
കീടനാശിനി വേണ്ടേവേണ്ട; തേയിലക്കൊതുകിനെതിരെ വാസവന്റെ ഉറുമ്പുപട്ടാളം
Posted on: 02 Feb 2008

മാങ്ങാട്ടിടം പഞ്ചായത്തിലെ ആയിത്തറയിലാണ് വാസവന്റെ കൃഷിയിടം. മൊട്ടക്കുന്നായിരുന്ന മൂന്നേക്കര്‍ 16 സെന്റ് സ്ഥലം പ്രത്യേകം തട്ടുകളായി ഒരുക്കിയെടുത്താണ് ഇവിടെ അത്യുല്പാദനശേഷിയുള്ള സുലഭ കശുമാവിന്‍ തൈകള്‍ നട്ടത്. കശുമാവ് വെട്ടിമാറ്റി റബ്ബര്‍ നടുന്ന കാലത്ത് കശുമാവ് കൃഷിക്കിറങ്ങിയ വാസവനെ വിമര്‍ശിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു തൈകളുടെ വളര്‍ച്ച. ഇപ്പോള്‍ 190 കശുമാവുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ കണക്കനുസരിച്ച് അഞ്ചാംവര്‍ഷമാണ് വിളവെടുപ്പെങ്കിലും വാസവന് നാലാംവര്‍ഷംമുതല്‍ വിളവ് ലഭിച്ചുതുടങ്ങി.
രണ്ടുവര്‍ഷംമുമ്പ് കശുമാവുകള്‍ക്ക് ജൈവകീടനാശിനി തളിച്ചപ്പോള്‍ മരത്തിലെ ഉറുമ്പുകള്‍ നശിച്ചുപോയിരുന്നു. അന്ന് അതൊഴിവാക്കാന്‍ കുറച്ചു മരങ്ങള്‍ കീടനാശിനി തളിക്കാതെ മാറ്റിനിര്‍ത്തി. ചുവന്ന ഉറുമ്പുകള്‍ കൂടുകൂട്ടിയ ഈ മരങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും വിളവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉറുമ്പിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിലേക്ക് വാസവന്‍ തിരിയുന്നത്. കഴിഞ്ഞ വിളവെടുപ്പുകാലത്തേക്ക് 30 ശതമാനം മരത്തില്‍ ചുവന്ന ഉറുമ്പിനെ വിന്യസിച്ചു. പ്ലാസ്റ്റിക് ചരടുകെട്ടി ഉറുമ്പുകള്‍ക്ക് കശുമാവുകള്‍തോറും സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കി. ഉറുമ്പിനെ വിന്യസിച്ചതും അല്ലാത്തതുമായ 10 മരങ്ങള്‍ വീതം നിരീക്ഷിച്ച് താരതമ്യപഠനം നടത്തുകയും വളര്‍ച്ച, വിളവ് എന്നിവ രേഖപ്പെടുത്തുകയുംചെയ്തു. കഴിഞ്ഞ വിളവെടുപ്പില്‍ ഉറുമ്പില്ലാത്ത മരത്തില്‍നിന്ന് ഒരു മരത്തിന് 390ഗ്രാം വിളവുകിട്ടിയസ്ഥാനത്ത് ഉറുമ്പിനെ വിന്യസിച്ച മരത്തില്‍ ഒന്നിന് 5 കി.ഗ്രാം വരെ വിളവു ലഭിച്ചു. ഒരു കീടനാശിനിപോലും ഉപയോഗിക്കാതെയായിരുന്നു ഈ നേട്ടം. ഇപ്പോള്‍ 70 ശതമാനം കശുമാവില്‍ ഉറുമ്പിനെ വിന്യസിച്ചുകഴിഞ്ഞു.
പരാഗണത്തിനും ഉറുമ്പുകള്‍ സഹായകമാകുമെന്നും മറ്റു വിളകളിലും ഇവ പരീക്ഷിക്കാമെന്നും വാസവന്‍ പറയുന്നു. വാസവന്റെ തോട്ടത്തില്‍ ഉറുമ്പിനെ വിന്യസിക്കാത്ത മരങ്ങളില്‍ തേയിലക്കൊതുകിന്റെ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയംപൊയില്‍ കിഴക്കമ്പലത്ത്‌വീട്ടില്‍ എന്‍.വാസവന് കഴിഞ്ഞവര്‍ഷം കേന്ദ്ര കൃഷിവകുപ്പിന്റെയും ലാന്‍ഡ് യൂസ് ബോര്‍ഡിന്റെയും പ്രകൃതി വിഭവസംരക്ഷണ അവാര്‍ഡും ലഭിച്ചിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ പ്രദര്‍ശനത്തോട്ടമാണിന്ന് വാസവന്റെ തോട്ടം. 'സുലഭ' കശുമാവിന്റെ ഏറ്റവും വലിയ തോട്ടംകൂടിയാണ് ഇത്.
ഈ കീടനിയന്ത്രണരീതി ഫിബ്രവരി 4, 5 തീയതികളില്‍ പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടക്കുന്ന പ്രഥമ കര്‍ഷകശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. ഉറുമ്പിനെ വിന്യസിക്കാനും ഉല്പാദിപ്പിക്കാനുമുള്ള പ്രത്യേക രീതികള്‍ അവിടെ അവതരിപ്പിക്കുമെന്ന് വാസവന്‍ പറഞ്ഞു. ഇതിലൂടെ വിഷാംശമില്ലാത്ത കശുമാങ്ങ സംസ്‌കരണത്തിന് ലഭ്യമാക്കാന്‍ കഴിയുമെന്നും വാസവന്‍ പറയുന്നു.
