ഇരട്ട സന്തോഷം

Posted on: 22 Sep 2008

ടി.പി. അബ്ദുല്ലാക്കോയ മദനി



റംസാന്‍വ്രതത്തിന്റെ പുണ്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: നോമ്പുകാരന് രണ്ട് സന്തോഷാവസ്ഥകളുണ്ട്. അവ രണ്ടും അവര്‍ അനുഭവിക്കുന്നതാണ്. ഒന്ന്: നോമ്പുതുറന്നാല്‍ ഉണ്ടാവുന്നത്. രണ്ട്: തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പുമൂലം ലഭിക്കുന്നത് (ബുഖാരി - മുസ്‌ലിം).
ഒരു പകല്‍നേരത്തെ ഇടവേളയ്ക്കുശേഷം ദാഹവും വിശപ്പും ശമിപ്പിക്കാനുള്ള അവസരത്തില്‍ സന്തോഷം തോന്നാത്ത ആരുമുണ്ടാവില്ല. അതുകൊണ്ടുമാത്രമല്ല നോമ്പുതുറക്കുമ്പോള്‍ നമുക്കു സന്തോഷം തോന്നുക. കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ആയുസ്സിന്റെ ഏതാനും മണിക്കൂറുകള്‍ എല്ലാ തിന്മകളും പരിത്യജിച്ച് നന്മകളില്‍ മാത്രം മുഴുകിയിരിക്കുവാനുള്ള അവസരം ലഭിച്ചുവല്ലോ എന്നതാണ് ആ സന്തോഷത്തിന്റെ പ്രചോദകം. വാക്കിലും പ്രവൃത്തിയിലും മറ്റു വ്യവഹാരങ്ങളിലും വന്നുപോകുന്ന തിന്മകള്‍ പലപ്പോഴും അശ്രദ്ധമൂലമായിരിക്കും. ചിലപ്പോള്‍ സ്വന്തം ദുര്‍വിചാരങ്ങളെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വികാരങ്ങള്‍ക്കടിമപ്പെട്ടതുകൊണ്ടായിരിക്കും. ഈ വിധം സ്വയംനിയന്ത്രണമില്ലാത്ത മനുഷ്യര്‍ക്ക് വീണ്ടെടുപ്പിന്റെ കാലമാണ് നോമ്പ്. അത് പക്ഷേ, ആത്മാര്‍ഥതയോടെ അര്‍ഥവിചാരത്തോടെ ആയിരിക്കണം.
പ്രവാചകന്‍ പറഞ്ഞു: ''വ്യാജവാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവര്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിച്ച് നടക്കേണ്ട ഒരാവശ്യവും അല്ലാഹുവിനില്ല'' (ബുഖാരി). അപ്പോള്‍ ഒരു പകല്‍ മുഴുവനും ആത്മനിയന്ത്രണത്തോടെ പൂര്‍ണവിശുദ്ധിയില്‍ കഴിയാനവസരം ലഭിച്ചത് മഹാഭാഗ്യം തന്നെയാണ്. അതാണ് നോമ്പുകാരന് തുറവിയുടെ സമയത്ത് അനുഭവപ്പെടുന്ന അത്മസുഖം. തനിക്ക് അനുവദനീയമായ, തന്‍േറതായി തന്റെ മുമ്പിലുള്ള ആഹാരപാനീയങ്ങള്‍ ആഗ്രഹമുണ്ടായിട്ടുകൂടി ഉപേക്ഷിച്ചത് മറ്റാരെങ്കിലും തടസ്സം ചെയ്തതുകൊണ്ടല്ല. അല്ലാഹു പറഞ്ഞതുകൊണ്ടുമാത്രം. ഇങ്ങനെ വികാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുമ്പില്‍ അല്ലാഹുവിന്റെ താത്പര്യത്തിന് പ്രഥമസ്ഥാനം നല്‍കാനുള്ള അവസരം ലഭിച്ചത് എത്രമാത്രം ഭാഗ്യമാണ്. ഈ ഭാഗ്യം കൈവന്ന നോമ്പുകാരന്‍ ഓരോ നോമ്പു പൂര്‍ത്തിയാക്കി നോമ്പുതുറക്കുമ്പോഴും സന്തോഷിക്കാതിരിക്കില്ല.
ഇനി ഇതിന്റെയെല്ലാം പ്രതിഫലം വാങ്ങുന്ന പരലോകത്താണ് രണ്ടാമതൊരു സന്തോഷം നോമ്പുകാരനെ കാത്തിരിക്കുന്നത്. നബി (സ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു കവാടമുണ്ട്. റയ്യാന്‍ എന്നാണ് പറയുക. നോമ്പുകാരാണ് അതില്‍ക്കൂടി സ്വര്‍ഗപ്രവേശം നേടുക. നോമ്പുകാര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍പിന്നെ അത് അടയ്ക്കപ്പെടുന്നതാണ്. മറ്റാര്‍ക്കും അതില്‍ക്കൂടി പ്രവേശനമില്ല (ബുഖാരി - മുസ്‌ലിം). അപ്പോള്‍ നോമ്പുകാരന് ഇഹലോകത്തും പരലോകത്തും സന്തോഷം തന്നെയാണ്. ഇഹലോകത്ത് ആത്മനിയന്ത്രണശേഷി നേടി, അതുമൂലം ജീവിതത്തെ അര്‍ഥവത്താക്കാനുള്ള അവസരം ലഭിക്കുന്നു. പരലോകത്താവട്ടെ സ്വര്‍ഗവും.
ഈ ഇരട്ടഭാഗ്യം ലഭിക്കണമെങ്കില്‍ പക്ഷേ, നോമ്പു വെറും പട്ടിണിക്കാലമാക്കിത്തീര്‍ക്കരുത്. പാപങ്ങളില്‍നിന്ന് ഖേദിച്ചു മടങ്ങി ശിഷ്ടകാലങ്ങളില്‍ എല്ലാവിധ തിന്മകളില്‍നിന്നും സ്വയം നിയന്ത്രണം നേടി വിശുദ്ധി നിറഞ്ഞ പുതിയ ഒരു ജീവിതത്തിന്ന് തുടക്കം കുറിക്കാനുള്ള അപൂര്‍വാവസരമാണ്
റംസാന്‍.




MathrubhumiMatrimonial