അധ്വാനവും ആരാധനയും

Posted on: 22 Sep 2008

ടി. ആരിഫലി



''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ലവാക്ക് പറയുകയും ചെയ്യുക.'' (ഖുര്‍ആന്‍: അന്നിസാഅ്-5)
മനുഷ്യന്റെ ഭൗതിക ജീവിതത്തിന്റെ അച്ചുതണ്ടാണ് ധനം. ജീവിതോപാധിയെന്നനിലയില്‍ ധനം സമാഹരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യമാണ്. വെള്ളിയാഴ്ചദിവസം ജീവിതവ്യവഹാരങ്ങള്‍ക്കായി അത്യധ്വാനം ചെയ്യുന്നതിനിടയില്‍, മധ്യാഹ്നസമയത്ത് ദൈവസ്മരണയില്‍ മുഴുകുന്നതിന് പള്ളിയില്‍ സന്നിഹിതരാകണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. അതേസമയംതന്നെ നമസ്‌കാരം കഴിഞ്ഞാല്‍ ധൃതിയില്‍ തിരിച്ചുചെന്ന് അധ്വാനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ആരാധനയെയും അധ്വാനത്തെയും ഒരേ ചരടില്‍ ഇവിടെ കോര്‍ത്തിണക്കുകയാണ് ഖുര്‍ആന്‍.
ധനത്തെ ഖുര്‍ആന്‍ 'ഖൈര്‍' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നന്മയെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ദാരിദ്ര്യത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേയെന്നത് നബി (സ) യുടെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ രണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ ധനം ആവശ്യമാണ്. സക്കാത്തും ഹജ്ജുമാണ് ആ ആരാധനകര്‍കങ്ങള്‍. ധനവും ആരോഗ്യവുമുള്ളവര്‍ക്ക് മാത്രമാണ് പരിശുദ്ധ 'മക്ക' സന്ദര്‍ശിച്ച് ഹജ്ജ് ചെയ്യുവാന്‍ ബാധ്യതയുള്ളൂ. ധനശേഷിയുള്ളവരോട് മാത്രമേ സക്കാത്ത് നല്‍കുവാനും ആവശ്യപ്പെട്ടിട്ടുള്ളൂ. മനുഷ്യരോട് അവരുടെ കഴിവില്‍പ്പെട്ടതുമാത്രമാണ് സൃഷ്ടാവ് കല്‍പ്പിച്ചിട്ടുള്ളത്. മനുഷ്യരാശിക്ക് പ്രയാസമല്ല, എളുപ്പമാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്.
ധനത്തോടുള്ള അധിതാത്പര്യം മനുഷ്യന്റെ ഒരു ചാപല്യമാണെന്നും അതില്‍നിന്ന് രക്ഷപ്രാപിക്കണമെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ധനത്തോടുള്ള അമിതമായ പ്രേമം ഏതൊരാളെയും ദൈവത്തെ ധിക്കരിക്കുവാന്‍ പ്രേരിപ്പിക്കും. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക ''തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥാനോട് നന്ദിയില്ലാത്തവനാണ്. ഉറപ്പായും അവന്‍തന്നെ ഈ നന്ദികേടിന് സാക്ഷിയാണ്. പണത്തോടുള്ള അവന്റെ കൊതി അതികഠിനം തന്നെ.'' (ഖുര്‍ആന്‍: അല്‍ആദിയാത്ത് 6-8). ധനം മുഖ്യവിഷയമാകുന്നതോടെ മനുഷ്യന്‍ ദൈവത്തോടും സമസൃഷ്ടികളോടും പുച്ഛവും പരിഹാസവും പ്രകടിപ്പിക്കുന്നു. ''കുത്തുവാക്ക് പറയുന്നവന് നാശം! അവഹേളിക്കുന്നവനും. അവന്‍ ധനം കുന്നുകൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനത്രേ. ധനം, തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു. (ഖുര്‍ആന്‍: അല്‍ ഹുമസഃ 1-3)
ധാരാളം ധനം നേടിയെടുക്കണമെന്ന ആഗ്രഹം, ധനം കുന്നുകൂട്ടുന്നതിനുള്ള മത്സരം, നേടിയെടുത്ത ധനത്തിന്റെപേരിലുള്ള അഹന്ത എന്നീ കാര്യങ്ങളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'തകാസുര്‍' (പരസ്​പരം പെരുമ നടിക്കല്‍) എന്നാണ്. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ടതായ ഗൗരവതരമായ ഉത്തരവാദിത്തത്തില്‍നിന്ന് മനുഷ്യനെ അശ്രദ്ധനാക്കുന്ന ദുര്‍ഗുണമാണ് ഇത്.
ദൈവം താത്കാലികമായി സൂക്ഷിക്കാനേല്‍പ്പിച്ച വസ്തു എന്ന നിലയ്ക്കാണ് സമ്പത്ത് കൈകാര്യം ചെയ്യേണ്ടതെന്നും അനാഥര്‍ക്കും അവശര്‍ക്കുമുള്ള അവകാശങ്ങള്‍ അതീവശ്രദ്ധയോടെ വകവെച്ചു നല്‍കണമെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.

നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.23, അസര്‍ - 3.39, മഗ്‌രിബ് -6.27,
ഇശാഅ് - 7.34




MathrubhumiMatrimonial