കളിത്തൊട്ടിലില്‍ ഗംഗയെക്കാണാന്‍
Posted on: 27 Sep 2008
Dileep Narayanamangalam
Photo: Vazhakunnam Girish

കഴിഞ്ഞ മേയില്‍ തികച്ചും യാദൃശ്ചികമായാണ് ഗോമുഖിലേക്ക് ഒരു യാത്ര തരപ്പെട്ടത്. ആരൊക്കെയാണ് സഹയാത്രികര്‍ എന്നോ എന്തൊക്കെയാണ് പരിപാടികള്‍ എന്നോ ശ്രദ്ധിച്ചില്ല. ലക്ഷ്യം മാത്രമാണ് മോഹിപ്പിച്ചത്. അത് ഗോമുഖ് എന്നതിലുപരി ഒമ്പതാം ക്ലാസില്‍ പഠിച്ച
'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ'
എന്ന നിലയ്ക്കാണ് മനസിനെ ത്രസിപ്പിച്ചത്.
അങ്ങനെ 2007 മെയ് 16-ന് അഞ്ചരയ്ക്കുള്ള 'മംഗള'യില്‍ കോഴിക്കോട്ട് നിന്ന് ഓടിക്കയറുന്നു. മറ്റംഗങ്ങളെല്ലാം കുറ്റിപ്പുറത്ത് നിന്നായതിനാലും എല്ലാവര്‍ക്കുമുള്ള കടുമാങ്ങയുടെ 'ഭാരം' ചുമക്കേണ്ടതിനാലും അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്കുള്ളൊരു 'പുറപ്പാട്' ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ തമാശ. അഞ്ചേകാലിന് അടയ്ക്ക വെട്ടാനുള്ള കത്തി അന്വേഷിച്ച് കോഴിക്കോട്ടെ വലിയങ്ങാടിയിലായിരുന്നു ഞാന്‍.
കേറിപ്പറ്റി, മറ്റംഗങ്ങളെ പരിചയമായി. ഞാനടക്കം 12 പേര്‍. ഇത്രയും ഭ്രാന്തന്‍മാരെ സംഘടിപ്പിച്ച ക്യാപ്റ്റനോ, ഒരു മുഴു(യാത്രാ)ഭ്രാന്തനും! മൂന്നാം തവണയാണത്രെ അദ്ദേഹം ഇതേ സ്ഥലത്തേക്ക് പോകുന്നത്! മൂന്നു ദിവസത്തേക്കുള്ള കുടിവെള്ളം, ചപ്പാത്തി, ഇഡ്ഢലി, തൈര്‌സാദം എന്നിവയുടെ അകമ്പടിയോടെയാണ് അവരുടെ വരവ്. അതില്‍ എന്റെ സംഭാവനയായ അസ്സല്‍ തൃശൂര്‍ സ്‌റ്റെല്‍ കടുമാങ്ങയും കോഴിേക്കാട്ടെ പട്ടന്‍മാരുടെ ഒന്നാംതരം ഉണക്കമാങ്ങയും കൂടിയായപ്പോള്‍ ശാപ്പാട് കാര്യം കുശാല്‍ നഗര്‍!

