്രിക്കോ, ഇക്വഡോറില്‍നിന്നുള്ള അല്‍മായവനിത നാര്‍ച്ചിസ ഡി ജീസസ് മാര്‍ട്ടിലോ മോറോന്‍, സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച മിഷനറി സിസ്റ്റര്‍ മരിയ ബര്‍ണാദ എന്നിവരെയും അല്‍ഫോന്‍സാമ്മയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍നിന്ന് സീറോമലബാര്‍ സഭയുടെ ബിഷപ്പുമാരായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. 13ന് രാവിലെ വത്തിക്കാന്‍സമയം 8.30ന് (ഇന്ത്യന്‍സമയം 12.00) വത്തിക്കാനിലെ ഹോളി സ്​പിരിറ്റ് ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മുഖ്യകാര്‍മ്മികനായി കൃതജ്ഞതാബലി നടക്കും. ഇന്ത്യയില്‍നിന്ന് നൂറിലേറെ ബിഷപ്പുമാര്‍ പങ്കെടുക്കും.




MathrubhumiMatrimonial