navarathri 2010

ഹരിനാമകീര്‍ത്തനത്തിലെ നവരാത്രി രഹസ്യം

Posted on: 04 Oct 2008




ഡോ. എം.ആര്‍. രാജേഷ്


നവരാത്രി കാലത്ത് എഴുത്തച്ഛന് വലിയ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്. എന്താണ് അതിനു പിന്നില്‍? എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിന്റെ ശൈലിയാണ് ഇതിന് പ്രധാന കാരണം. കീര്‍ത്തനത്തിലെ 60 ശ്ലോകങ്ങളില്‍ ആദ്യത്തെ 13 ശ്ലോകങ്ങളൊഴിച്ച് ബാക്കിയെല്ലാം സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളുമാണ്. ആദ്യത്തെ 13 ശ്ലോകങ്ങളിലാകട്ടെ ബീജാക്ഷരങ്ങളും ഗണപതി വന്ദനവും അടുക്കിയിട്ടുണ്ട്. ഇത് ശ്രീചക്രപൂജയിലെ അക്ഷരങ്ങളുപയോഗിച്ചുള്ള മാതൃകാന്യാസത്തിന് സമാനമാണെന്ന് താന്ത്രികാചാര്യന്മാര്‍ വിലയിരുത്തുന്നു. 'ഓം' എന്ന ഈശ്വരനാമം അഥവാ യോഗദര്‍ശനത്തില്‍ പതഞ്ജലി വിളിക്കുന്ന 'പ്രണവം' ആണ് 'ഓങ്കാരമായ പൊരുള്‍' എന്നു തുടങ്ങുന്ന ശ്ലോകത്തിലുള്ളത്. തുടര്‍ന്ന് വരുന്ന ഏഴു ശ്ലോകങ്ങളുടെ ആദ്യത്തെ വരികള്‍ കാണുക.

1. ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും (7)
2. ണത്താരില്‍ മാനിനി മണാളന്‍ (8)
3. പച്ചക്കിളിപ്പവിഴ പാല്‍ വര്‍ണമൊത്ത (9)
4. തത്ത്വത്തിനുള്ളിലുഭയം ചെയ്തിരുന്ന (10)
5. യെന്‍ പാപമൊക്കെയറിവാന്‍ (11)
6. നക്ഷത്ര പംക്തികളുമിന്ദുപ്രകാശ (12)
7. മത്പ്രാണനും പരനുമൊന്നെന്നുറപ്പവന്‍ (13)

ഇവിടെ 'ഗണപതയെ നമഃ' എന്നു വായിക്കാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല.

തുടര്‍ന്ന് ശ്രീവിദ്യയുടെ മന്ത്രിണിയും ദണ്ഡിണിയും കടന്നുവരുന്നു. മന്ത്രിണി മാതംഗീദേവിയും ദണ്ഡിണി വാരാഹിദേവിയും. പച്ചക്കിളിയായ തത്തയെ കൈകളില്‍ ധരിച്ച മാതംഗീദേവി കലകളുടെയും വിദ്യകളുടെയും ദേവിയാണ്. മധുരമീനാക്ഷിയുടെ കൈകളിലെ തത്തയെ ഓര്‍ക്കുക. 'ഷഡാധാരം' കടന്നുവരുന്ന എഴുത്തച്ഛന്റെ വാക്കില്‍ ആറു നാഡീകേന്ദ്രങ്ങള്‍ കടന്നുവരുന്നു. അതോപോലെ 'നൂകാരമാദി മുതലായിട്ട്' എന്നു തുടങ്ങുന്ന ശ്ലോകത്തിലെ 'നൂ' കാരം വാരാഹി ദേവിയാണ്. പണ്ഡിത അമരചന്ദ്രന്‍ എഴുതിയ ഏകാക്ഷരമാലയില്‍ 'നൂര്‍വാരാഹി' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശ്വശംഭു എഴുതിയ ഏകാക്ഷരനാമമാലികയില്‍ 'നൂ'കാരം വാരാഹ്യാംവര്‍ത്തതേ ദീര്‍ഘാഃ എന്ന് എഴുതിയതുകാണാം. പിന്നീട് ഹരിനാമകീര്‍ത്തനത്തില്‍ 14 മുതല്‍ 60 വരെ ശ്ലോകങ്ങളില്‍ ഏകാക്ഷര കോശമനുസരിച്ച്, ശ്രീചക്രത്തിലെ എല്ലാ ദേവതകളുും കടന്നുവരുന്നു. ഉദാഹരണത്തിന് അ=അമൃതാദേവി, ഋ=ഋതുധാമാദേവി, ഘ=ഘണ്ഡാകര്‍ഷിണീദേവി തുടങ്ങിയവ. ഇവയുടെ മുഴുവന്‍ ധ്യാനശ്ലോകങ്ങളും ചിത്രങ്ങളും ലഭ്യമാണ്. എഴുത്തച്ഛന്റെ 'ക്ഷരിയായൊരക്ഷരമതി' എന്ന് തുടങ്ങുന്ന ശ്ലോകത്തിലെ 'ക്ഷ' എന്നത് ക്ഷമാദേവിയാണെന്ന് ഏകാക്ഷരകോശങ്ങളില്‍ നിന്നു മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ അരിയില്‍ വിദ്യാരംഭം കുറിക്കുമ്പോള്‍ അക്ഷരങ്ങളെ എഴുതുന്നത് ഈ ദേവതകളെ സ്മരിച്ചുകൊണ്ടാണെന്ന് ശ്രീവിദ്യോപാസകര്‍ കരുതുന്നു. അരി അന്നം ആകുന്നു. 'അന്നം വൈ ബ്രഹ്മ' എന്ന പ്രാചീന വാക്യം ശ്രദ്ധിക്കുക. ബ്രഹ്മത്തില്‍ തൊട്ട് അറിവിന്റെ ആരംഭം കുറിക്കേണ്ടതുണ്ടെന്ന് സാരം.




MathrubhumiMatrimonial