ഹസ്രത്ത് നിസാമുദ്ദീനില്‍ മംഗള എത്തിയത് 18-ാം തീയതി ഉച്ച തിരിഞ്ഞ്. അതിനാല്‍ ഞങ്ങളും ലേശം തിരിഞ്ഞു-ഹരിദ്വാറിലേക്ക് ബുക്ക് ചെയ്തിരിക്കുന്ന ജനശതാബ്ദി എന്ന കണക്ഷന്‍ ട്രെയിന്‍ സ്ഥലം വിട്ടിരിക്കുന്നു. ധനനഷ്ടവും സമയനഷ്ടവും ഫലം. ഉടനുടന്‍ ക്യാപ്റ്റന്‍ തന്റെ വേഷം ഭംഗിയാക്കാന്‍ ഡല്‍ഹി മെട്രോ (അത് മറ്റ് അംഗങ്ങളെ കാണിക്കാനെന്ന വ്യാജേന) വഴി ബസ് സ്റ്റാന്‍ഡിലേക്ക് ഞങ്ങളെ തിരിച്ചുവിട്ടു. 'ഉത്തരാഞ്ചല്‍ പരിവഹണ്‍' എന്ന പബഌക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങളേയും വഹിച്ച് ഹരിദ്വാറിലേക്ക്. 220 കിലോമീറ്റര്‍ ആ പാട്ടവണ്ടി അഞ്ചു മണിക്കൂര്‍ കൊണ്ട് തരണം ചെയ്തു. ഞങ്ങള്‍ എല്ലാവരും പുറകില്‍ വിശാലമായിരുന്ന് വഞ്ചിപ്പാട്ടും കൈകൊട്ടിക്കളിയും തുടങ്ങി. ദില്ലിവാലോം കൊ യെ ബഹുത് മസാ ദിയാ.
ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ ഭക്ഷണം, താമസം എന്നിവ കിട്ടാന്‍ താമസം തീരെ ഉണ്ടായില്ല. ക്യാപ്റ്റന്റെ ശുഷ്‌കാന്തി, നിഷ്‌കര്‍ഷ എന്നിവ കടുപ്പം തന്നെ. ക്ഷണത്തില്‍ ആഹാര നീഹാരാദികള്‍ കഴിച്ച് 'നിദ്ര തന്‍ നീരാഴി'. പലര്‍ക്കും സ്വപ്നം 'കാണാന്‍ പോകുന്ന പൂരം' തന്നെയായിരുന്നത്രേ.
ക്ഷേത്രം മാനേജര്‍ ഏര്‍പ്പാടു ചെയ്തിരുന്ന ടെമ്പോ ട്രാവലറില്‍ രാവിലെ ആറരയോടെ ഗംഗോത്രിയിലേക്ക്. പുറപ്പാടിനു ശേഷം മേളപ്പദം എന്ന പോലെ ഓരോരുത്തരുടേയും കലാപരിപാടികള്‍. എന്നും എപ്പോഴും ഒരേ ഭാവമുള്ള ആ 'ഡ്രൈവന്‍' വാഹനം മറ്റൊരു വഴിക്കാണ് വിട്ടത്- എന്തോ പെര്‍മിറ്റ് പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാന്‍. എന്നിട്ടും അയാള്‍ പെട്ടു. അവിടത്തെ നല്ല കൂറ്റന്‍ പോലീസിനാല്‍ സാരഥിക്ക് വൃത്തിയുള്ള അടി കിട്ടുന്നതും, എന്നിട്ടും ഭാവമാറ്റമേതുമില്ലാതെ വണ്ടിയെടുക്കുന്നതും നോക്കിക്കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ. പിടികൊടുക്കാതിരിക്കാന്‍ മലയാളം മാത്രമറിയാവുന്ന 'പൊട്ടന്‍മാരായി' അഭിനയിക്കാന്‍ മൂപ്പര്‍ നിര്‍േദശിച്ചിരുന്നു. അങ്ങനെ അഭിനയിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യവും ഒരു രസികന്‍ തൊടുത്തു.
ഈ പ്രശ്‌നം കാരണം അന്ന് ഉത്തരകാശി വരെ എത്താനേ സാധിച്ചുള്ളൂ. രാത്രികാല ഡ്രൈവിങ്ങ് അവിടെ അനുവദനീയമല്ല, ആശാസ്യവുമല്ല. ഒരു വിദ്വാന്‍ വന്ന വണ്ടിക്ക് യന്ത്രഊഞ്ഞാല്‍ എന്നാണ് പേരിട്ടത്. മലമ്പ്രദേശത്തില്‍ ഊഞ്ഞാലാട്ടം തന്നെയായിരുന്നു വണ്ടിക്കകത്ത്.
സാമാന്യം തണുപ്പുള്ള ഒരു മലമ്പ്രദേശം എന്നല്ലാതെ കാര്യമായൊന്നും തോന്നിയില്ല, ഉത്തരകാശിയെക്കുറിച്ച്. ഭേദപ്പെട്ട ഒരു ടൗണ്‍ ആയതിനാല്‍ ബാറ്ററി, മരുന്ന് തുടങ്ങി മറന്ന സാധനങ്ങള്‍ അവിടെ വാങ്ങാനായി. മഴയാല്‍ വഴിയെല്ലാം ചളിപിളിയായതിനാല്‍ കറങ്ങാന്‍ തോന്നിയില്ല. കിടപ്പ് ഒരു ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ (ഡോര്‍മിറ്ററി എന്നാണ് സങ്കല്പം).
20-ാം തീയതി രാവിലെ ഉത്തരാഞ്ചല്‍ സ്‌പെഷ്യല്‍ മസാല ചായയ്ക്കു ശേഷം ഗംഗോത്രിയിലേക്ക്. 70 കിേലാമീറ്റര്‍ യാത്രയ്ക്ക് നാലുമണിക്കൂറിലധികം എടുത്തു. ഈ ഘട്ടത്തിലാണ് ഹിമാലയം ഞങ്ങളില്‍ ആവേശിച്ചുതുടങ്ങിയത്. മഞ്ഞുമൂടിയ ഒരു വന്‍മല (പേരൊന്നും പ്രസക്തമല്ല) യുടെ ആദ്യദര്‍ശനം പകര്‍ന്ന വികാരം എന്തെന്ന് പറയാന്‍ ആവതില്ല. അടിമുടി രോമാഞ്ചം കൊണ്ടു എന്നൊക്കെ പറയാമെന്നു മാത്രം.
ഗോമുഖ് എന്ന വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നതിനാല്‍ ഗംഗോത്രിയില്‍ ഒട്ടും സമയം ചെലവഴിച്ചില്ല. നട്ടുച്ച പന്ത്രണ്ടു മണിയോടെ പതിനാല് കിലോമീറ്റര്‍ അകലെയുള്ള ഭോജ്പാസ എന്ന ഇടത്താവളം ലക്ഷ്യമാക്കി, ഒരു ഷെര്‍പ്പ, രണ്ട് കൈയിലും ഓരോ വടികള്‍ എന്നിവയുടെ സഹായത്തില്‍ നടത്തം തുടങ്ങി. പരാക്രമം മലകളിലല്ല വേണ്ടൂ എന്ന് പെട്ടെന്ന് ബോധ്യമായി.
തുടക്കത്തില്‍ തിരക്കുപിടിച്ചവര്‍ പുറകോട്ട് തള്ളപ്പെടുന്ന അവസ്ഥ. നാലു കിലോമീറ്റര്‍ താണ്ടി ചീസ്‌വാഡയിലെത്തി വിശ്രമം. വയറു കാലിയാണെങ്കിലും ഭക്ഷണത്തോടു വിരക്തി. ശ്വാസം തന്നെ കഴിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ എന്ത് ഭക്ഷണം? 3000-ല്‍ അധികം മീറ്ററാണ് ഇവിടെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഓക്‌സിജന്റെ അളവ് കുറയും എന്നൊക്കെ വായിക്കാനേ സുഖമുള്ളൂ. പ്രാണവായുവിന്റെ വില അറിയാന്‍ ഇങ്ങനെയൊക്കെയേ പറ്റൂ എന്ന് മനസ്സിലായി.
സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. ദിവസേന രാവിലെ അഞ്ച് കിലോമീറ്റര്‍ ഒരു മണിക്കൂര്‍ കൊണ്ട് നടന്നിരുന്നവനാണെന്ന അഹങ്കാരം എവിടെേപ്പായോ, എന്തോ! ആ നഗാധിരാജന്റെ മുമ്പില്‍ ഏതു പ്രാണിയുടെയാണ് മനസും ശിരസ്സും കുനിയാത്തത്? പല കേമന്‍മാര്‍ക്കും പല പ്രശ്‌നങ്ങള്‍ക്കും ഉത്തരേമകിയിട്ടുള്ള സ്ഥലം എന്നാണ് മുമ്പ് ഹിമാലയത്തിനെ കണ്ടിരുന്നത്. എന്നാലിപ്പോഴോ... അതിനൊക്കെ പുറമേ പലതും പലതും ആണ് ഈ ദേവാത്മാവ്.
