goodnews head

ഗ്രാമസേവാ സമിതിക്ക് അന്നദാനത്തിന്റെ ആയിരം ദിനങ്ങള്‍

Posted on: 23 Sep 2011




ചാലക്കുടി:വിശക്കുന്ന ഒന്നേകാല്‍ ലക്ഷം വയറുകള്‍ക്ക് അന്നമൂട്ടി അന്നദാനം മഹാദാനം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പിഷാരിക്കല്‍ ഗ്രാമസേവാ സമിതി. എല്ലാ സന്ധ്യയ്ക്കും ചാലക്കുടി താലൂക്ക് ആസ്?പത്രിയില്‍ വരിതെറ്റാതെ കാത്തു നില്‍ക്കുന്ന നൂറിലേറെ പേര്‍ക്ക് അത്താഴം വിളമ്പി അവര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ആസ്?പത്രിയിലെ കിടപ്പു രോഗികള്‍ക്കും അവര്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കുമാണ് ഗ്രാമസേവാ സമിതിയുടെ സേവനമെത്തുന്നത്. 15 പേരടങ്ങുന്ന വളണ്ടിയര്‍ സംഘമാണ് ഗ്രാമസേവാ സമിതിക്കുള്ളത്.

ഈ സംഘത്തിലെ ആറംഗ കര്‍മസമിതിയാണ് ദൈനംദിന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് ചാലക്കുടി നിര്‍മ്മല കോളേജില്‍ നിന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ആഴ്ചയും ആസ്?പത്രിയിലെത്താറുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് സ്വരൂപിച്ച തുക സമിതിക്ക് നല്‍കി ഭക്ഷണ വിതരണത്തില്‍ പങ്കെടുക്കുന്നതിനു ശേഷമാണ് അവര്‍ തിരിച്ചുപോവുന്നത്. 2008 ജൂലൈ 13 ന് തുടങ്ങിവെച്ച അന്നദാനം ആദ്യമൊക്കെ അംഗങ്ങള്‍ തന്നെ സ്വന്തം പണം മുടക്കിയാണ് നടത്തിയിരുന്നതെങ്കിലും ഇപ്പോള്‍ സന്മനസ്സുള്ളവരുടെ പിന്തുണയുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.

അന്നദാനം മാത്രമല്ല ജീവകാരുണ്യത്തിന്റെ മറ്റു മേഖലകളിലും ഗ്രാമസേവാ സമിതി ഇടപെടുന്നുണ്ട്. 2009 ല്‍ ചാലക്കുടിയിലും പരിസരത്തും മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചപ്പോള്‍ അഞ്ഞൂറുപേരെ സംഘടിപ്പിച്ച് രോഗ നിര്‍ണയക്യാമ്പ് നടത്തുകയും മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചവരെ ചികിത്സിക്കുകയും ചെയ്തു. ഇപ്പോള്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ ആമ്പുലന്‍സ് സംവിധാനവും രോഗം മൂലം അവശതയനുഭവിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

സൗത്ത് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിഷാരിക്കല്‍ ഗ്രാമസേവാസമിതിയെ നയിക്കുന്നത് എ.കെ. തങ്കപ്പന്‍ പ്രസിഡന്റും എം.വി. സുകേഷ് സെക്രട്ടറിയുമായ കമ്മിറ്റിയാണ്.

 

 




MathrubhumiMatrimonial