goodnews head

തരിശുഭൂമിയില്‍ കൃഷിയിറക്കി 'ധാന്യശ്രീ' മാതൃക

Posted on: 01 Oct 2008


കൊളച്ചേരി: പത്ത് ഏക്കറോളം വരുന്ന തരിശ്ഭൂമിയില്‍ നെല്‍കൃഷിയിറക്കി ഹരിതാഭമാക്കാനുള്ള തീവ്രശ്രമത്തിലാണ് കൊളച്ചേരി പാട്ടയത്തെ ഒരുകൂട്ടം കര്‍ഷകര്‍. ധാന്യശ്രീ എന്ന ഈ കര്‍ഷകകൂട്ടായ്മയില്‍ യുവാക്കള്‍ ഉള്‍പ്പെടെ 12 ഓളം അംഗങ്ങളുണ്ട്. തുറസ്സായി കിടന്ന തരിശ്ഭൂമിയെ ഉഴുത്മറിച്ച് ഇവര്‍ നെല്‍വയലുകളാക്കി മാറ്റിക്കഴിഞ്ഞു. കൃഷിവകുപ്പ്, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സാമ്പത്തിക സഹായവും കൃഷി ഉദ്യോഗസ്ഥരുടെ സാങ്കേതിക നിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വളരെക്കാലാമയി കൃഷി നടത്താത്തതിനാല്‍ നിലം ഉഴത് മറിക്കാന്‍ പ്രയാസം നേരിട്ടതായി കര്‍ഷകര്‍ പറഞ്ഞു. കൃഷിവകുപ്പിന്റെ തന്നെ ട്രാക്ടര്‍ ഉപയോഗിച്ചതിനാല്‍ പ്രവര്‍ത്തനം ദ്രുതഗതിയിലായി.

രണ്ടാംവിളക്ക് നേരിടുന്ന ജല ദൗര്‍ലഭ്യവും തൊഴിലാളിക്ഷാമവും കണക്കിലെടുത്ത് സീസണിന് ഒരുമാസം മുമ്പെ തന്നെ കൃഷിനടത്താനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. അത്യുല്‍പ്പാദന ശേഷിയുള്ള ആതിര, കാഞ്ചന എന്നീ വിത്തുകളാണ് ഉപയോഗിച്ചത്. തയ്യാറായ ഞാറ്റടിക്ക് പതിവിലും കൂടുതല്‍ വളര്‍ച്ചയുണ്ട്. 15 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഞാറ്പറിച്ചു നടാനുള്ള വളര്‍ച്ചയുണ്ട്. കൊളച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കും. സര്‍ക്കാറിന്റെ പലിശരഹിത വായ്പയും കര്‍ഷകര്‍ക്ക് കൂട്ടാകുന്നു. 20 മെട്രിക് ടണ്‍ നെല്ല് അധികമായി ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ധാന്യശ്രീയുടെ ആവേശം ഉള്‍ക്കൊണ്ട് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പരിപാടിയുണ്ട്. വിവിധ ഭാഗങ്ങളിലായി 15 ഏക്കറില്‍ കൂടി രണ്ടാംവിള കൃഷി ചെയ്യാനാണ് ശ്രമം. ചന്ദ്രമതി, പ്രേമന്‍, നിസാര്‍, കൊളച്ചേരി കൃഷി ഓഫീസര്‍, പി.കെ. ഇസ്മയില്‍, കൃഷി അസിസ്റ്റന്റ് ടി.ഒ. വിനോദ്, വി.സി. രാജന്‍, കെ.പി. മുഹമ്മദ്കുഞ്ഞി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

 

 




MathrubhumiMatrimonial