goodnews head

പൊന്നമ്മയുടെ കണ്ണുകളിലൂടെ ലീലാമ്മ കണ്ടു, കുര്യനെ

Posted on: 01 Sep 2011


കോട്ടയം: പൊന്നമ്മയുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. ലീലാമ്മയില്‍ കണ്ണുടക്കിയെങ്കിലും താനന്വേഷിക്കുന്നത് അവരെത്തന്നെയെന്നുറപ്പിക്കാന്‍ പിന്നെയും കുറേനേരം വേണ്ടിവന്നു. ദാനംചെയ്ത വലതുകണ്ണിലൂടെ ഒന്നുകൂടി ഭര്‍ത്താവായ കുര്യനെ കണ്ട് ലീലാമ്മ വിതുമ്പി. 'അദ്ദേഹത്തിന്റെ കണ്ണിന് ഒരു കുഴപ്പവുമില്ലായിരുന്നു. . .'

പൊന്നമ്മയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇതുപറയുമ്പോള്‍ ദൈവം നിശ്ചയിച്ചുറപ്പിച്ച മൂഹൂര്‍ത്തമായി മാറുകയായിരുന്നു ആ സംഗമം. ചൊവ്വാഴ്ച മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

ആര്‍ത്രൈറ്റിസ് ബാധിച്ച മാങ്ങാനം പെരുംപുഴയില്‍ കുര്യന്‍, ബാത്ത്‌റൂമില്‍ വീണ് ഒരു മാസത്തോളമായി ചികിത്സയിലിരിക്കെ 2010 ജൂണ്‍ 16നാണ് മരിച്ചത്. കോട്ടയം ഗവ. മോഡല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന കുര്യന്റെ ആഗ്രഹമായിരുന്നു കണ്ണുകള്‍ ദാനംചെയ്യുകയെന്നത്. മരിച്ച ദിവസംതന്നെ കണ്ണുകള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ നേത്രബാങ്കിലേക്ക് മാറ്റി.

ജന്മനാ കാഴ്ചയില്ലാത്ത പൊന്നമ്മയ്ക്ക് മക്കളേക്കാള്‍ കൊച്ചുമക്കളെ കാണാനായിരുന്നു ആഗ്രഹം . ''കഴിഞ്ഞവര്‍ഷം ജൂണ്‍ 16ന് രാത്രി 10 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ ഡോ.ലിയ നാളെത്തന്നെ നേത്രശസ്ത്രക്രിയയ്ക്ക് വരണമെന്ന് അറിയിച്ചത്. ആരാണ് കണ്ണുതന്നതെന്നൊന്നും അറിയില്ല, പക്ഷേ, ദൈവത്തിനോടേറ്റവും അടുത്ത ആരോ ആണെന്നുറപ്പായിരുന്നു''- മണിമല കരക്കാട്ടൂര്‍ കൊല്ലമ്പറമ്പില്‍ വീട്ടില്‍ ഗോപിനാഥന്റെ ഭാര്യ പൊന്നമ്മ പറഞ്ഞു. ആശാരിപ്പണിക്കാരനായ ഗോപിനാഥന്റെ ത്യാഗമാണ് കാഴ്ചയില്ലാത്ത പൊന്നമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമക്കളുണ്ട് എങ്കിലും ഗോപിനാഥനെ വാര്‍ദ്ധക്യത്തില്‍പ്പോലും ശുശ്രൂഷിക്കാന്‍ കഴിയില്ലല്ലോ എന്ന സങ്കടം അലട്ടിയപ്പോഴാണ് കണ്ണ് മാറ്റിവയ്ക്കണമെന്ന ഉറച്ച തീരുമാനത്തില്‍ പൊന്നമ്മ എത്തിച്ചേര്‍ന്നത്.

ജൂണ്‍ 17ന് രാവിലെതന്നെ ശസ്ത്രക്രിയ നടത്തി. അന്നുമുതല്‍ പൊന്നമ്മ പ്രാര്‍ത്ഥിക്കും, കണ്ണുനല്‍കാന്‍ തയ്യാറായ ആ നല്ല കുടുംബത്തിനുവേണ്ടി.

എം.വി.ആന്‍ഡ്രൂസ് സ്മാരക നേത്രദാനസമിതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നേത്രദാതാക്കളുടെ കുടുംബാംഗങ്ങളുടെയും നേത്രദാനത്തിലൂടെ കാഴ്ച ലഭിച്ചവരുടെയും നേത്രദാന സമ്മതപത്രത്തില്‍ ഒപ്പിട്ടവരുടെയും സംഗമം നടത്തിയത്.

ബിഷപ്പ് ഡോ .ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. പി.യു.തോമസ്, മോന്‍സി എം.ആന്‍ഡ്രൂസ്, റവ. ഡോ.ടി.എം.ജോണ്‍ , ഫാദര്‍ ഉമ്മന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial