നന്ദി, ദൈവത്തിനും മാതാപിതാക്കള്‍ക്കും

Posted on: 28 Sep 2008

ഖദീജ നര്‍ഗീസ്‌



'മനുഷ്യനോ' അവന്റെ മാതാപിതാക്കള്‍ക്കെല്ലാം നാം 'വസിയ്യത്ത് (ആജ്ഞാനിര്‍ദേശം) നല്‍കിയിരിക്കുന്നു. അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ ഗര്‍ഭം ചുമന്നു. അവന്റെ മുലകുടി അവസാനിപ്പിച്ചുള്ള വേര്‍പാടാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കള്‍ക്കും നീ നന്ദി ചെയ്യുക. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ് (സുറ: ലുഖ്മാന്‍)
മാതാപിതാക്കളോടുള്ള കടമകള്‍ക്ക് ഇസ്‌ലാം കല്പിക്കുന്ന ഗൗരവം ഈ വചനങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഒന്നാമതായി പിതാവിനെ അപേക്ഷിച്ച് മാതാവിനോടുള്ള കടമയാണ് കൂടുതല്‍ ശക്തം. ഏതാണ്ട് പത്തുമാസത്തോളം മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണം സഹിച്ചാണ് ഗര്‍ഭം ചുമക്കുന്നത്. ഒരു മാതാവ് ഗര്‍ഭവതിയായാല്‍ പ്രസവം വരെ- അവസാനത്തെ മാസങ്ങളില്‍ പ്രത്യേകിച്ചും- അനുഭവിക്കുന്ന ബുദ്ധിമുട്ടും വിഷമവും എത്രത്തോളമെന്നതിന് കണക്കില്ല. പിന്നീട് മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിനുവേണ്ടി മാതാവ് അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളും വിഷമങ്ങളും പറയേണ്ടതില്ല. പ്രവാചകനോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. ''ഞാന്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ആരോടാണ്? പ്രവാചകന്‍ അരുളി: തന്റെ മാതാവിനോടാണെന്ന്. പിന്നെ ആരോടാണ്? ചോദ്യകര്‍ത്താവ് വീണ്ടും. അപ്പോഴും പ്രവാചകന്‍ അരുളി: നിന്റെ മാതാവിനോട്. മൂന്നാമതും ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും പ്രവാചകന്‍ പറഞ്ഞു: നിന്റെ മാതാവിനോടെന്ന്. നാലാമതും വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നിന്റെ പിതാവിനോടെന്ന്.
മാതാപിതാക്കളോടുള്ള കടമയെക്കുറിച്ച് ഖുര്‍ആന്‍ ശക്തിയായ ഭാഷയിലും ആവര്‍ത്തിച്ചും വീണ്ടും പ്രസ്താവിച്ചതുകാണാം. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അവര്‍ ചെറുപ്പകാലത്ത് നമ്മെ നോക്കി വളര്‍ത്തിയതുപോലെ അവരുടെ വാര്‍ധക്യത്തിലും അവരോട് കാരുണ്യത്തോടെ സഹവസിക്കണം. ഒരിക്കലും 'ഛെ'യെന്ന് പറയരുത്. മാതാപിതാക്കള്‍ക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം. ''എന്റെ രക്ഷിതവേ, അവര്‍ രണ്ടുപേരും ചെറുപ്പത്തില്‍ എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ നീ അവര്‍ക്ക് കരുണ ചെയ്യേണമേ.'' എന്ന് പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നു (സൂറ: ഇസ്രാഅ് 24).
ഒരു മനുഷ്യന്‍ മരിച്ചുപോയാല്‍ അവന് മൂന്ന് കാര്യങ്ങള്‍ മാത്രമേ ബാക്കിയുണ്ടാകൂ എന്നാണ് പ്രവാചകമൊഴി. ഒന്ന്- തുടര്‍ന്നുപോകുന്ന ധര്‍മം, രണ്ട്- ഉപകാരപ്രദമായ വിജ്ഞാനം. മൂന്ന്- തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍സ്വഭാവികളായ മക്കള്‍.
മാതാപിതാക്കളോടെന്നപോലെ ദൈവത്തോടും നന്ദി ചെയ്യാന്‍ ദൈവം കല്പിക്കുന്നു.


നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.20,
അസര്‍ - 3.37, മഗ്‌രിബ് -6.20, ഇശാഅ് - 7.26



MathrubhumiMatrimonial