ശരീരം ക്ഷീണിക്കുന്തോറും മനസ് ഉത്സാഹഭരിതമാകുന്ന വൈരുദ്ധ്യം അനുഭവപ്പെട്ടു. ഇപ്പോള്‍ ഞാന്‍ ഹിമാലയത്തിന്റെ മടിത്തട്ടിലാണ്. നോക്കുന്നിടത്തൊക്കെയുണ്ട് പര്‍വ്വതങ്ങള്‍. അതിന്റെ 'നടുക്കീച്ചെറുതായ ഞാനും' എന്ന അവസ്ഥ. അവശരായ രണ്ടുപേര്‍ക്ക് പിന്തുണ എന്ന നിലയ്ക്ക് ഞാന്‍ പിന്നില്‍. ശ്രദ്ധ, ചിന്ത എന്നിവ ആ ആത്മീയാന്തരീക്ഷത്തെ കുറിച്ചായതിനാലാണ് വേഗത കുറഞ്ഞത് എന്ന് ഇപ്പോള്‍ തോന്നുന്നു. സ്വന്തം മുതുമുത്തശ്ശന്റെ, ആദികാരണവരുടെ തറവാട്ടിലെത്തിയ പ്രതീതി. ആ പ്രപിതാമഹന്‍ കൊച്ചുമക്കളെ വാത്സല്യത്തോടെ കൈപിടിച്ചുനടത്തുന്നു. ചീസ്‌വാഡയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ കൂടി അഞ്ചരയോടെ നടന്നുകയറി. അതിനിടയ്ക്ക് പാറപ്പുറത്ത് ഇരുന്നുറങ്ങല്‍, നിന്ന് മയങ്ങല്‍ തുടങ്ങിയ പുതുമകളുമുണ്ടായി.

പുറകിലായവരെ അന്വേഷിച്ച് ഗൈഡ് വന്നു. മുമ്പില്‍ പോയവരോട് അസൂയ, ദേഷ്യം എന്നിവ തോന്നി. 'ഭായീ സാബ് ആപ് കൈസാ ഹെ' എന്ന ഗൈഡിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ക്ഷീണം കാരണം ഹിന്ദി വരുന്നതേയില്ല. ഇനിയുള്ള സ്ഥലം അപകടമേഖലയാണെന്നും ഇങ്ങനെ പോയാല്‍ ഇരുട്ടുന്നതിനു മുമ്പ് ഭോജ്പാസയിലെത്തില്ലെന്നും ഗൈഡ് ഭീഷണി മുഴക്കി. കൂട്ടത്തിലൊരാള്‍ റിട്ടേണ്‍ കുതിരയെ സംഘടിപ്പിച്ച് രക്ഷപ്പെടുകയും ചെയ്തു. അസാരം പരിഭ്രമം തോന്നിത്തുടങ്ങി. ടോര്‍ച്ച് പരിശോധിച്ചപ്പോള്‍ ചാര്‍ജും കുറവ്. അവിടെ ബാറ്ററി കിട്ടാനുമില്ല. പേടി കലശലായി. അവിടെയെങ്ങാന്‍ രാത്രി പെട്ടാലുള്ള അവസ്്ഥയോര്‍ത്ത് നില്‍ക്കുമ്പോഴതാ രണ്ട് സഖാക്കള്‍ ഇഴഞ്ഞിഴഞ്ഞ് മുമ്പില്‍. കുറേ സമാധാനമായി. നാലുപേര്‍ക്കും കുതിരയെ കിട്ടുക എന്നതു മാത്രമാണ് പരിഹാരം. ഭാഗ്യം കൈവെടിഞ്ഞില്ല.
