
സരസ്വതി പ്രചോദനങ്ങളുടെ ഉറവിടം
Posted on: 06 Oct 2008
ഡോ. എം.ആര്‍. രാജേഷ്

നവരാത്രികാലത്ത് സരസ്വതി എന്നു പറയുമ്പോള്‍ ഋഗ്വേദത്തിലെ സരസ്വതീദേവതയുടെ പ്രസക്തിയെക്കുറിച്ച് ആദ്യം ആലോചിക്കണം. സമസ്ത വിദ്യകളും നേടാന്‍ സഹായിക്കുന്ന ഈശ്വരന്റെ ശക്തിതന്നെയാണ് ഇവിടെ സരസ്വതി. വിദ്യകള്‍ നേടാന്‍ നമുക്ക് നല്ല ഭക്ഷണം വേണം. നേടിയ വിദ്യകളെ നേരേ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ശബ്ദവും അര്‍ഥവും തമ്മിലുള്ള ബന്ധവും അവയെ എങ്ങനെ പ്രയോഗിക്കണമെന്ന അറിവും പ്രദാനം ചെയ്യുന്ന വാണീദേവിയാണ് സരസ്വതിയെന്ന് വൈയാകരണന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാക്കിന്റെ പര്യായമാണ് സരസ്വതി എന്ന് യാസ്‌ക്കാചാര്യന്‍ തന്റെ നിഘണ്ടുവില്‍ (1,11)ല്‍ പറഞ്ഞിട്ടുണ്ട്. ഇത് ഈശ്വരീയ ശക്തിയാണ്. ഇളാ, സരസ്വതി, ഭാരതി എന്നിങ്ങനെ മൂന്നുദേവതകള്‍ വേദങ്ങളില്‍ കടന്നുവരുന്നുണ്ട്. ഇളാ ദിവ്യജ്ഞാനമാണ്, ദിവ്യവാണിയാണ് സരസ്വതി, ദിവ്യസംസ്‌കാരമാണ് ഭാരതി. ഈ ശക്തികള്‍ നമ്മുടെ ഓരോരുത്തരിലും നിറഞ്ഞു കവിയുന്നത് മനസ്സിലാക്കുന്നതിനുള്ള സാധനയാണ് നവരാത്രി ദിനങ്ങളില്‍ അനുഷ്ഠിക്കുന്നത്. ഋഗ്വേദമന്ത്രങ്ങളുടെ സാരാംശം ഇങ്ങനെയാണ്: ''എല്ലാ നല്ല പ്രവൃത്തികളുടെയും പ്രചോദനം സരസ്വതിയാണ്. സകല ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും പ്രചോദനം സരസ്വതിയാണ്. ആ പ്രവൃത്തികളിലൂടെ നാം ആര്‍ജിക്കുന്ന വിജ്ഞാനങ്ങള്‍ സരസ്വതിയുടെ പ്രചോദനമാണ്. ഗംഭീര അറിവുകളുടെ സഞ്ചിക നമുക്കായി തുറന്നുതരുന്നത് സരസ്വതിയാണ്. സകലശാസ്ത്ര സാങ്കേതിക വിദ്യകളുടെയും പ്രചോദനം സരസ്വതിയാണ്. നിരന്തര പ്രവൃത്തികളിലൂടെ നാം അറിവുനേടണം. വിദ്വാന്മാരുടെയും പരിചയസമ്പന്നരുടെയും കാല്‍ക്കീഴില്‍ നിന്ന് ജ്ഞാനം നേടാന്‍ സരസ്വതിയുടെ കടാക്ഷം വേണം.'' വേദങ്ങളില്‍ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസ്സായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ജ്ഞാനവാരിധി എന്നുതന്നെ ഈ ശക്തിയെ വിശേഷിപ്പിക്കുന്നു. സാരസ്വത സൂക്തത്തില്‍ കടന്നുവരുന്ന 'യജ്ഞം' എന്ന വാക്ക് പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. കര്‍മങ്ങള്‍ അനുഷ്ഠിക്കണം. അതിലൂടെ ഈ ലോകത്തില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കണം. അങ്ങനെ അറിവ് പുരോഗതിയുടെ മാര്‍ഗത്തെ സുഗമമാക്കണമെന്ന് വേദം നമ്മെ ഉപദേശിക്കുന്നു. ശാസ്ത്രസാങ്കേതികതകളെല്ലാം ആര്‍ജിക്കുന്നതിന് ഈശ്വരന്റെ ജ്ഞാനശക്തി പ്രചോദനമാകട്ടെ എന്ന പ്രാര്‍ഥനയാണ് ആയുധപൂജയില്‍ സരസ്വതി കടന്നുവരാന്‍ കാരണം.
