അല്ലാഹുവിന്റെ മഹത്വം

Posted on: 22 Sep 2008

പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍



സപ്തവാക്യങ്ങളെ സമഞ്ജസമായി രൂപപ്പെടുത്തിയവനാണ് അല്ലാഹു. കാരുണ്യവാനായ അവന്റെ സൃഷ്ടിപ്പില്‍ ഒരു വൈരുദ്ധ്യവും നിനക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല. വീണ്ടും നോക്കുക. എന്തെങ്കിലും അസാംഗത്യം നീ കാണുന്നുവോ? വീണ്ടും നോക്കൂ, വിവശമായും നിഷ്ഫലമായും നിന്റെ ദൃഷ്ടി നിന്നിലേക്കുതന്നെ മടങ്ങും. (വി. ഖു: 67:4,5)

പ്രാപഞ്ചികപ്രതിഭാസങ്ങളെ യഥാവിധി ക്രമീകരിച്ചു നിയന്ത്രിക്കുകയാണ് അല്ലാഹു. പ്രപഞ്ചത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മനുഷ്യര്‍. അവരുടെ ഭാഗഭാഗിത്വം സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഉണര്‍ത്തലുകളാണ് ആരാധനകള്‍. വയറെരിയുമ്പോള്‍ ഉയരുന്ന ആവശ്യം നിരാകരിക്കാന്‍ വയറിന്റെ ഉടമയെത്തന്നെ സജ്ജമാക്കുന്നു. കൂട്ടത്തില്‍ അനേകായിരം വയറുകളുടെ പൊതു അവസ്ഥയവനെ തെര്യപ്പെടുത്തുന്നു. ഇതിലൂടെ ഒരു നിയന്ത്രിതമനുഷ്യന്‍ ജനിക്കുന്നു. ഇങ്ങനെയുള്ള മനുഷ്യകൂട്ടങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച സംഭാവനകള്‍ ശ്ലാഘനീയങ്ങളായിരിക്കും.

മാനവസമൂഹത്തിന്റെ ചുമതലാബോധവും അവരുടെ ഇടപെടാനുള്ള കര്‍മ്മശേഷിയും വ്രതം വര്‍ധിപ്പിക്കുന്നു. തീര്‍ച്ചയായും ഏറെ സൂക്ഷ്മശാലിയായ സ്രഷ്ടാവ്, എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങളുമെന്നപോലെ കര്‍മ്മങ്ങളും എത്ര മനോഹരമായി സംവിധാനിച്ചിരിക്കുന്നു. നാം കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു. എല്ലാം എത്ര മനോഹരമായിരിക്കുന്നു. റോസാദളത്തിന് സൗന്ദര്യം നല്‍കിയവന്‍, സൂര്യചന്ദ്രന്മാര്‍ക്ക് മികച്ച ഭംഗിയും നിര്‍ണ്ണിത ഭ്രമണപഥവും നല്‍കിയവന്‍, മാനവസമൂഹത്തിനും മികച്ച സഞ്ചാരപഥം നിശ്ചയിച്ചു തന്നു. എന്തിനെന്നാല്‍ അവനും അവനിലൂടെ ലോകവും ഐശ്വര്യം പ്രാപിക്കാന്‍. നമ്മുടെ പാദസഞ്ചലനങ്ങള്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ അരാജകത്വങ്ങള്‍ക്ക് കാരണമാവും.

വൈരുദ്ധ്യത്തിലെ വൈവിധ്യങ്ങളെയല്ല മതം വരച്ചുകാണിച്ചിട്ടുള്ളത്. വൈവിധ്യങ്ങളിലെ സമാനതകളെയാണ്. ഏതൊരു സൃഷ്ടിയിലും അടങ്ങിയിരിക്കുന്ന അനേകം സമാനതകള്‍. എന്നാല്‍, പ്രകടമായി കാണുന്ന വൈരുദ്ധ്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ പലപ്പോഴും കലഹങ്ങള്‍ തീര്‍ക്കും. തങ്ങളെ ഒന്നിപ്പിച്ചതും ഒന്നിപ്പിക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെ അവര്‍കാണുന്നില്ല. ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് കീഴടങ്ങാനുള്ള ഉള്‍പ്രേരണയാണ് സൃഷ്ടിപ്രതിഭാസങ്ങളില്‍ അടങ്ങിയിരിക്കുന്നത്. കടല്‍ജലത്തില്‍ അടങ്ങിയ ഉപ്പിന്റെ സൗന്ദര്യം സ്രഷ്ടാവിന്റെ ആസ്തിക്യപ്രഖ്യാപനവും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തിന്റെ സാക്ഷ്യവുമാണ്. വ്രതം കേവലം നിരാഹാരത്തില്‍ ഒതുങ്ങുന്ന ഒന്നല്ല.

നമസ്‌കാര സമയം: സുബ്ഹി - 5.02, ളുഹര്‍ - 12.28,
അസര്‍ - 3.38, മഗ്‌രിബ് -6.37, ഇശാഅ് - 7.44




MathrubhumiMatrimonial