navarathri 2010

ബൊമ്മക്കൊല്ലു

Posted on: 06 Oct 2008


ദൈവം എവിടെയാണെന്ന അന്വേഷണത്തിന് ദൈവത്തോളം തന്നെ പഴക്കമുണ്ട്. ദൈവം എല്ലായിടത്തും ഉണ്ടെന്നത് ഒരു ഉത്തരം. തൂണിലും തുരുമ്പിലും ഉണ്ടെന്ന് പ്രഹ്ലാദന്‍ പറഞ്ഞു. ദൈവത്തിന്റെ രൂപം എന്താണെന്ന ചിന്തയില്‍ നിന്ന് മനുഷ്യരൂപമുള്ള ദൈവങ്ങളുണ്ടായി. എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശാലമായ അന്വേഷണത്തിന്റെ ഉത്തരം എല്ലാ ജീവികളിലും ദൈവസാന്നിധ്യമുണ്ടെന്നതായിരുന്നു. എങ്കില്‍ ജീവന്‍ തന്നെയാവണം ദൈവം. അത് ജൈവലോകത്തെ സൃഷ്ടിക്കുന്നത്, ജീവികളില്‍ അന്തര്‍ലീനമായത്, അരൂപിയായത്. ഇത്തരമൊരു ദൈവസങ്കല്പത്തിന്റെ ആഘോഷമത്രെ ബൊമ്മക്കൊലു.

ബൊമ്മക്കൊലു ദൈവത്തെ ജീവനായും ശക്തിയായും കാണുന്നു. തമിഴ്ബ്രാഹ്മണവീടുകളിലാണ് പ്രധാനമായും ബൊമ്മക്കൊലു ആഘോഷിക്കുന്നത്. അവിടെ കറുത്ത വാവിന്‍നാളില്‍ ബൊമ്മക്കൊലു ഒരുക്കുന്നു. ദേവരൂപങ്ങള്‍ മാത്രമല്ല ചെറിയ ജീവികളുടെ രൂപങ്ങള്‍ വരെ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ ഒരുക്കി ആരാധിക്കും. അരി, പരിപ്പ്, വെള്ളം നിറച്ച കുംഭം, അഷ്ടമംഗല്യം, ചന്ദനം, കുങ്കുമം എന്നിവയും ഇവിടെയുണ്ടാവും. ഇവയ്‌ക്കെല്ലാം സാക്ഷിയായി തെളിയിച്ച നിലവിളക്കും.വീട്ടിലുള്ളവര്‍ പുലര്‍ച്ചയ്ക്കു തന്നെ കുളിച്ച് ദേവീപ്രാര്‍ത്ഥന നടത്തുന്നു. വൈകുന്നേരങ്ങളില്‍ മുതിര്‍ന്ന സ്ത്രീകള്‍ പൂജ നടത്തുകയും ഭജന ആലപിക്കുകയും ചെയ്യും.

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ് ബൊമ്മക്കൊലു. നവരാത്രികാലങ്ങളില്‍ 'കൊലു' കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും പരസ്​പരം ഗൃഹസന്ദര്‍ശനം നടത്താറുണ്ട്. വരുന്നവര്‍ക്ക് നിവേദ്യവും നാളികേരവും വെറ്റിലയും പുതുവസ്ത്രവും സമ്മാനിക്കും.
ഓരോ അതിഥിയും ദൈവത്തിന്റെ പ്രതിരൂപങ്ങളാണിവിടെ. തങ്ങളുടെ വീടുകളില്‍ നന്മയുടെ തെളിച്ചം പകരാനെത്തുന്നവര്‍.
എല്ലാ ജീവികളിലും ദൈവസാന്നിധ്യമുണ്ടെന്ന വിശ്വാസത്തിലാണ് ദൈവസാന്നിധ്യമുണ്ടെന്ന വിശ്വാസത്തിലാണ് ദൈവങ്ങളോടൊപ്പം മനുഷ്യരേയും, മുയല്‍, പൂച്ച, നായ തുടങ്ങിയവയേയും ഒരേ പീഠത്തില്‍ ഇരുത്തി പൂജിക്കുന്നത്. ഓടക്കുഴലുമായി നില്‍ക്കുന്ന കൃഷ്ണനോടൊപ്പം കാക്കിയണിഞ്ഞ പൊലീസുകാരനും കൊലുവില്‍ ഉണ്ടാവും. രാമനും ഹനുമാനും അടുത്തുതന്നെ സിംഹവും താറാവും കാണും.
വിജയദശമി നാളില്‍ ബൊമ്മക്കൊലു പീഠത്തിനു താഴെ കുട്ടികളെ എഴുത്തിനിരുത്തും. വീട്ടുകാരണവര്‍ മടിയിലിരുത്തി കുട്ടികളെ അക്ഷരമെഴുതിക്കുന്നു. മുതിര്‍ന്നവര്‍ തങ്ങളുടെ കലാപരിചയവും ഇവിടെ പുതുക്കാറുണ്ട്.

അപ്പം, അവില്‍, അട, കരിമ്പ് തുടങ്ങിയവയുമായി ഗണേശപൂജയും പാല്‍പ്പായസത്തോടെ സരസ്വതി പൂജയും ഉണ്ടാവും.
പ്രതിമകളെ ചെരിച്ചു കിടത്തി പാനകപൂജ നടത്തിയാണ് ആഘോഷത്തിന് സമാപ്തി കുറിക്കുക. ജലവും ജീവനും തമ്മിലുള്ള ബന്ധമാണ് ഇവിടത്തെ സൂചന.

- എം.കെ
.





MathrubhumiMatrimonial