goodnews head

തെങ്ങിന്‍തോപ്പില്‍ നെല്‍കൃഷി- നാരായണന്‍ നമ്പൂതിരിക്ക് ഇത് വിജയകഥ

Posted on: 15 Sep 2008


കൊളച്ചേരി: വയല്‍ നികത്തല്‍ വ്യാപകമാവുകയും ഒഴിഞ്ഞ പറമ്പുകളില്‍ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ കൊളച്ചേരി കരുമാരത്തില്ലത്തെ തെങ്ങിന്‍തോപ്പുകളില്‍ നെല്‍കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് നാരായണന്‍ നമ്പൂതിരി. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി, വൃക്ഷത്തണലുകളില്‍ കൃഷിചെയ്യാന്‍ പറ്റിയ നെല്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് പന്നിയൂരിലെ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം ഇദ്ദേഹത്തിന്റെ തെങ്ങിന്‍തോപ്പാണ് തിരഞ്ഞെടുത്തത്.

അപൂര്‍വമായ 12 ഇനം നെല്‍വിത്തുകളാണ് നാരായണന്‍ നമ്പൂതിരി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയില്‍ പലതും കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും കുന്നിന്‍ചെരുവിലും മറ്റും കൃഷിചെയ്യുന്നവയാണ്. അന്തര്‍സാലി- ഊര്‍സാലി, അട്ടപ്പാടി ഇനമായ ഗുഡ്‌ഡേ, കറുത്ത നെല്ല്, ചോമാല, കരനവര, കൊയ്യാള, കല്ലടിയാരന്‍, കരുത്ത അടുക്കന്‍ എന്നിവ ഇതില്‍ ചിലത്.

വൃക്ഷത്തണലുകളില്‍ വിളയുന്ന നെല്ലില്‍ കള കുറവാണെന്നും പുഴുശല്യം കുറവാണെന്നും പറമ്പുകളില്‍ വെള്ളം കെട്ടിനില്‍ക്കാത്തതിനാലാണ് പുഴുശല്യം കുറയുന്നതെന്നും നമ്പൂതിരി പറയുന്നു. മണ്ണിര കമ്പോസ്റ്റ് വളവും കന്നുകാലി വളവും ഉപയോഗിച്ചുള്ള ജൈവകൃഷിയാണ് നമ്പൂതിരിയുടേത്. ഇതിനായി ഏഴ് പശുക്കളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. നെല്‍കൃഷി കൂടാതെ മുക്കാല്‍ ഏക്കറില്‍ ചേന, ചേമ്പ്, കൂവ, ഒന്നര മീറ്റര്‍ നീളത്തില്‍ വളരുന്ന പയര്‍, മമ്പയര്‍ എന്നിവയും കൃഷിചെയ്യുന്നു.

30 വര്‍ഷമായി നാരായണന്‍ നമ്പൂതിരി കൃഷിരംഗത്തുണ്ട്. അഞ്ചേക്കറില്‍ വരെ കൃഷിചെയ്തിരുന്നു. നെല്ല് കൊയ്താല്‍ പയര്‍കൃഷി എന്നതാണ് പതിവ്. മണ്ണിനെ സമ്പുഷ്ടമാക്കാനും കളയില്ലാതാക്കാനും പയര്‍കൃഷി സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി ഗവേഷണകേന്ദ്രത്തിലെ ഡോ.അബ്ദുള്‍കരിം, ഡോ.വി.തുളസി, എം.വി.പ്രേമരാജന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടക്കുന്നത്. ഇതോടെ പുനംകൃഷിക്ക് പഴയകാലത്തുതൊട്ടേ പേരുകേട്ട കൊളച്ചേരി പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് നാരായണന്‍ നമ്പൂതിരി.

 

 




MathrubhumiMatrimonial