ലക്ഷ്യം മാനവികതയുടെ ഔന്നത്യം

Posted on: 29 Sep 2008

പി.ഐ. ഷറീഫ് മുഹമ്മദ്‌



ഒരുമാസം നീണ്ടുനിന്ന ഒരു ആത്മീയ, ശാരീരിക പരിശീലനത്തിന്റെ അവസാനദിനമാണല്ലോ ഇന്ന്. ലോകജനതയിലെ 80 ശതമാനവും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശപ്പിന്റെ പ്രഹരവും നാം ഈ ഒരുമാസം പങ്കുവച്ചു. ശരീരത്തെയും മനസ്സിനെയും ദോഷബാധ കീഴടക്കാതെ നാം സൂക്ഷിച്ചു. നോമ്പ് ദോഷബാധയെ തടയുന്നു എന്ന് ഖുര്‍ആന്‍ വിധിക്കുന്നു. (വി.ഖു. അല്‍ബഖറ: 183) ജീവിതത്തെ നിയന്ത്രിക്കാന്‍ നാം ശ്രമിച്ചു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, വാക്കിലും പ്രവൃത്തിയിലും ഏറെ സൂക്ഷ്മത കാണിച്ച് സ്വയംനിയന്ത്രണത്തിന്റെ ദിനങ്ങള്‍ നാം ആഘോഷിച്ചു. അല്ലാഹുവില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം നാം അര്‍പ്പിച്ചു. അല്ലാഹുവിന്റെ
ഭവനങ്ങളില്‍ നാം ഖുര്‍ആന്‍ പാരായണവുമായി ഭജനമിരുന്നു.
'വായിക്കപ്പെടുന്നത്' എന്നാണല്ലോ ഖുര്‍ആനിന്റെ അര്‍ത്ഥംതന്നെ. വായിക്കുംതോറും അറിവിന്റെ നീരുറവയിലേക്ക് വായനക്കാരെ വീണ്ടും വീണ്ടും നയിക്കുന്ന മഹദ്ഗ്രന്ഥമാണ് ഖുര്‍ആന്‍. ആ ഗ്രന്ഥത്തിന്റെ അവതരണമാസം ഒരിക്കല്‍കൂടി വിടപറയുമ്പോള്‍ സന്മാര്‍ഗ്ഗത്തിലേക്ക് ഒരു പടികൂടി മുമ്പോട്ട്, സമുദായവും ലോകജനതയും നീങ്ങട്ടെയെന്ന് പ്രത്യാശിക്കാം. മാത്സര്യത്തിന്റെയും ഭൗതികതയുടെയും ആര്‍ത്തി ശമിക്കാന്‍ ഈ പുണ്യമാസം മനുഷ്യനെയും രാജ്യങ്ങളെയും പ്രാപ്തരാക്കട്ടെ.
''മാനവസമൂഹമേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ ഹൃദയങ്ങളിലെ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്ന ഒരു തത്ത്വോപദേശം നിങ്ങളുടെ രക്ഷിതാവില്‍നിന്ന് വന്നെത്തിയിരിക്കുന്നു'' എന്നാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിച്ചത് (വി.ഖു. 10:57) ജന്തുഭാവത്തില്‍നിന്ന് ബന്ധുഭാവത്തിലേക്കും മാനവികതയിലേക്കും ഉയരാന്‍ മനുഷ്യനെ നവ്രതം സഹായിക്കുന്നു. മാനവിക സവിശേഷതകള്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍, മാനവികസംരക്ഷണം അസാധുവായിത്തീരും.
വിശുദ്ധമാസം വിടപറയുമ്പോള്‍ യാതനയുടെ കയ്പുനീര്‍ നുകര്‍ന്നുകൊണ്ട് നിലകൊള്ളുന്ന മഹാഭൂരിപക്ഷത്തെക്കുറിച്ചുള്ള ഓര്‍മ്മ നാം ഓരോരുത്തരുടെയും മനോമണ്ഡലത്തില്‍ അങ്കുരിക്കപ്പെടണം. ശാസ്ത്രസാങ്കേതികരംഗത്തെ
മുന്നേറ്റങ്ങളും ചന്ദ്രയാനവും കരാറുകളും നമ്മെ വിസ്മയിപ്പിക്കുന്നു. പക്ഷേ, എല്ലാറ്റിനുമപ്പുറം സഹിഷ്ണുതയും ധര്‍മ്മബോധവും പൗരാവകാശങ്ങളും ത്യാഗമനോഭാവവും മനുഷ്യത്വത്തിന്റെ ഉദ്‌ഘോഷണവും പൈശാചികതയുടെ
നിരാകരണവും ബഹുസ്വരനിലനില്പും ഉറപ്പാക്കുകയും വേണം. മാനവികതയുടെ ഔന്നത്യം ലക്ഷ്യം കാണാനും ഒരു നവലോകം പടുത്തുയര്‍ത്തുവാനും അനുഗ്രഹങ്ങളുടെ
മാസമായ റംസാന്‍ നമ്മെ ഏവരെയും ഒരിക്കല്‍ക്കൂടി ശക്തരാക്കട്ടെ എന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാം.

നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.20,
അസര്‍ - 3.37, മഗ്‌രിബ് -6.20, ഇശാഅ് - 7.26



MathrubhumiMatrimonial