അഞ്ചര മണിക്കൂര്‍ കൊണ്ട്് ഒമ്പതുകിലോമീറ്റര്‍ മാത്രമേ നടന്നിട്ടുള്ളൂ. ഇനി അഞ്ചുകിലോമീറ്റര്‍ കൂടി പോയാലേ ഭോജ്പാസ എത്തുകയുള്ളൂ. കുതിരപ്പുറത്തുള്ള ആ യാത്ര ഒട്ടും ആസ്വാദ്യമായില്ല. നമ്മുടെ ജീവന്‍ ആ മിണ്ടാപ്രാണിയുടെ കാലിലാണെന്ന ബോധം ഒട്ടും സുഖകരമല്ല തന്നെ. പാഷാണവൃഷ്ടി പ്രദേശവും താഴ്‌വരകളും കാണുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവന്‍ കുതിരക്കുളമ്പിലായിരുന്നു. വഴിക്ക് ഒരു പുഴ കടന്നപ്പോള്‍ അതിന്റെ കാലൊന്ന് മടങ്ങി. എല്ലാ ഭഗവാന്‍മാരെയും ഒന്നിച്ചുവിളിച്ചു. കുത്തനെയുള്ള കയറ്റങ്ങളും ഉരുളന്‍ കല്ലുകളും താണ്ടി ആ പാവം ഈ 68 കിലോ ചാക്കിനെ ഇരുട്ടും മുമ്പ് ഭോജ്പാസയില്‍ കൊണ്ടിട്ടു. മറ്റുള്ളവരോടു മിണ്ടാനോ ചിരിക്കാനോ പോലും വയ്യാതെ ഒറ്റവീഴ്ച ഒരു പായയിലേക്ക്. കണ്ണടച്ച് ശ്വാസം നിയന്ത്രിച്ച് ശക്തി സംഭരിച്ചു. യോഗ ശീലിച്ച വാസുദേവേട്ടന്‍ മാത്രം ശാന്തനായി നില്‍ക്കുന്നു. ബാക്കി പതിനൊന്നു പേരും ഫ്‌ളാറ്റ്!
ബംഗാളില്‍ നിന്നുവന്ന, ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുന്ന സ്വാമിയുടെ ആശ്രമത്തില്‍ ക്യാമ്പ്. അവിടത്തെ പ്രാര്‍ത്ഥനയും സോയാബീന്‍ കറിയും ബോറടിപ്പിച്ചു. കൂട്ടത്തിലൊരാള്‍ ഞാനൊരു ഗോമുഖത്തേക്കുമില്ല എന്ന് പ്രഖ്യാപിച്ച് കിടക്കയിലേക്ക് വീണു. അവിടെ നിന്നെഴുന്നേറ്റത് 32 മണിക്കൂറിനു ശേഷം, പിറ്റേന്നിന്റെ പിറ്റേന്ന്. ഈ ഭൂമിയില്‍ അയാള്‍ക്ക് ഒരു ദിവസം ഉണ്ടായില്ല.
തണുപ്പിന്റെ ആധിക്യം കൊണ്ടും മനസിന്റെ ആകാംക്ഷ കൊണ്ടും ഉറക്കം നന്നായില്ല. രാവിലെ പ്രാഥമികകാര്യങ്ങളും ശരിയായില്ല. സിഗററ്റ്, മുറുക്കാന്‍ എന്നിവയും അവിടെ തോല്‍ക്കുന്നു. പതിനായിരത്തിലധികം അടി ഉയരത്തില്‍ മനുഷ്യര്‍ക്കുണ്ടാകുന്ന മാറ്റങ്ങളെല്ലാം അനുഭവിച്ചു. ഹൃദയമിടിപ്പ്, രക്തചംക്രമണം എന്നിവ കൂടുന്നതും നിര്‍ജ്ജലീകരണം സംഭവിക്കുന്നതും ശ്വാസം ശരിക്ക് കിട്ടാത്തതും...
