മസ്ജിദുല്‍ഹറമിലെ പുണ്യസ്ഥാനങ്ങള്‍

Posted on: 23 Sep 2008


1. വിശുദ്ധ കഅ്ബ: അല്ലാഹുവിന്റെ ഭവനമായ കഅ്ബക്ക് ചുറ്റുമാണ് ഥവാഫ് ചെയ്യുന്നത്. കഅ്ബയുടെ വ്യത്യസ്ത മൂലകള്‍ താഴെ പറയുന്നു: ഹജറുല്‍ അസ്‌വദ്: കഅ്ബയുടെ ചുമരില്‍, ഥവാഫ് ആരംഭിക്കുന്ന മൂലയില്‍ അരക്കിട്ടുറപ്പിച്ച ഒരു കല്ലാണിത്. ഇത് ചുംബിച്ചതിനുശേഷമോ ഇതിലേക്ക് തിരിഞ്ഞ് ദൂരെനിന്ന് കൈകൊണ്ട് ആംഗ്യംകാണിച്ചിട്ടോ ആണ് ഓരോ ഥവാഫും ആരംഭിക്കേണ്ടത്. സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ശിലയാണ് ഹജറുല്‍ അസ്‌വദ്. റുക്‌നുല്‍ഇറാഖി: ഇറാഖിന്റെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു. റുക്‌നുശ്ശാമി: സിറിയയുടെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു. റുക്‌നുല്‍യമാനി: തെക്ക്പടിഞ്ഞാറ് മൂല. ഇത് യമനിന്റെ ദിക്കിലേക്കായി സ്ഥിതിചെയ്യുന്നു. 2. മുല്‍തസം: ഹജറുല്‍ അസ്‌വദിന്റെയും കഅ്ബാ കവാടത്തിന്റെയും ഇടയിലുള്ള സ്ഥലമാണിത്. ഇവിടെ വെച്ച് പ്രാര്‍ത്ഥിക്കല്‍ സുന്നത്താണ്.

3. ഹഥീം (ഹിജ്ര്‍ ഇസ്മാഈല്‍): കഅ്ബയോട് ചേര്‍ന്ന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇത് കഅ്ബയില്‍ പെട്ടതാകുന്നു.

4. മീസാബുര്‍ റഹ്മത്: ഹഥീമില്‍ കഅ്ബയുടെ മുകളില്‍ നിന്ന് വെള്ളംവീഴുന്ന സ്വര്‍ണപ്പാത്തി.

5. മഖാമു ഇബ്‌റാഹിം: കഅ്ബ നിര്‍മാണസമയത്ത് ഇബ്‌റാഹിംനബി (അ) കയറിനിന്ന കല്ല്. കഅ്ബയുടെ വാതിലിന് മുന്‍ഭാഗത്താണ് ഇത്.

6. ബാബുസ്സലാം: മസ്ജിദുല്‍ ഹറമിലെ ഒരു വാതില്‍. ആദ്യ പ്രവേശനം ഇതിലൂടെയാകല്‍ പ്രത്യേക സുന്നത്തുണ്ട്. ഈ വാതില്‍ സ്വഫാമര്‍വയുടെ പുറം ചുമരിനിടയിലാണ്.

7. സ്വഫാ: കഅ്ബയുടെ കിഴക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇവിടെനിന്നാണ് സഅ്‌യ് തുടങ്ങുന്നത്.

8. മര്‍വ: കഅ്ബയുടെ വടക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയാണ് സഅ്‌യ് അവസാനിക്കുന്നത്.

9. മസ്ആ: സ്വഫാമര്‍വ കുന്നുകള്‍ക്കിടയില്‍ സഅ്‌യ് നടത്തേണ്ട സ്ഥലം.

10. മീലൈനി അഖഌറെന്‍: സ്വഫാമര്‍വയില്‍ സഅ്‌യ് നടത്തുമ്പോള്‍ പുരുഷന്മാര്‍ വേഗതയില്‍ നടക്കേണ്ടതിനായി പച്ച ചായമടിച്ച രണ്ട് തൂണുകള്‍.

11. സംസം: മസ്ജിദുല്‍ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കിണര്‍. ഇതിലെ വെള്ളം കുടിക്കുന്നതുകൊണ്ട് വളരെ അധികം പ്രതിഫലമുണ്ട്. രോഗശമനങ്ങള്‍ക്കും മറ്റു ഉദ്ദേശ്യ സാഫല്യങ്ങള്‍ക്കും നിയ്യത്ത്‌ചെയ്ത് സംസംവെള്ളം കുടിക്കുന്നത് നല്ലതാണ്.



MathrubhumiMatrimonial