navarathri 2010

നവരാത്രി

Posted on: 29 Sep 2008

പറവൂര്‍ ബി. ലതികാനായര്‍



ശുഭ്രവസ്ത്രധാരിണിയും ശ്വേതപദ്മാസനസ്ഥയും വീണാധാരിണിയും ശ്വേതപുഷേ്പാപശോഭിതയുമായ ബ്രഹ്മനന്ദിനി.
അക്ഷരസ്വരൂപിണിയായ വാണീദേവിയെ ആരാധിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍ ആണ്ടുതോറും നവരാത്രി ആഘോഷിക്കുന്നു.
മഞ്ഞള്‍ക്കുറി തൊട്ട കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍. പത്താംദിവസമായ വിജയദശമിയോടെ മഹോത്സവം സമാപിക്കുന്നു.

ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങള്‍ക്ക് പ്രത്യേകമായ സവിശേഷതകളുണ്ട്. ദുര്‍ഗാദേവിയാകുന്നു നവരാത്രിപൂജയുടെ കേന്ദ്രബിന്ദു. ദുര്‍ഗയെ പ്രപഞ്ചത്തിന്റെ ഈശ്വരിയായി സങ്കല്പിക്കുന്നു. നവരാത്രിവേളയില്‍ ദുര്‍ഗയോടൊപ്പം ലക്ഷ്മിയും സരസ്വതിയും ആരാധിക്കപ്പെടുന്നു.

ദുര്‍ഗ ഇച്ഛാശക്തിയുടെയും ലക്ഷ്മി ക്രിയാശക്തിയുടെയും സരസ്വതി ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്. ദുര്‍ഗ എന്ന പേരോടുകൂടി പരാശക്തി ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷയായത് അഷ്ടമിദിനത്തിലാണത്രെ. ദക്ഷന്റെ യാഗം മുടക്കി അവനെ വധിച്ച ഭദ്രയുടെ ജന്മനാളാണ് ദുര്‍ഗാഷ്ടമി എന്നും ചൊല്ലുണ്ട്.

അന്നും തുടര്‍ന്നുള്ള മഹാനവമി, വിജയദശമി ദിവസങ്ങളിലും ദേവിയെ സരസ്വതിയായി സങ്കല്പിച്ചു പൂജിക്കുന്നു.സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തില്‍ കഥയുണ്ട്. ബ്രഹ്മാവ് സൃഷ്ടിക്കൊരുങ്ങി ധ്യാനനിരതനായപ്പോള്‍ മനസ്സില്‍ സത്വഗുണം വര്‍ധിച്ചുവരുന്നതായിത്തോന്നി.

സത്വഗുണാന്വിതമായ ആ മനസ്സില്‍നിന്ന് ഒരു ബാലികയുണ്ടായി. ''നീ ആരെ''ന്നു ബ്രഹ്മാവ് ചോദിച്ചു. ''അങ്ങയില്‍ നിന്നു ജനിച്ചവളാണ് ഞാന്‍. എന്റെ സ്ഥാനവും ജോലിയും എന്തെന്നു കല്പിച്ചാലും'' എന്ന് അവള്‍ ആവശ്യപ്പെട്ടു. ഇതുകേട്ട് ബ്രഹ്മാവ് ഇപ്രകാരം അരുളിച്ചെയ്തു:

''ധന്യേ, നിന്റെ പേര് സരസ്വതി എന്നാണ്. സകലജീവികളുടെയും നാവിന്റെ അഗ്രത്തില്‍ നീ വസിക്കുക. വിശേഷിച്ച്, വിദ്വാന്മാരുടെ ജിഹ്വാഗ്രത്തില്‍ നീ നൃത്തം ചെയ്യുക. ഒരു നദീരൂപത്തില്‍ ഭൂമിയിലും നീ വസിക്കണം. മൂന്നാമതൊരു രൂപം പൂണ്ട് നീ എന്നിലും വാഴണം.'' സരസ്വതി അതു സമ്മതിച്ചു.

സരസ്വതീപൂജ വേദകാലങ്ങള്‍ക്കു മുമ്പുതന്നെ ആചരിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ദേവിയെ മയില്‍വാഹനയായും ഹംസവാഹനയായും കല്പിച്ചുവരുന്നു. ദേവിക്ക് നാലുകൈ ഉള്ളതില്‍ രണ്ടുകൈയില്‍ വീണയെ ധരിച്ചിരിക്കുന്നു. മറ്റു കൈകളില്‍ യഥാക്രമം അക്ഷരമാലയും ഗ്രന്ഥവും.