കൂട്ടത്തിലെ ഫോട്ടോഗ്രാഫി തൊഴിലാക്കിയ സുഹൃത്തിനേയും കൂട്ടി രാവിലെ ഒരു കറക്കം. അദ്ഭുതകരമായ ദൃശ്യങ്ങള്‍ പകര്‍ത്താനായത് ഈ യാന്രതയുടെ ധന്യത. സൂര്യന്റെ ഗതിക്കനുസരിച്ച് മഞ്ഞുമൂടിയ മലകളില്‍ വരുന്ന നിറംമാറ്റം ഭാവമാറ്റം എന്നിവ പ്രകൃതിയുടെ കുടമാറ്റം തന്നെ. ആദിത്യന്റെ തിരനോട്ടം അസ്സലായി.
തീയതി 21 ആണെന്ന് ആരോ പറയുന്നത് കേട്ടു. ഇവിടെ ഈ സ്വര്‍ഗ്ഗഭൂമിയില്‍ തീയതിക്കും മാസത്തിനുമൊക്കെ എന്തു പ്രസക്തി? ഞങ്ങളുടെ ശ്രദ്ധ, നോക്കിയാല്‍ കാണുന്ന അഞ്ചുകിലോമീറ്ററകലെയുള്ള േഗാമുഖമായിരുന്നു. ഹിമാനി കാണാനും ചവിട്ടാനും സാധിച്ചു. രാവിലത്തെ ഭക്ഷണം ശരിയാവാത്തതിന്റെ ക്ഷീണം കൂടി നടത്തത്തില്‍ പ്രതിഫലിച്ചു. ഒരു വാശിപ്പുറത്തുള്ള നടത്തമായിരുന്നു പിന്നീട്. ചിലര്‍ വഴിക്ക് പിന്തിരിഞ്ഞു. ചിലര്‍ കുതിരയെ ആശ്രയിച്ചു. വിട്ടുകൊടുക്കാന്‍ എനിക്ക് മനസുണ്ടായിരുന്നില്ല. അങ്ങനെ പത്തരയോടെ 'ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നും' എന്ന മട്ടില്‍ ഗോമുഖം. ഗംഗാമൈയ്യാ കി ജയ്് വിളികള്‍! ചുരുക്കം ചില സംന്യാസിമാരും വിദേശികളും മാത്രം കൂട്ട്. ചുറ്റും ശിവലിംഗപര്‍വ്വതം, ഭരദ്വാജ പര്‍വ്വതം മുതലായവ. നടുവിലൂടെ പഞ്ചാരിമേളത്തിന്റെ അഞ്ചാം കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗംഗയുടെ നീരൊഴുക്ക്. അവിടെ ഒരു പാറപ്പുറത്ത് കണ്ണുമിഴിച്ച് മലര്‍ന്നുകിടന്നു. ചിന്തകള്‍ ഭഗീരഥനിലേക്കും രാമന്‍കുട്ടിയാശാന്റെ പാര്‍വ്വതീവിരഹത്തിലേക്കും കടന്നു. ശ്രീപരമേശ്വരന്റെ രഹസ്യപ്രണയത്താല്‍ സന്തുഷ്ടയായിട്ടുള്ള ഇവള്‍, ഭഗീരഥന്റെ കഠിനപ്രയത്‌നത്തിനു മുന്നില്‍ തോല്‍ക്കേണ്ടി വന്ന ഇവള്‍ ഭാരതീയ സംസ്‌കൃതിയുടെ ഉല്‍കൃഷ്ടത തന്നെ.
നദികളേയും പര്‍വ്വതങ്ങളേയും കഥാപാത്രങ്ങളാക്കിയ ആ ഉത്തമ ഭാവനയ്ക്കു മുന്നില്‍ കൂപ്പുകൈ!
