
ഷാഹുല്‍ ഹമീദ് ലുഖ്മാനിയ പായസം വിളമ്പുന്നു
Posted on: 06 Sep 2011

ഇരിങ്ങാലക്കുട: 'പായസം, നല്ല ചൂടുള്ള പായസം, മധുരപായാസം ലുഖ്മാനിയ പായസം ....' ഇരിങ്ങാലക്കുടയിലെ വീഥികളില്‍ തിങ്കളാഴ്ച വൈകുന്നേരം മുഴങ്ങി കേട്ട ഒരു ശബ്ദം. ആശ്ചര്യത്തോടെ ഓണവിഭവങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ കണ്ട കാഴ്ച കാര്‍ട്ടന്‍ ബോക്‌സുകളെകൊണ്ട് രൂപപ്പെടുത്തിയ ഒരു ഉന്തുവണ്ടിയില്‍ ഓണപൂക്കളത്തെ ഓര്‍മ്മപ്പെടുത്തുന്ന നിറപ്പകിട്ടാര്‍ന്ന ഒരു കുടയുടെ കീഴില്‍ ഒരു പായസ കച്ചവടക്കാരനെ.
കയ്പമംഗലം സ്വദേശി ഷാഹുല്‍ ഹമീദിന്റെതാണ് ഈ ട്രോളി. ഹമീദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സയ്യാറ കൊറോള കെ.എല്‍.8 ഡി 786. റിയാദില്‍ പ്രധാന വാണിജ്യകേന്ദ്രമായ ബത്ഹയുടെ തെരുവുകളിലും പായസകച്ചവടമായി ഇദ്ദേഹത്തെ കണ്ടവരുന്നുണ്ട്. ഒരു ഗ്ലാസ് നിറയെ ചൂടുള്ള പായസത്തിന് 10 രൂപയേ ഉള്ളൂ.
ദിവസവരുമാനം എത്രയാണെന്നും, പായസത്തിന്റെ ചെരുവകളെന്താണെന്നും ചോദിക്കരുത്, അത് ബിസിനസ് സീക്രട്ടാണ്. 'ലുഖ്മാനിയ' ഒരു സ്റ്റൈലിനിട്ട ബ്രാന്റ് നെയിം ആണത്രേ. ഈ കച്ചവടത്തില്‍നിന്നും കിട്ടുന്ന വരുമാനംകൊണ്ട് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ നോക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. തെരുവിലെ കച്ചവടത്തിന് പോലീസിന്റെ ശല്യം ഉണ്ടാകാറില്ലെന്നും ഇദ്ദേഹം പറഞ്ഞു. വാഹനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആപ്തവാക്യം 'തോന്നുമ്പോള്‍ കിട്ടില്ല, കാണുമ്പോള്‍ വാങ്ങുക'. ഇതാണ് തന്റെ ജീവിതത്ത്വമെന്ന് ഷാഹുല്‍ ഹമീദ് അടിവരയിടുന്നു.
വാര്‍ത്ത അയച്ചത്: സിബിന്‍ ടി.ജി