നവരാത്രി വ്രതം ആദ്യമായി അനുഷ്ഠിച്ചത് ശ്രീരാമനാണ്; കിഷ്‌കിന്ധയില്‍ വെച്ച്.സീതാപഹരണത്തില്‍ മനംനൊന്ത ശ്രീരാമന് നാരദമഹര്‍ഷി നവരാത്രീ വ്രതം ഉപദേശിച്ചു. വ്രതനിഷ്ഠയാല്‍ വാനര സൈന്യസമേതം കടല്‍ കടന്ന് ലങ്കയിലെത്തി രാവണനെ വധിക്കുവാനും സീതാദേവിയെ വീണ്ടെടുക്കാനും ശ്രീരാമനു കഴിഞ്ഞു.

എന്നാല്‍ ഈ വ്രതം എല്ലാവരും നിര്‍ബന്ധമായി അനുഷ്ഠിച്ചു തുടങ്ങിയത് സുദര്‍ശനന്‍ എന്നുപേരായ രാജാവിന്റെ കാലം മുതലാണ്.
അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. അന്നു തുടങ്ങി ഒരു നേരത്തെ ഊണേ ആകാവൂ. എന്നും രാവിലെ ഭക്ഷണത്തിനു മുന്‍പേ കുളി കഴിയണം. മത്സ്യമാംസാദികള്‍ അരുത് എന്നൊക്കെ നിഷ്‌കര്‍ഷിച്ചിരുന്നു.

ഗൃഹത്തില്‍ ശുദ്ധമായി ഒരിടത്ത് ദുര്‍ഗാഷ്ടമി നാള്‍ വൈകുന്നേരമാണ് പൂജ വെക്കുക. പൂജവെച്ചാല്‍ പിന്നെ അതെടുക്കുന്നതുവരെ എഴുത്തും വായനയും പാടില്ല. വിദ്യാര്‍ഥികള്‍ ഇന്നും ഈ ആചാരം അനുഷ്ഠിക്കുന്നു.നവരാത്രി കാലത്ത് വ്രതനിഷ്ഠരാകാത്തവരും മഹാനവമി ഭക്തിപൂര്‍വം ആചരിക്കുന്നു.

രാവിലെ കുളികഴിഞ്ഞ് ക്ഷേത്രത്തില്‍പ്പോയി ആരാധന നടത്തുന്നു.

വെള്ളപ്പളുങ്കു നിറമൊത്ത
വിദഗ്ധരൂപീ
കള്ളം കളഞ്ഞു കമലത്തി
ലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍
തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു
സരസ്വതീ നീ.

ആയുധപൂജയ്ക്ക് ആധാരമായ കഥ ഇതാണ്. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് അര്‍ജുനന്‍ സമീവൃക്ഷകോടരത്തില്‍ ഒളിച്ചുവെച്ചിരുന്ന ആയുധങ്ങള്‍ പിന്നീട് എടുത്തതും പൂജിച്ചതും ഒരു വിജയദശമി നാള്‍ ആയിരുന്നുവത്രെ. അതിന്റെ പാവനസ്മരണ ഇന്നും ആയുധപൂജയിലൂടെ നാം പുതുക്കുന്നു.

കര്‍ഷകന്‍ കൃഷിയായുധങ്ങളെ, തൊഴിലാളി തൊഴിലുപകരണങ്ങളെ, വിദ്യാര്‍ഥി പുസ്തകങ്ങളെ, എഴുത്തുകാരന്‍ സ്വന്തം തൂലികയെ കൂടുതല്‍ കരുത്തിനും കര്‍മശേഷിക്കുമായി പൂജിക്കുന്നു.

ആ പൂജ തന്റെയും തന്റെ ചുറ്റുപാടിന്റെയും ഐശ്വര്യത്തിനു വഴിതെളിയിക്കുന്നു.

