
ആദ്യ പള്ളിയുടെ അഭിമാനത്തില്‍ പുന്നപ്പാലം
Posted on: 10 Oct 2008

1986 ഫിബ്രവരി എട്ടിനാണ് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 1986 ജൂലായ് 28ന് കോളയാട്ട് അല്‍ഫോന്‍സാമ്മയുടെ പേരില്‍ പള്ളി നിര്‍മിക്കുകയും ചെയ്തു. അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രത്യേക അനുമതിപ്രകാരമായിരുന്നു നിര്‍മാണം. തലശ്ശേരിയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് ഇതിനായി പ്രത്യേക താത്പര്യമെടുത്തത്. ഫാ. ജോസഫ് കീലത്ത് ആദ്യ പള്ളിവികാരി.
തലശ്ശേരി അതിരൂപതയുടെ കീഴിലുളള ഈ പള്ളി ഇടവകയില്‍ 252 കുടുംബങ്ങളുണ്ട്. ഇടവക മധ്യസ്ഥയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികളെന്ന് ഇപ്പോഴത്തെ വികാരിയായ ഡോ. അഗസ്റ്റിന്‍ ഉറുമ്പുകാട്ടില്‍ പറഞ്ഞു.
അല്‍ഫോന്‍സാമ്മ അംഗമായിരുന്ന ഫ്രാന്‍സിസ്റ്റന്‍ ക്ലാരിസ്റ്റ്‌സ് സന്യാസിസമൂഹത്തിന്റെ കോണ്‍വെന്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധമന്ദിരമായ ദൈവദാന്‍ സെന്ററും ഇവിടെയുണ്ട്.
എല്ലാ ശനിയാഴ്ചയും ഇവിടെ അല്‍ഫോന്‍സാമ്മയുടെ നൊവേനയുണ്ട്. എല്ലാ വര്‍ഷവും ജൂലായ് 19 മുതല്‍ 28 വരെ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിക്കുന്നു.
ഒക്ടോബര്‍ 12നുശേഷം പള്ളിയെ സെന്റ് അല്‍ഫോന്‍സാ പള്ളിയായി പുനര്‍നാമകരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ 27 വരെ നാമകരണ തിരുനാള്‍ കൊണ്ടാടും.