അവിടെ പവിത്രജലം സംഭരിക്കാന്‍ പോയിട്ട് ഒന്നു തൊടാന്‍ പോലും ഒരുമ്പെട്ടില്ല. മുമ്പൊരു സുഹൃത്തിന്റെ കാല്‍ തരിച്ച കഥ കേട്ടിട്ടുള്ളതിനാലാണ് 'വെള്ളം തൊടാതെ തിരിച്ചുപോരാമെന്ന്' നിശ്ചയിച്ചത്. അപ്പോഴതാ ഒരു സംന്യാസി തോര്‍ത്ത് മാത്രം ചുറ്റി ബക്കറ്റുകൊണ്ട് വെള്ളം മുക്കികുളിക്കുന്നു.
മൂന്ന് സ്വെറ്ററിട്ടിട്ടും ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കും തണുക്കുന്നു. ആന്തരികമായി ചുട് ഉല്പാദിപ്പിക്കുന്ന രാസവിദ്യ എന്തായിരിക്കും? ഒരു മണിയോടെ മടക്കം. അഞ്ചുകിലോമീറ്ററിന് അഞ്ച് മണിക്കൂറെടുത്ത് ആറുമണിയോടെ വീണ്ടും ആശ്രമത്തില്‍. എല്ലാ ഋതുക്കളിലും സ്വാമി അവിടെയാണത്രേ. ഒരുപാട് പഠനമനനങ്ങള്‍ അവിടെ നടക്കുന്നുണ്ട് എന്നുതോന്നി.

പിറ്റേന്ന് രാവിലെ ഗംഗോത്രിയിലേക്ക് മടക്കം. കുതിരപ്പുറത്ത് കയറില്ല എന്നുറപ്പിച്ച് നേരത്തെതന്നെ പുറപ്പെട്ടു. ഗൈഡിനെ കൂടാതെ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം. മറ്റുള്ളവര്‍ കുതിരപ്പുറത്തും. മടക്കയാത്രയാണ് ഏറ്റവും ആസ്വാദ്യകരമായത്. ധാരാളം സമയം. വേറെ ആരെയും ശ്രദ്ധിക്കേണ്ട കാര്യവുമില്ല. ഓരോ പുല്‍ക്കൊടിയോടും, ഭുര്‍ജ് മരങ്ങളോടും സംവദിച്ച്, ധാരാളം വിശ്രമിച്ച്, ആസ്വദിച്ചുള്ള ട്രെക്കിങ്ങ്. 14 കിലോമീറ്റര്‍ ആറു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി. ഇടയ്ക്ക് ചീസ്‌വാഡയില്‍ വച്ച് കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ടി.എന്‍. വാസുദേവന്‍ മാഷെ കണ്ടപ്പോഴാണ് ഈ ലോകവുമായി ഒരു ബന്ധം സ്ഥാപിച്ചതായി തോന്നിയത്. റേഞ്ച് വന്നു എന്നുപറഞ്ഞ് ക്യാപ്റ്റന്‍ ഫോണും കൊണ്ടോടിവന്നു. ഭാര്യയെ വിളിച്ചു. നടത്തത്തിനിടെ മൊബൈലില്‍ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിച്ചു. കേട്ടതോ കോട്ടയ്ക്കല്‍ നാരായണന്റെ 'ഇനി എന്ന് കാണും ഞാന്‍ അവരെ' എന്ന കര്‍ണ്ണശപഥത്തിലെ പദം. ആകെ മൂേഡാഫായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
അങ്ങനെ കുറെകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന, കാര്യം വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ ഇനിയും ഇവിടെ എത്താമെന്ന ഉറേപ്പാടെ മലയിറക്കം. പ്രപിതാമഹനോട് ഉപചാരം- പോയിവരാമെന്ന്.
മടക്കത്തില്‍ ചുണ്ടില്‍ കാളിദാസന്റെ 'കുമാരസംഭവം' തത്തിക്കളിച്ചു. ആ 'കാവ്യഭാവനയെ കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യത്തിന്' മുന്നില്‍ എന്റെ സാഷ്ടാംഗ നമസ്‌കാരം!