നവരാത്രി കാലത്ത് 'ബൊമ്മക്കൊലു' വെക്കുന്ന സമ്പ്രദായം കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയിലുണ്ട്. പൂജാമുറിയിലോ മറ്റോ ഈ ആവശ്യത്തിനൊരുക്കിയിട്ടുള്ള അലങ്കരിച്ച തട്ടുകളില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ വെച്ച് വിശേഷാല്‍ പൂജകള്‍ ചെയ്യുന്നു. കോലമിട്ട തറയില്‍ നിറദീപവും നൈവേദ്യവും. അയല്‍ക്കാരെയും പ്രിയപ്പെട്ടവരെയും കൊലുതൊഴുന്നതിനു ക്ഷണിക്കുന്നു. വെറ്റില-പാക്ക്, നാളികേരം, പഴം, മഞ്ഞള്‍, ചന്ദനകുങ്കുമാദികള്‍ പലഹാരം മുതലായവ നല്‍കുന്നു.

സന്ധ്യയ്ക്ക് ദീപാരാധന. കൊലു കാണാന്‍ വരുന്നവരും കൊലു ഒരുക്കിയവരും കീര്‍ത്തനങ്ങള്‍ ചൊല്ലി ദേവിയെ സ്തുതിക്കുന്നു.
ദുര്‍ഗാദേവി മഹിഷാസുരന്റെ ശിരസ്സറുത്ത് വിജയമാഘോഷിച്ച കഥയാണ് വിജയദശമിക്കു പിന്നില്‍.

ബ്രഹ്മാവിനു മഹിഷനില്‍നിന്ന് വരം കിട്ടി; സ്ത്രീയല്ലാതെ മറ്റാരും തന്നെ വധിക്കുകയില്ലെന്ന്. വരസിദ്ധിയില്‍ അഹങ്കരിച്ച അസുരന്‍ ത്രിഭുവന ചക്രവര്‍ത്തിയാകാന്‍ കൊതിച്ചു. അവന്‍ ദേവലോകം പിടിച്ചടക്കി. ഇന്ദ്രനും മഹാവിഷ്ണുവും ശിവനും മഹിഷാസുരനോട് പൊരുതി. പരാജയമായിരുന്നു ഫലം. ത്രിമൂര്‍ത്തികള്‍, അസുരനിഗ്രഹത്തിനായി പുതിയൊരു ശക്തിക്ക് ജന്മം നല്‍കി. ആ ശക്തിയത്രെ ദുര്‍ഗാദേവി. ദേവി മഹിഷനെ യുദ്ധത്തിനു വെല്ലുവിളിച്ചു.

ആ സര്‍വാംഗ സുന്ദരിയെക്കണ്ട് മഹിഷന്‍ പ്രേമപരവശനായി. തന്നെ ജയിക്കുന്നവന്റെ ഭാര്യയായിരിക്കാനാണ് ഇഷ്ടമെന്നായി ദേവി. തുടര്‍ന്ന് ഉഗ്രസംഘട്ടനമുണ്ടായി. ദശമിനാളിലാണ് ദേവി മഹിഷനെ നിഗ്രഹിച്ചത്. ശുഭകര്‍മങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ അനുയോജ്യമായ ദിവസമാകുന്നു വിജയദശമി.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വിജയനഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ ആശ്വിനമാസത്തിലെ ശുക്ലപക്ഷപ്രഥമ മുതല്‍ പത്തു ദിവസം 'ദസ്‌വിധ് പാപഹര' എന്ന ഉത്സവം ആഘോഷിച്ചിരുന്നു. അത് ക്രമേണ 'ദസ്‌രാത്' ആയിത്തീര്‍ന്നു.
കര്‍ണാടകത്തില്‍ ഈ ഉത്സവം ഇന്നും ദശരാത്രിയജ്ഞമാകുന്നു. കര്‍ണാടകത്തിലെ ദേശീയോത്സവമാകുന്നു 'ദസറ'. നവരാത്രിയും വിജയദശമിയുമുള്‍പ്പെടെ പത്തു രാത്രികള്‍ - ദസ്ഹര.

