
റോമുളൂസച്ചന്‍ പറഞ്ഞത് തെറ്റിയില്ല
Posted on: 10 Oct 2008

മൂന്നുവര്‍ഷത്തിലേറെ അടുത്ത പരിചയമുണ്ടായിരുന്ന ഫാ. റോമുളൂസ് അന്ന് മുത്തോലി സി.എം.ഐ. ആശ്രമത്തിലായിരുന്നു. ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആ പ്രസംഗം വിസ്മയത്തോടെയേ വായിക്കാനാവൂ. ''ഒരു യുവകന്യകയുടെ ശവസംസ്‌കാരത്തിനാണ് നാം ഇവിടെ കൂടിയിരിക്കുന്നത്. ധനികയായ ഒരു കുടുംബിനി, ബിരുദധാരിണി, കവയിത്രി, കഥാകാരി, സിനിമാതാരം എന്നീനിലകളില്‍ ലോകത്തിന് മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുന്നതിനും പ്രശസ്തി നേടുന്നതിനും കഴിവുണ്ടായിരുന്ന ഈ യുവതീരത്‌നനം അവളുടെ ജീവിതകാലം മുഴുവന്‍ കന്യകാലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ലോകത്തിന് മഹത്തരം എന്ന് കരുതുവാന്‍ സാധിക്കുന്ന യാതൊന്നും ചെയ്യാനാവാതെ രോഗശയ്യയില്‍ കഴിച്ചുകൂട്ടി ജീവിതം പാഴാക്കി മരണമടഞ്ഞിരിക്കുന്നതായി തോന്നുന്നു.
ബഹുജനദൃഷ്ടിയില്‍ ഇപ്രകാരം നിഷ്പ്രയോജനമായി ജീവിതം അവസാനിപ്പിച്ചു എന്നതിനു തെളിവല്ലയോ ഞാന്‍ ഇവിടെ കാണുന്ന തുച്ഛമായ ആള്‍ക്കൂട്ടം. എന്നാല്‍, ഈ കന്യകയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ആളുകളില്‍ ഒരാള്‍ എന്നനിലയില്‍ ഞാന്‍ പറയുന്നു; എന്റെ ഹൃദയത്തിന്റെ അത്യഗാധമായ വിശ്വാസത്തില്‍നിന്ന് ഞാന്‍ പറയുന്നു: കേരളത്തില്‍ എന്നല്ല, ഭാരതത്തില്‍ത്തന്നെ ഈ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കൃഷ്ടവ്യക്തികളില്‍ ദൈവസമക്ഷം വളരെ മാഹാത്മ്യം നേടിയ ഒരു പുണ്യകന്യകയുടെ ശവസംസ്‌കാരത്തിലാണ് നാം പങ്കുകൊള്ളുന്നത്.'' ഫാ. റോമുളൂസ് പ്രസംഗത്തില്‍ പറഞ്ഞു.
''ലിസ്യൂവിലെ മഠത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ജീവിച്ച വിശുദ്ധ കൊച്ചുത്രേസ്യാ അവളുടെ ജീവിതകാലത്ത് എത്രകണ്ട് അജ്ഞാതയായിരുന്നു! അവളുടെ ശവസംസ്‌കാരം എത്രകണ്ട് അനാഡംബരമായിരുന്നു! എന്നാല്‍ ഇന്ന് അവള്‍ ലോകപ്രസിദ്ധയായിത്തീര്‍ന്നിരിക്കുകയല്ലേ? അവളുടെ മധുരസ്മരണതന്നെ എത്രകോടി ജനങ്ങളെ ഇന്നും ആനന്ദംകൊണ്ട് പുളകം കൊള്ളിക്കുന്നു.
നാം ഇപ്പോള്‍ ഭൂദാനംചെയ്യുവാന്‍ പോകുന്ന ഈ യുവകന്യകയുമായി അടുത്തു പരിചയപ്പെട്ടിട്ടുള്ള ഒരുവന്‍ എന്നനിലയില്‍, മാനുഷികമായി എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളവിധം ഞാന്‍ പറയുന്നു; വിശുദ്ധ കൊച്ചുത്രേസ്യായെക്കാള്‍ അത്ര പിന്നിലല്ലായിരിക്കും ജീവിതവിശുദ്ധികൊണ്ട് ഈ യുവകന്യക''.
1946 ജൂലായ് 28നായിരുന്നു അല്‍ഫോന്‍സാമ്മയുടെ മരണം. മരിച്ചിട്ട്, മരണവാര്‍ത്തപോലും പത്രമാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ലെന്ന് ഫാ. റോമുളൂസ് 'സ്നേഹബലി അഥവാ അല്‍ഫോന്‍സാമ്മ' എന്നപേരില്‍ രചിച്ച ജീവചരിത്രപുസ്തകത്തില്‍ പറയുന്നു.
Tags: alphonsa
