വിവേകത്തിന്റെ മൂല്യം

Posted on: 22 Sep 2008

ഇ.ടി. മുഹമ്മദ് ബഷീര്‍



വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റംസാന്‍ നമ്മുടെ
മനസ്സുകളെ പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ സംസ്‌കരിക്കാന്‍ പരിശീലിക്കാനുള്ളതാണല്ലോ. മതത്തിന്റെ ഉദാത്തമായ മൂല്യങ്ങളെ കളങ്കപ്പെടുത്താന്‍ ചിലരെങ്കിലും തുനിഞ്ഞിറങ്ങിയ ഒരു കാലമാണിത്. മനുഷ്യനെ സൗഹാര്‍ദത്തിലും സ്നേഹത്തിലും ജീവിക്കാന്‍ പഠിപ്പിക്കുന്ന മതത്തെ ചിലര്‍ ഭീകരതയുടെ പരിവേഷമണിയിക്കുന്നു. മനശ്ശുദ്ധിയില്ലാത്തവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ കടുത്ത ശിക്ഷയുമാണുള്ളത് (മാഇദ 41). മതത്തില്‍ ബലപ്രയോഗമില്ല. പരിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത മതങ്ങളെപ്പറ്റി പറയുന്നു. ''നബിയെ പറയുക, അവിശ്വാസകളേ നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല, ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരുമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം (കാഫിറുന്‍ 1-6).
പരിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും നബിചര്യയും എടുത്ത് പരിശോധിച്ചാല്‍ ദയയ്ക്കും സൗഹൃദത്തിനും പരസ്​പര സഹകരണത്തിനും എന്തുമാത്രം പ്രാധനാ്യമാണുള്ളതെന്ന്
മനസ്സിലാകും. താനുമായി ചര്‍ച്ചയ്ക്കുവന്ന ക്രിസ്തീയ പുരോഹിതന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ സൗകര്യം ചെയ്തുകൊടുത്ത തിരുനബിയുടെ സ്വഭാവ മഹിമയില്‍ അഭിമാനം കൊള്ളേണ്ടവരാണ് വിശ്വാസികള്‍. വിശക്കുന്നവനും രോഗിക്കും അനാഥര്‍ക്കും അഗതിക്കും സഹായം ചെയ്യണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുമ്പോള്‍ മതപരമായ വേര്‍തിരിച്ചിലുകള്‍
പറഞ്ഞിട്ടില്ല. എന്തിനധികം മൃഗാദികളോടുപോലും ദയയോടെ പെരുമാറാന്‍ ഇസ്‌ലാം നിര്‍ബന്ധിക്കുന്നു. ഒരു വ്യക്തിക്ക് വാക്കുകൊണ്ട് അഭിമാനക്ഷതമുണ്ടാക്കുന്നതിനെപ്പോലും ഇസ്‌ലാം വിലക്കുന്നു. കളിയാക്കുന്നതിനെയും ദുഷിച്ച പേര് വിളിക്കുന്നതിനെയും വിലക്കുന്നു. ''ഗര്‍ഭാശയത്തില്‍ അവനുദ്ദേശിക്കുന്ന പ്രകാരം നിങ്ങളെ രൂപപ്പെടുത്തുന്നവന്‍'' എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം എത്ര മഹത്തരമാണ്. തറവാടിന്റെയും നിറത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും അധികാരത്തിന്റെയും പേരില്‍ ഹുങ്ക് നടിക്കുന്നവരെയാണ് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്തില്‍ ദൈവത്തിന്റെ സൃഷ്ടി ഏത് വിധമാകണമെന്ന് മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ചുതന്നെ ദൈവം തീരുമാനിക്കുന്നു. ഇവിടെ നാം അണിയുന്ന ഏതൊരു വേഷവും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ അല്ലാഹു നിയോഗിക്കും പ്രകാരമാണ്.
പിന്നെ എന്തിനാണ് അഹങ്കാരം കാണിക്കുന്നത്? നമ്മള്‍ എത്ര ഉന്നതരായിരുന്നാലും നമ്മുടെ കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലനായ ഒരാളെ നമ്മുടെ സ്ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മളെ കൊണ്ടുവരാനും അല്ലാഹുവിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ. നിങ്ങളെ ഉന്നത വ്യക്തിയാക്കുന്നത് ജന്മസിദ്ധമായ മാഹാത്മ്യം കൊണ്ടല്ല, മറിച്ച് കര്‍മസിദ്ധമാം മാഹാത്മ്യംകൊണ്ടുമാത്രമാണ് എന്നത് ഉജ്ജ്വലമായ ഇസ്‌ലാമിന്റെ സമീപനമാണ്.
യുദ്ധത്തില്‍പ്പോലും പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച മതമാണ് ഇസ്‌ലാം. നിരപരാധിയായ ഒരാളെ കൊന്നാല്‍ മനുഷ്യവര്‍ഗത്തെ ആകെ കൊന്നതിന് തുല്യമാകുമെന്ന് ഇസ്‌ലാം മുന്നറിയിപ്പ് നല്‍കുന്നു.



MathrubhumiMatrimonial