മൈസൂരിലെ 'ദസറ' ഒരു മാസക്കാലം നീണ്ടുനില്ക്കുന്നു. 'ദസറ'യിലെ പ്രധാനയിനം വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയാകുന്നു. ആന, അമ്പാരി, കുതിര, കാലാള്‍, കുതിരവണ്ടി, കാളവണ്ടി തുടങ്ങിയ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളോടെയുള്ള ആഘോഷയാത്ര.
ബംഗാളില്‍ ശരത്കാലത്ത് (സപ്തംബര്‍-ഒക്ടോബറില്‍) പ്രതിപദം തുടങ്ങി ഒന്‍പതു ദിവസത്തെ ശാരദീയ പൂജയുണ്ട്. ഇതിനെ അകാലബോധനം എന്നു പറയുന്നു. ശ്രീരാമന്‍ നടത്തിയ ദേവീപൂജതന്നെ സങ്കല്പം. ദുര്‍ഗാഷ്ടമിനാള്‍ ബലിയും ദേവിക്ക് രക്താര്‍പ്പണവും നടത്തുന്നു. മഹാനവമിനാളില്‍ മന്വന്തരസ്‌നാനദാനാദികള്‍ ചെയ്യുന്നു. അന്ന് ദുര്‍ഗപ്രീതിക്കായി മൃഗ-മഹിഷബലി അനുഷ്ഠിക്കുന്നു. വിജയദശമി നാള്‍ മുന്‍ദിനങ്ങളില്‍ പൂജിച്ച ദുര്‍ഗാവിഗ്രഹം ജലാശയത്തിലൊഴുക്കുന്നു.

മഹാരാഷ്ട്രയില്‍ ഏഴാം ദിവസം സരസ്വതീപൂജയ്ക്കായി ധര്‍മഗ്രന്ഥങ്ങള്‍ പീഠത്തില്‍ ഒരുക്കിവെക്കും. ആവാഹനം, പൂജനം, ഉദ്വാഹനം എന്നിവയാണ് മൂന്നു ദിവസത്തെ ചടങ്ങുകള്‍. 'ഘടസ്ഥാപന ഷോഡസോപചാരം' തുടങ്ങിയവ ചെയ്ത് നവധാന്യങ്ങള്‍ മുളപ്പിക്കുന്നു. നവമിനാള്‍ 'ഖംഡാ' പൂജയോടുകൂടി നവരാത്രി സമാപിക്കുന്നു. ദശമിക്കും പ്രാധാന്യമുണ്ട്. അതുപോലെ ബ്രാഹ്മണര്‍ സരസ്വതീപൂജ, ക്ഷത്രിയര്‍ ആയുധപൂജ, വൈശ്യര്‍ കൃഷി, ശൂദ്രര്‍ മേല്പറഞ്ഞവര്‍ക്കുള്ള പരിചരണം എന്നിങ്ങനെ ഈ മഹോത്സവം കൊണ്ടാടുന്നു. അങ്ങനെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയും നവരാത്രി ആഘോഷിക്കുന്നു.

വപുസ്സിന്റെയും മനസ്സിന്റെയും ഏകാഗ്രപ്രവര്‍ത്തനങ്ങളുടെ അന്യാദൃശ ശക്തിയത്രെ വ്രതാനുഷ്ഠാനങ്ങളുടെ സിദ്ധി. അത് പ്രാപഞ്ചിക ദുഃഖങ്ങളെ ആത്മധൈര്യത്തോടെ നേരിടാന്‍ കഴിയുമാറാക്കുന്നു.
ഉത്സവപരിവേഷം വ്രതാനുഷ്ഠാനങ്ങളെ ഒരു ജനസമൂഹത്തിന്റെ ആചാരക്രമമായി മാറ്റുന്നു. മതപരമായ സങ്കുചിതത്വങ്ങള്‍ക്കപ്പുറം ആത്യന്തിക ലക്ഷ്യത്തിനാണ് പ്രാമുഖ്യം.

നമ്മുടെ മറ്റേതൊരു ഉത്സവാഘോഷത്തിന്റെയുമെന്നതു പോലെ നവരാത്രിയുടെയും ആന്തരിക പ്രേരണ ജനഹൃദയങ്ങളില്‍ നിറവുണ്ടാക്കുക എന്നതുതന്നെ.

തിന്മയ്ക്കും അജ്ഞതയ്ക്കും എതിരെ പടപൊരുതാനുള്ള നിര്‍ഭയതാദായിനിയാകുന്നു നവരാത്രി.

വര്‍ണനാദസംയുക്തമായ ഒരു ആചാരക്രമമെന്നതിലുപരി കാലാന്തരങ്ങളെ അതിജീവിക്കുന്ന, കാലത്തിന്റെ രഥചക്രമായ ബോധത്തിന്റെ സന്ദേശമാണ് നവരാത്രി.




MathrubhumiMatrimonial