
സപ്തമാതൃക്കളും നവരാത്രിയും
Posted on: 04 Oct 2008

നവരാത്രിയുടെ സാധനാപരിധിയില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ദേവതാ കാഴ്ചപ്പാടാണ് സപ്തമാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ എന്നീ സപ്തമാതൃക്കള്‍ ഈ പേരില്‍ സപ്തമാതൃക്കളായി വേദത്തില്‍ കാണുന്നില്ല. ചിലപ്പോള്‍ ലക്ഷ്മിയെക്കൂടി കൂട്ടി അഷ്ടമാതൃക്കളെന്നും പറയാറുണ്ട്. ഭാരതത്തില്‍ നിലനില്ക്കുന്ന ശക്തമായ ശ്രീവിദ്യോപാസന നവരാത്രികളില്‍ ശ്രീചക്രപൂജയായി നടക്കാറുണ്ട്. ശ്രീചക്രമെന്നത് പ്രപഞ്ചംതന്നെയാണ്. പ്രപഞ്ചത്തിന്റെ ശക്തിയും സ്രഷ്ടാവായ സദാശിവനും ഒരുമിച്ചിരിക്കുന്ന ബിന്ദുവരെ ഉള്‍ക്കൊള്ളുന്ന അസാധാരണമായ ജ്യാമിതീയരൂപമാണ് ശ്രീചക്രമെന്നു പറയാം. ശ്രീചക്രത്തിലെ ആദ്യ ആവരണത്തില്‍ എട്ട് ശക്തികള്‍ കടന്നുവരുന്നുണ്ട്. അതിലുണ്ട് മേല്‍പറഞ്ഞ ഏഴ് മാതൃക്കളും.
ഋഗ്വേദത്തില്‍ സപ്ത ശിവാസു മാതൃഷു (1-141-2) എന്നൊരു പ്രയോഗമുണ്ട്. ഇതേപോലെ മറ്റൊരിടത്ത് 'സപ്തവാണി' (ഋ. 3-1-6) എന്നും പറയുന്നുണ്ട്. അഗ്‌നനിക്കും ശ്രീചക്രത്തിനും തമ്മില്‍ സാദൃശ്യം ചിന്തിക്കുന്നവരുമുണ്ട്. അഗ്‌നനി മുകളിലേക്ക് കത്തി ഉയരുമ്പോള്‍ അതിന് ഏഴുപാടും നാവുകള്‍ ഉണ്ടാകും. മുകളില്‍ ഒരു ബിന്ദുവും. ഇതേപോലെ ബിന്ദുവും അഗ്‌നനിനാളസമാനമായ കോണുകളും ദളങ്ങളും ശ്രീചക്ര മഹാമേരുവില്‍ കാണാം. അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് മുണ്ഡകോപനിഷത്തും പറയുന്നുണ്ട്.
കാളീ കരാളീ ച മനോജ വാ ച
സുലോഹിതാ യാ യ സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1-2-4)
കാളി, കരാളീ, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഥുലിംഗിനീ, വിശ്വരുചീ എന്നിങ്ങനെ അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് ഈ പ്രസ്താവനകൂടി ചൂണ്ടിക്കാട്ടിയാണ് അഗ്‌നനിതന്നെ ശ്രീചക്രമെന്ന കാഴ്ചപ്പാട് ഉണ്ടായിട്ടുള്ളത്. 'ശ്രീവിദ്യ' എന്ന സകല വിദ്യകളുടേയും പരദേവതയുടെ ധ്യാനശ്ലോകങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെല്ലാം 'അരുണാഭമായ' എന്ന വിശേഷണം കാണാം. 'അരുണാഭം' എന്നത് അഗ്‌നനിയുടെ നിറമാണല്ലോ. അപ്പോള്‍ അഗ്‌നനിയുടെ രൂപം ശ്രീചക്രമഹാമേരുവിന് കല്പിക്കുകയും സപ്തമാതൃക്കള്‍ സപ്തജിഹ്വകളാണെന്നു കരുതുകയും അരുണാഭമായ രൂപഭാവമുള്ളവള്‍ ശ്രീവിദ്യയെന്നുമുള്ള കാഴ്ചപ്പാടുകള്‍ കടന്നുവരുമ്പോള്‍ നവരാത്രിയില്‍ പ്രതിദിനം ചെയ്യുന്ന ശ്രീ ചക്രോപാസന അഗ്‌നനിയജനത്തിന്റെ മറ്റൊരു രൂപംതന്നെ. ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങള്‍ക്കും ഓരോ ദിവസവും പരിവാരദേവതകള്‍ക്കടക്കം പൂജ ചെയ്യുന്ന പദ്ധതി നവരാത്രി കാലത്ത് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണകീര്‍ത്തനങ്ങള്‍ ഓരോ ദിവസമായി ആലപിച്ചിരുന്നു.
